കരിവെള്ളൂരുകാരുടെയും കേരളത്തിൻ്റെയും മനസ്സിൽ ഇന്നും ജീവിക്കുന്ന എവി; സമരനായകൻ വിട പറഞ്ഞിട്ട് 43 വർഷം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു എന്ന സമരനായകൻ വിടപറഞ്ഞിട്ട് 43 വര്‍ഷം പിന്നിടുകയാണ്. കമ്മ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനുമായിരുന്നു അദ്ദേഹം ഓര്‍മ്മകള്‍ക്ക് മങ്ങലേറ്റ് തുടങ്ങിയ ഒരു തലമുറയുടെ കണ്ണുകളിലും മനസ്സുകളിലും ഹൃദയങ്ങളിലും ജീവിക്കുന്ന പോരാളിയാണ് എവി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എവി കുഞ്ഞമ്പു. അതേസമയം കരിവെള്ളൂരിന്റെ മണ്ണിൽ പിറന്നു വീഴുന്ന ഓരോ കുട്ടിക്കും അവരുടെ സഹജാവബോധത്തിന്റെ ഭാഗമെന്നോണം മനസ്സില്‍ എഴുതപ്പെടുന്ന പേരാണ് എവി എന്നത്.

ഒന്നാം വയസ്സില്‍ അച്ഛനും ആറാം വയസ്സില്‍ അമ്മയും നഷ്ടപ്പെട്ട കരിവെള്ളൂരിലെ അനാഥനായ ഒരു കുട്ടി സവര്‍ണ്ണ ഗൃഹങ്ങളില്‍ പുരാണേതിഹാസങ്ങള്‍ വായിച്ചു കൊടുത്തും, കാലിയെ മേച്ചും, കൃഷിപ്പണി എടുത്തും വഴി വക്കിലെ കാട്ടുചെടി പോലെ വളര്‍ന്നു. ഒരു നാട്ടിന്റെ സ്നേഹവും കരുണയും കൊണ്ട് ജീവന്‍ നിലനിര്‍ത്തിയ ആ കുട്ടി യുവാവായപ്പോള്‍ തന്റെ ജീവിതം തന്നെ സ്വന്തം നാടിനു സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ജീവിക്കാനായി ചെയ്യാത്ത ജോലികളില്ല. ആടാത്ത വേഷങ്ങളില്ല. സംഗീത നാടകത്തിലെ നടനായി. പാട്ടുകാരനായി.

Also Read : മാര്‍ക്ക്‌ലിസ്റ്റ് വിവാദം: ആര്‍ക്കിയോളജി വകുപ്പ് കോര്‍ഡിനേറ്റര്‍ക്കെതിരെ നടപടി; ഡോ. വിനോദ് കുമാര്‍ കൊല്ലോനിക്കലിനെ പദവിയില്‍ നിന്നും മാറ്റും

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതുന്ന സ്വാതന്ത്ര്യപ്പോരാളിയായി. 1928മെയ്യിൽ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ്സിന്റെ നാലാം സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തില്‍ പ്രതിനിധിയായ അദ്ദേഹം 1930ലെ പയ്യന്നൂര്‍ ഉപ്പു സത്യഗഹത്തില്‍ പങ്കെടുത്തു ജയിലിലായി. 1931ല്‍ കരിവെള്ളൂരില്‍ കോണ്‍ഗ്രസ് ഉണ്ടാക്കി അതിന്റെ പ്രസിഡന്റുമായി.

1932ല്‍ സിവില്‍ നിയമ ലംഘനത്തിന്റെ ഭാഗമായി കാടകം വന സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയതിനെത്തുടർന്ന് വീണ്ടും ജയിലിലായി. ബ്രിട്ടീഷ് പൊലീസിന്റെ മര്‍ദ്ദനത്തില്‍ പലപ്പോഴും മരണത്തെ മുഖാമുഖം കണ്ടു . 1946ല്‍ വിശക്കുന്ന കരിവെള്ളൂരിന്റെ മക്കള്‍ക്ക്‌ ഭക്ഷണം വേണമെന്ന ആവശ്യവുമായി കുണിയന്‍ പുഴക്കരെ ചിറക്കല്‍ കോവിലകം കടത്തിക്കൊണ്ടു പോകുന്ന നെല്ല് തടയാന്‍ വേണ്ടി ഓടിയെത്തിയ കരിവെള്ളൂരിലെ കൃഷിക്കാരുടെ സമരത്തിന്റെ നെടു നായകനായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനും ഭൂമിക്കും സമത്വത്തിനുമായുള്ള പോരാട്ടത്തില്‍ 8വര്‍ഷം ഒളിവിലും 8 വര്‍ഷം ജയിലിലും കഴിഞ്ഞു.

