മാതൃഭൂമി നടത്തുന്നത്‌ കോൺഗ്രസ്‌ പ്രചാരണം: എ പ്രദീപ്‌കുമാർ

തെരഞ്ഞെടുപ്പിൽ ജനവികാരം ഇടതുപക്ഷത്തിന്‌ അനുകൂലമാണെന്ന്‌ വന്നപ്പോൾ കോൺഗ്രസിനെ എങ്ങനെയെങ്കിലും കരകയറ്റാനാകുമോ എന്ന്‌ പരിശ്രമിക്കുകയാണ്‌ മാതൃഭൂമി പത്രമെന്ന്‌ എൽഡിഎഫ്‌ കോഴിക്കോട്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി സെക്രട്ടറി എ പ്രദീപ്‌കുമാർ പ്രസ്‌താവനയിൽ പറഞ്ഞു. നിഷ്‌പക്ഷമാണെന്ന്‌ ആവർത്തിച്ച്‌ അവകാശപ്പെടുന്ന മാതൃഭൂമി, അതിന്റെ വായനക്കാരെ കബളിപ്പിക്കുന്നതിന്‌ ഒന്നാംതരം തെളിവാണ്‌ തെരഞ്ഞെടുപ്പ്‌ അവലോകനമെന്ന മട്ടിൽ അവർ ഏപ്രിൽ 24–ന്‌ എഡിറ്റ്‌ പേജിൽ പ്രസിദ്ധീകരിച്ച നീണ്ട റിപ്പോർട്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട്‌ മണ്ഡലത്തെക്കുറിച്ച്‌ മാതൃഭൂമി ലേഖകന്റേതായി കൊടുത്ത കുറിപ്പിലെ നിഗമനങ്ങൾ അങ്ങേയറ്റം അടിസ്ഥാനരഹിതമായ കോൺഗ്രസ്‌ അനുകൂല പ്രചാരണമാണ്‌. ‘ജനവിധി യുഡിഎഫിന്‌ അനുകൂലമാകുമെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു’ എന്ന പരാമർശം എന്തിന്റെ അടിസ്ഥാനത്തിലാണ്‌? യുഡിഎഫ്‌ പ്രചാരകരല്ലാതെ ഏതു വിദഗ്‌ധരാണ്‌ യുഡിഎഫിന്‌ അനുകൂലമാകും ഫലമെന്ന്‌ പറഞ്ഞതെന്ന്‌ പ്രദീപ്‌കുമാർ ചോദിച്ചു. ചില സാമുദായിക സംഘടനകൾ യുഡിഎഫിന്‌ അനുകൂലമായി നിലപാട്‌ എടുത്തിട്ടുണ്ടെന്ന സൂചനയും അടിസ്ഥാനമില്ലാത്തതാണ്‌. അതേസമയം, എല്ലാ മുസ്‌ലിം സംഘടനകളും വർഗീയ ഫാസിസത്തെ ചാഞ്ചാട്ടമില്ലാതെ എതിർക്കുന്നവരെ പിന്തുണയ്‌ക്കണമെന്നാണ്‌ ആഹ്വാനം നൽകിയത്‌.

Also Read: ലോക്‌സഭാ തെരഞ്ഞെടുപ്പ്; തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍

വിദഗ്‌ധർ എന്ന്‌ പറഞ്ഞ്‌ ചില വ്യക്തികളെ കണ്ടുപിടിച്ച്‌ കൊണ്ടുവന്ന്‌ കോൺഗ്രസ്‌ സ്ഥാനാർഥിയെ വെള്ളപൂശാനും എൽഡിഎഫ്‌ സ്ഥാനാർഥിയെ ഇകഴ്‌ത്തിക്കാണിക്കാനുമാണ്‌ മാതൃഭൂമി ശ്രമിച്ചത്‌. മുസ്‌ലിം സംഘടനകൾ ഏകപക്ഷീയമായി യുഡിഎഫിന്‌ പിന്തുണ പ്രഖ്യാപിച്ചുവെന്ന്‌ അതിലൊരു വിദഗ്‌ധന്റെ പേരിൽ മാതൃഭൂമി പറഞ്ഞിട്ടുണ്ട്‌. മതന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തിന്‌ അനുകൂലമാകുമെന്ന ഭയംകൊണ്ടാണ്‌ ഇത്തരം തരംതാണ പത്രപ്രവർത്തനത്തിന്‌ മാതൃഭൂമി മുതിർന്നതെന്ന്‌ മനസ്സിലാക്കാൻ കഴിയും.

