ഏക സിവിൽ കോഡ്;രാജ്യത്ത് മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരാകാനുള്ള ശ്രമം, എ വിജയരാഘവൻ

ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്നത് രാജ്യത്ത് മുസ്ലീങ്ങളെ രണ്ടാം തരം പൗരൻമാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. സിപിഐഎം നിലപാടിന് ലഭിച്ച വർദ്ധിച്ച സ്വീകാര്യതയുടെ തെളിവാണ് സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ കുന്നരുവിൽ സി വി ധനരാജ് ഏഴാം രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിബി അംഗം എ വിജയരാഘവൻ.

ഓരോ തീരുമാനത്തിലും രാജ്യത്തെ എങ്ങനെ വർഗ്ഗീയവത്കരിക്കാം എന്നാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.കർണ്ണാടകയിൽ തോറ്റതിന് ശേഷമാണ് ഏക സിവിൽ കോഡിനെ പ്രധാന കാര്യമായി ബിജെപി ഉയർത്തിക്കാട്ടുന്നത്.ബിജെപി ഏക വ്യക്തിനിയമത്തെ കുറിച്ച് പറയുമ്പോൾ തന്നെ അത് മുസ്ലീം വിരുദ്ധമാണെന്ന് ഉറപ്പിക്കാമെന്ന് എ വിജയരാഘവൻ പറഞ്ഞു.

ഏകീകൃത സിവിൽ കോഡിൻ്റെ കാര്യത്തിൽ സിപിഐ എമ്മിന് അവ്യക്തതയില്ല. കമ്യൂണിസ്റ്റ് വിരുദ്ധർ അനാവശ്യ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.ഏക സിവിൽകോഡിനെതിരായ സമരത്തെ മുന്നിൽ നിന്ന് നയിക്കാനുള്ള സിപിഐഎം നിലപാടിന് ഇന്ത്യയിലാകെ അംഗീകാരം ലഭിച്ചു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ നിലപാടില്ലാത്ത കോൺഗ്രസ്സ് മോദിയെ എതിർക്കുന്നതിന് പകരം പിണറായിയെയാണ് എതിർക്കുന്നതെന്നും എ വിജയാഘവൻ പറഞ്ഞു.

ആർഎസ്എസ്സുകാർ കൊലപ്പെടുത്തിയ സിപിഐഎം പ്രവർത്തകൻ സിവി ധനരാജിന്റെ ഏഴാം രക്തസാക്ഷി ദിനം വിപുലമായ പരിപാടികളോടെയാണ് സിപിഐഎം ആചരിച്ചത്.ധനരാജ് മന്ദിരം കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും നടന്നു.പൊതുയോഗത്തിൽ സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി ജയരാജൻ,ടി വി രാജേഷ്,ടി ഐ മധുസൂതനൻ എം എൽ എ,സി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Also Read: മറുനാടന്‍ മലയാളിയും ഷാജന്‍റെ സ്വന്തം കോണ്‍ഗ്രസും, നേതാക്കള്‍ എതിര്‍ത്തിട്ടും നേതൃത്വം കൈവിടുന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News