Also Read : കേരളത്തില്‍ കോഴികള്‍ക്ക് പ്രിയം കൂടുന്നു; ഇനി ‘ചില്ലറക്കാരല്ല’

1934 ഏപ്രില്‍ 13ന് ഭഗത് സിംഗ് ആശയങ്ങളാല്‍ പ്രചോദിതനായി കേരളത്തിലെ ആദ്യ യുവജന പ്രസ്ഥാനം അഭിനവ ഭാരത യുവക് സംഘം സ്ഥാപിച്ചു. 1935ല്‍ കരിവെള്ളൂരിൽ കര്‍ഷക സംഘത്തിന്റെ കേരളത്തിലെ രണ്ടാമത്തെ ഘടകം ഉണ്ടാക്കി. 1939ല്‍ പിണറായി പാറപ്രം കമ്മ്യുണിസ്റ്റ് പാര്‍ട്ടി സ്ഥാപക സമ്മേളനത്തില്‍ പങ്കാളിയായി. കയ്യൂരിലെ കൂക്കോട്ട് കർഷക സംഘത്തിന്റെ ആദ്യഘടകം രൂപീകരിക്കാൻ നേതൃത്വം നൽകിയ അദ്ദേഹം 1940 ൽ ചിറക്കൽ താലൂക്ക് കമ്യൂണിസ്റ്റ്‌ പാർട്ടി സെക്രട്ടറിയായിരിക്കേ, അണിയറയിലിരുന്ന് സപ്തംബർ 15 ന്റെ മൊറാഴ സമരത്തിന്റെ ഗതിക്രമം നിർണ്ണയിച്ചു. 1942 മുതൽ തിരുവിതാംകൂർ കമ്യൂണിസ്റ്റ്‌ പാർട്ടി സെക്രട്ടറിയായി ഒളിവിൽ പ്രവർത്തിച്ചു.

1942 മുതല്‍ പുന്നപ്രയിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയും മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപക സംഘാടകയുമായിരുന്ന കെ.ദേവയാനിയെ ജീവിതസഖിയായി കൂടെക്കൂട്ടി. സിപിഐഎം രൂപീകരിച്ചപ്പോൾ മുതൽ അതിന്റെ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. മൂന്നാം കേരള നിയമസഭയിലും നാലാം കേരള നിയമസഭയിലുമായി 9 വർഷം പയ്യന്നൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 1957-1958 കാലഘട്ടത്തിൽ രാജ്യസഭാംഗം ആയിരുന്നു. ഈ പദവികളിലൊക്കെ ഉണ്ടായിരുന്ന എവി 1980 ജൂണ്‍ 8 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ വച്ച് മരണത്തിനു കീഴടങ്ങുമ്പോൾ സമ്പാദ്യമായി കയ്യിലുണ്ടായിരുന്നത് വെറും 13 രൂപയായിരുന്നു.

Also Read : തലയ്ക്ക് വെടിയേറ്റ എട്ടു വയസ്സുകാരനുമായി പോയ ആംബുലന്‍സിന് തീയിട്ടു; കുട്ടിയും അമ്മയും ബന്ധുവും വെന്തുമരിച്ചു

ലോകത്ത് ധനവും അധികാരവും കൊണ്ട് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന ഒരാറെയും ഭയപ്പെടരുതെന്നും കമ്മ്യുണിസ്റ്റുകാര്‍ കഴുത്തു പോയാലും സ്വാഭിപ്രായങ്ങള്‍ മൂടിവെക്കരുതെന്നും നിര്‍ഭയത്വം എന്നെങ്കിലും ഒരിക്കല്‍ അംഗീകരിക്കപ്പെടുമെന്നും ലോകത്തോട് വിളിച്ചുപറഞ്ഞ എവിയുടെ ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല കരിവെള്ളൂരുകാരുടെയും കേരളത്തിൻ്റെയും മനസ്സിൽ എവി ഇനിയും ജീവിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News