കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മൻചാണ്ടി വിട വാങ്ങുന്നതെന്ന് എ വിജയരാഘവൻ.കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുകയും , രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിക്കുന്ന പല ഇടപെടലുകളും നടത്തുകയും ചെയ്ത നേതാവാണ് ഉമ്മൻചാണ്ടി എന്നും അദ്ദേഹം പറഞ്ഞു. പ്രത്യയ ശാസ്ത്രപരമായ വിയോജിപ്പുകളുള്ളപ്പോഴും സൗഹൃദം നില നിർത്തുന്നതിൽ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു എന്നും എ വിജയരാഘവൻ കുറിക്കുന്നു .
എ വിജയരാഘവന്റെ വാക്കുകൾ
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവുമായിരുന്ന ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുന്നു. കേരളരാഷ്ട്രീയത്തിലെ ഒരു അധ്യായമാണ് ഇതോടെ അവസാനിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരിക്കൽ പോലും പരാജയം അനുഭവിക്കാതെ തുടർച്ചയായി 53 വർഷം ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടി നിയമസഭാ ചരിത്രത്തിലെ സുപ്രധാന ഏടാണ്. മൂന്ന് തവണ മന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായ അദ്ദേഹത്തിന്റെ ഭരണപാടവവും നയതന്ത്ര മികവും കേരളം കണ്ടതാണ്.
1970 മുതൽ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവമായിരുന്ന ഉമ്മൻചാണ്ടി അക്കാലം മുതൽ രോഗബാധിതനായ കാലം വരെയും സ്വന്തം ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപൃതനായിരുന്നു.
ഉമ്മൻചാണ്ടിയുടെ പല ഇടപെടലുകളും കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ നിർണായകസ്വാധീനം ചെലുത്തിയവയാണ്. യുഡിഎഫിന്റെ പല നയങ്ങളിലും നിലപാടുകളിലും ഉമ്മൻചാണ്ടിയുടെ ഇടപെടൽ കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ നിയന്ത്രിക്കുന്നവയായിരുന്നു. രാഷ്ട്രീയമായി ശക്തമായ വിയോജിപ്പുകളുള്ളപ്പോഴും വ്യക്തിപരമായ സൗഹൃദം സൂക്ഷിക്കുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.
കേരളീയ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മൻചാണ്ടി വിടവാങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പാർടിയുടെയും യുഡിഎഫിന്റെയും ദു:ഖത്തിൽ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.
also read:ഉമ്മൻചാണ്ടി വിടപറയുന്നു, ഹൃദയത്തിലേറ്റിയ പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീടില്ലാതെ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here