ഒരു കൊമേഴ്ഷ്യൽ സിനിമയുടെ ചേരുവകളെല്ലാം ചേർന്ന വൈബ് സിനിമ – ഒറ്റ നോട്ടത്തിൽ അതാണ് അനോറ. എന്നാൽ ആഘോഷത്തിന്റെ പുറംമോടിയിൽ ഒളിപ്പിച്ചുവെച്ച കയ്പ്പേറിയ ചില യാഥാർഥ്യങ്ങൾ പറയുന്ന സിനിമയാണ് സീൻ ബേക്കർ സംവിധാനം ചെയ്തിരിക്കുന്ന ഈ അമേരിക്കൻ സിനിമ.
റഷ്യൻ-അമേരിക്കൻ യുവതിയായ അനോറയെന്ന സെക്സ് വർക്കർ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അവൾ ജീവിതത്തോട് കലഹിക്കാൻ അറിയുന്നവളാണ്. എന്നാൽ അവളുടെ ജീവിതം ഒരു സിൻഡ്രല്ല സ്റ്റോറിപോലെ മാറിമറിയുകയാണ്. തന്നെക്കാൾ പ്രായം കുറഞ്ഞ ഇവാൻ എന്ന ക്ലൈന്റിനെ അവൾ വിവാഹം കഴിക്കുന്നു. പണം വാരിയെറിയുന്ന അവനൊപ്പം സ്വപ്നതുല്യമായ ജീവിതം നയിക്കുന്നു. എന്നാൽ ധൂർത്തിനും തോന്നുന്നത് പ്രവർത്തിക്കുന്നവനുമായ ആ യുവാവിന്റെ മറ്റൊരു വിനോദം മാത്രമായിരുന്നു താൻ എന്ന് മനസ്സിലാക്കുമ്പോൾ അവൾ തകർന്നു പോകുന്നു.
ചിരിച്ച മുഖത്തോടെ നിൽക്കുമ്പോഴും ഉള്ളിൽ സങ്കടവും ദേഷ്യവും ഇരമ്പുന്ന അനോറയെ നമുക്ക് തുടക്കം മുതൽ തന്നെ കാണാൻ സാധിക്കും. വിവാഹാഭ്യർത്ഥന നടത്തുന്ന ഇവാനോട് തമാശ പറയരുത് എന്ന് പറയുമ്പോൾ അവളുടെ മുഖത്ത് നിരാശ നിറയുന്നത് കാണാം. ഒരു പ്രൗഢ നഗരത്തിൽ ജീവിക്കുമ്പോഴും ആ പ്രൗഢിയുടെ ഭാഗമാകാൻ കഴിയാതെ മറ്റുള്ളവരുടെ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കേണ്ടി വരുന്നവളുടെ നിരാശ.
ഉടനീളം തമാശയും സംഗീതവും ഒപ്പം ന്യൂയോർക്ക് നഗരത്തിൻ്റെ കണ്ണഞ്ചിപ്പിക്കുന്ന ചടുലതയും ചിത്രത്തിന് ഒരു ആഘോഷത്തിന്റെ നിറം നൽകുന്നു. പക്ഷേ അനോറ ഒരു നൊമ്പരമായി അവശേഷിക്കുന്നു. അമേരിക്കൻ നടി മിക്കി മാഡിസനാണ് അനോറയെ അവതരിപ്പിച്ചിരിക്കുന്നത്.
കാൻ ചലച്ചിത്ര മേളയിൽ പാം ഡി ഓർ പുരസ്കാരം ഉൾപ്പെടെ നിരവധി ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്കായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇരുപത്തിയൊൻപാതാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ഫെസ്റ്റിവൽ ഫേവറൈറ്റ്സ് വിഭാഗത്തിലാണ് അനോറ പ്രദർശിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here