തൃശൂർ ചെന്ത്രാപ്പിന്നി ചാമക്കാലയിൽ മിന്നൽ ചുഴലി. നിരവധി മരങ്ങൾ കടപുഴകി വീണു. രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ഇന്നു വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയിൽ ചുഴലികാറ്റ് ആഞ്ഞടിച്ചത്. മരങ്ങൾ വീണ് വൈദ്യുതി കമ്പികളും പൊട്ടിവീണ നിലയിലാണ്. ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനു സമീപത്തുള്ള പറമ്പിലെ തേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. എടവഴിപ്പുറത്ത് വീട്ടിൽ മുത്തുവിന്റെ ഓടിട്ട വീടിന് മുകളിലേക്കാണ് മരം വീണത്. തൊട്ടടുത്ത പള്ളത്ത് വീട്ടിൽ വിജയന്റെ ഓട് മേഞ്ഞ വീടിന് മുകളിലേക്ക് അയിനി മരം വീണ് വീട് ഭാഗികമായി തകർന്നു.
ചാമക്കാല നാലും കൂടിയ സെന്ററിന് കിഴക്ക് തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. എറികാട്ട് ഹരിയുടെ വീടിന് മുകളിലാണ് തെങ്ങ് വീണത്. സംഭവ സമയം വീട്ടുകാർ അകത്തുണ്ടായിരുന്നു വെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പനയ്ക്കൽ വീട്ടിൽ ഗിരിനാഥിന്റെ കാറിന് മുകളിലേക്ക് മരം വീണെങ്കിലും കേടുപാടുകൾ സംഭവിച്ചില്ല. വീടിന് മുന്നിൽ വെച്ചിരുന്ന വാട്ടർ ടാങ്ക് തകർന്നു. പുറക്കുളം നാസറിന്റെ പുരയിടത്തിലെ ഷീറ്റ് മേഞ്ഞ ഷെഡ്ഡ് പ്ലാവ് വീണ് തകർന്നു. ഇലഞ്ഞിമരം ഒടിഞ്ഞ് വീണ് കാളത്തേടത്ത് ഗോപിയുടെ ആട്ടിൻ കൂടിനും കേടുപാടുകൾ സംഭവിച്ചു. പലയിടത്തും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ് കിടക്കുന്ന നിലയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here