ഭോപ്പാല്‍: ഏഴ് വര്‍ഷത്തെ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്ന് ഉദ്യോഗസ്ഥ നേടിയ സ്വത്ത് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ലോകായുക്ത സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് (എസ്.പി.ഇ) ഉദ്യോഗസ്ഥര്‍. മധ്യപ്രദേശ് പൊലീസ് ഹൗസിങ് കോര്‍പറേഷനില്‍ കണ്‍സ്ട്രച്യുവല്‍ ഇന്‍ ചാര്‍ജ് അസിസ്റ്റന്റ് എഞ്ചിനീര്‍ ആയ, 30,000 രൂപ ശമ്പളം കൈപ്പറ്റുന്ന ഹേമ മീന എന്ന മുപ്പത്താറുകാരിയാണ് ചുരുങ്ങിയ കാലം കൊണ്ട് സ്വത്തുക്കള്‍ കുന്നുകൂട്ടിയത്.
കോടികളുടെ സ്വത്തുക്കളാണ് ഹേമ മീനയുടെ പക്കല്‍ നിന്നും സോളാര്‍ പാനല്‍ നന്നാക്കാന്‍ എന്ന വ്യാജേന എത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
ഏഴോളം ആഡംബര കാറുകളുള്‍പ്പെടെ 20 വാഹനങ്ങള്‍, 232 സെന്റ് വരുന്ന വസ്തുക്കള്‍, വിലയേറിയ ഗിര്‍ ഇനത്തില്‍ പെടുന്ന 24 പശുക്കള്‍, 98 ഇഞ്ച് വരുന്ന 30 ലക്ഷത്തിന്റെ ടിവി, നൂറ് നായ്ക്കള്‍, വൈര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റ്ം, മൊബൈല്‍ ജാമറുകള്‍, ഒരു കോടി വിലമതിക്കുന്ന വീട് എന്നിങ്ങനെ ഏഴ് കോടിയോളം വരുന്ന സ്വത്തുക്കളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. വ്യാഴാഴ്ച ഹേമയുടെ ബംഗ്ലാവില്‍ ഉള്‍പ്പെടെ മൂന്നിടങ്ങളിലായി ആണ് പരിശോധന നടന്നത്.
അച്ഛന്റെ പേരിലാണ് 20,000 ചതുരശ്ര അടി കൃഷിഭൂമി രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റെയ്‌സന്‍, വിദിഷ എന്നീ ജില്ലകളിലും ഇവര്‍ക്ക് വസ്തുക്കളുണ്ട്. പൊലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പണിയാനുള്ള സാമഗ്രികളും ഹേമ മീനയുടെ പക്കല്‍ നിന്ന് കണ്ടെത്തി. കൊയ്ത്ത് യന്ത്രം ഉള്‍പ്പെടെയുള്ള മെഷീനുകളും പിടിച്ചെടുത്തു.
ഹേമ മീനയുടെ പേരില്‍ കേസെടുത്തതായും മറ്റ് വകുപ്പുകളുടെ സഹായത്തോടെ പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം കൃത്യമായി നിര്‍ണയിക്കുമെന്നും ലോകായുക്ത എസ്.പി മനു വ്യാസ് പറഞ്ഞു. ഹേമയുടെ സ്വത്തുക്കളെക്കുറിച്ചുള്ള പരിശോധനകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here