ഈ തെരഞ്ഞെടുപ്പിൽ ഉയർന്നുവന്ന ഗൗരവമായ രാഷ്ട്രീയ പ്രശ്‌നങ്ങളൊന്നും ചർച്ച ചെയ്യാനോ പരിഗണിക്കാനോ മാതൃഭൂമി തയാറായിട്ടില്ല. വാസ്തവത്തിൽ കേരളത്തിലാകെ വലിയ രാഷ്ട്രീയ പോരാട്ടമാണ് നടന്നത്. മാധ്യമങ്ങളുടെ വിശ്വാസ്യത ഇടിഞ്ഞതുകൊണ്ടാവാം, വിശ്വാസ്യതയുണ്ടെന്ന്‌ കരുതപ്പെടുന്നവരിൽ തങ്ങളുടെ അജണ്ടക്ക്‌ അനുകൂലമായി നിൽക്കുന്ന ചിലരെ മാതൃഭൂമി തെരഞ്ഞുപിടിച്ചത്‌. അവരാകട്ടെ, ഈ പ്രദേശവുമായോ നാട്ടുകാരുമായോ ബന്ധമില്ലാത്തവരും. ഇത്തരം മാധ്യമ അജണ്ടക്ക്‌ നിന്നുകൊടുക്കുന്നവർ സ്വന്തം വിശ്വാസ്യതകൂടി കളഞ്ഞുകുളിക്കുകയാണെന്ന്‌ മനസ്സിലാക്കിയാൽ നന്ന്‌.

Also Read: മലപ്പുറത്ത് കലാശക്കൊട്ടിൽ കോൺഗ്രസ് കൊടിക്ക് വിലക്ക്; സംഘർഷാവസ്ഥ കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

പതിനഞ്ചുവർഷം കോഴിക്കോട്‌ മണ്ഡലത്തെ പ്രതിനിധാനം ചെയ്‌ത കോൺഗ്രസ്‌ പ്രതിനിധി, മതനിരപേക്ഷതക്ക്‌ വെല്ലുവിളി ഉയർന്നപ്പോഴൊക്കെ പാർലമെന്റിൽ മൗനം പാലിച്ചുവെന്ന സത്യം ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിലയിരുത്തുന്ന പ്രധാന കാര്യമാണ്‌. മാത്രമല്ല, കോഴിക്കോടിന്റെ വികസനത്തിന്‌ പ്രയോജനപ്പെടുന്ന ഒരു പ്രധാന പദ്ധതിപോലും കൊണ്ടുവരാൻ കോൺഗ്രസ്‌ അംഗത്തിന്‌ കഴിഞ്ഞില്ലെന്നതും യുഡിഎഫിനെതിരെ വോട്ടർമാരെ ചിന്തിക്കാൻ പ്രേരിപ്പിച്ച ഘടകമാണ്‌. ഇതെല്ലാം മറച്ചുവെച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌ മാതൃഭൂമി പരിശ്രമിക്കുന്നത്‌. പത്രധർമത്തിൻ്റെയും മര്യാദയുടെയും എല്ലാ അതിരുകളും പത്രം ലംഘിച്ചു.

മാതൃഭൂമി പത്രം കുറച്ചുകാലമായി തുടർന്നുവരുന്ന ഇടതുപക്ഷ വിരുദ്ധ നിലപാട്‌ അറിയുന്നവർക്ക്‌ അവരുടെ തെരഞ്ഞെടുപ്പ്‌ അവലോകനം ഈ രീതിയിൽ വന്നതിൽ അത്‌ഭുതമില്ല. ഇത്തരം നേരും നെറിയുമില്ലാത്ത മാധ്യമ പ്രവർത്തനത്തിനും ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകും. ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളുടെ നുണ പ്രചാരത്തെ അതിജീവിച്ച് എൽ ഡി എഫ് സ്ഥാനാർഥി എളമരം കരീം നല്ല ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ഉറപ്പാണെന്നും പ്രദീപ്‌കുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News