‘മലയാളത്തെയും മലയാളിയെയും പുതുക്കിപണിത എംടിക്ക് ആദരാഞ്ജലി’: എ വിജയരാഘവൻ

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരേ അനുസ്മരിച്ച് എ വിജയരാഘവൻ. വാക്കുകളുടെ അനിഷേധ്യമായ ശക്തിയെ താളാത്മകമായി ഉപയോഗപ്പെടുത്താനുള്ള എം ടിയുടെ കഴിവ് സർവാദരണീയമാണ്. എഴുത്തിൽമാത്രമല്ല, സിനിമയിലും സാമൂഹ്യ ജീവിതത്തിലും സ്ഥാപന നടത്തിപ്പിലും എല്ലാം അദ്ദേഹം മുന്നോട്ടുവച്ച മാതൃക എക്കാലവും നിലനിൽക്കും എന്നും അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു.

Also read: മലയാളത്തിൻ്റെ പ്രാണൻ നിലച്ചുപോയ അനുഭവമാണിത്, നമുക്കിത് വിലാപ കാലം; വി മധുസൂദനൻ നായർ

അനുശോചന കുറിപ്പിന്റെ പൂർണ രൂപം :

മലയാളത്തിന്റെ എം ടി വിടവാങ്ങിയിരിക്കുന്നു. വലിയൊരു ശൂന്യതയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മലയാളിയുടെ സർഗ്ഗാത്മക പരിസരത്ത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മലയാളിയുടെ ലോകഭാവനയെ സ്വാധീനിച്ച മഹാപ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ. താൻ സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെ മാത്രമല്ല, തന്റെ വായനയിലൂടെ തെളിഞ്ഞു വന്ന ലോകകാഴ്ചപ്പാടിലൂടെയും മലയാളിയെ അദ്ദേഹം സ്ഫുടം ചെയ്തെടുത്തു.

മിത്തും പുരാണങ്ങളും തകർക്കപ്പെട്ട ജന്മിത്തവും കൊളോണിയലിസവും വിമോചനസ്വപ്നങ്ങളും എല്ലാം ചേർന്ന മലയാളിയുടെ ഭാവുകത്വത്തിന് പുതിയ അർത്ഥതലങ്ങൾ സംഭാവന ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. ജീവിത കാലമത്രയും മനുഷ്യസ്നേഹത്തിന്റെയും മതനിരപേക്ഷതയുടെയും വഴിയിൽ ഉയർന്ന ശിരസ്സുമായി മലയാളിയെ വഴിനടത്തി.

Also read: അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയ കാലം മുതൽ തന്നോടൊപ്പമുണ്ടായിരുന്ന എഴുത്തുകാരനാണ് എംടി, ചേതനയറ്റ ആ മുഖം കാണാൻ ആഗ്രഹിക്കുന്നില്ല; മധുപാൽ

വാക്കുകളുടെ അനിഷേധ്യമായ ശക്തിയെ താളാത്മകമായി ഉപയോഗപ്പെടുത്താനുള്ള എം ടിയുടെ കഴിവ് സർവാദരണീയമാണ്. എഴുത്തിൽമാത്രമല്ല, സിനിമയിലും സാമൂഹ്യ ജീവിതത്തിലും സ്ഥാപന നടത്തിപ്പിലും എല്ലാം അദ്ദേഹം മുന്നോട്ടുവച്ച മാതൃക എക്കാലവും നിലനിൽക്കും.

തുഞ്ചൻ സ്മാരകവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്നേഹവും സൗഹൃദവും വളരെക്കാലം അനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ച നിരവധി പേരിൽ ഒരാളാണ് ഞാനും. മലയാളത്തെയും മലയാളിയെയും പുതുക്കിപണിത എംടിക്ക് ആദരാഞ്ജലി. എല്ലാ മലയാളികളുടെയും ദുഃഖത്തിൽ നിറകണ്ണുകളോടെ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration