‘വീണാ മേമിന്റെയടുത്ത് എങ്ങനെ നന്ദി പറയണം എനിക്ക്‌ അറിയില്ല, ഇങ്ങനെയായിരിക്കണം ഒരു മിനിസ്റ്റർ’; ആരോഗ്യമന്ത്രി വീണാ ജോർജിന് അഭിനന്ദനക്കുറിപ്പുമായി യുവതി

ആരോഗ്യമന്ത്രി വീണാ ജോർജിന് അഭിനന്ദനക്കുറിപ്പുമായി യുവതി. ദീപാ തച്ചേടത്ത് എന്ന യുവതിയാണ് തന്റെ ഭർത്താവിന്റെ ക്യാൻസർ ചികിത്സയ്ക്ക് സഹായിച്ചതിനും മന്ത്രിക്ക് നന്ദിയും അഭിനന്ദനവുമായി രംഗത്തെത്തിയത്.

തന്റെ ഭർത്താവിന്റെ ക്യാൻസർ നാലാം സ്റ്റേജിലേക്ക് എത്തിയപ്പോൾ അതിന് കാരണക്കാരായവർക്കെതിരെ ദീപ ഇട്ട ഫേസ്ബുക് പോസ്റ്റ് ശ്രദ്ധയിൽപെട്ടപ്പോഴാണ് മന്ത്രി ഇടപെട്ടത്. ഉടൻതന്നെ മന്ത്രി വിളിക്കുകയും ദീപയ്ക്ക് വേണ്ട എല്ലാ സഹായവും ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് ആർ സി സിയിൽനിന്നും വിവിധ മെഡിക്കൽ കോളേജുകളിൽനിന്നും ദീപയ്ക്ക് സഹായം ഉറപ്പ് നൽകിക്കൊണ്ടുള്ള വിളികൾ വന്നു. മന്ത്രി ഇടയ്ക്കിടെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കാറുണ്ടെന്നും ഒരു മിനിസ്റ്ററെ പോലെയല്ല അവര് സംസാരിക്കാറുള്ളതെന്നും ദീപ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇങ്ങനെ ഞാൻ പറയാൻ കാരണമുണ്ട്. ഇന്ന് ഞാനും എന്റെ ഭർത്താവും ജീവനോടെ ഇരിക്കുന്നത് ഇവർ കാരണമാണ്. എല്ലാമായിരുന്ന എന്റെ ഭർത്താവിനെ ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ അതും 4th സ്റ്റേജ് ആണെന്നറിഞ്ഞപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതായിരുന്നു. 4th സ്റ്റേജ് വരെ എത്തിച്ച മെഡിക്കൽ കോളേജ് ജീവനക്കാർക്കെതിരെ നടപടി എടുക്കാൻ വേണ്ടി ആയിരുന്നു എഫ് ബിയിൽ അതിനെ കുറിച്ചൊരു പോസ്റ്റ് ഇടണം, എന്നിട്ട് ഈ ലോകത്തോട് വിടപറയാം എന്ന് കരുതിയത്. അങ്ങനൊരു പോസ്റ്റ് ഇട്ട് മിനിറ്റുകൾക്കുള്ളിൽ വീണാ ജോർജ് വിളിക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ഒരു മന്ത്രിയെപ്പോലെ ആയിരുന്നില്ല അവർ എന്നോട് സംസാരിച്ചത്. സ്വന്തം സഹോദരിയെപ്പോലെ ആയിരുന്നു. ഒരുപാട് നല്ല ഉപദേശങ്ങൾ അവർ തന്നു. നീ ഒറ്റക്കല്ല നിന്നോടൊപ്പം ഞാൻ ഉണ്ട്, നിങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുതരാം എന്നും പറഞ്ഞു. അങ്ങനെ പറഞ്ഞെങ്കിലും ഒട്ടും വിശ്വാസം ഇല്ലായിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാം എന്നും പറഞ്ഞു. ഫോൺ കട്ട് ചെയ്ത് 10 മിനുട്ട് ആയപ്പോഴേക്കും ആർ സി സിയിൽ നിന്നും വിളിച്ചു. വീണ മേം ഞങ്ങളെ വിളിച്ചിരുന്നു, നിങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു. വേറെയും രണ്ട് മൂന്ന് മെഡിക്കൽ കോളേജിൽ നിന്നും വിളിച്ചു. വീണ മേം വിളിച്ചിരുന്നു എല്ലാ സഹായങ്ങളും ചെയ്തു തരാം ഇങ്ങോട്ട് വരാൻ താല്പര്യമുണ്ടോ ചോദിച്ചു. മെഡിക്കൽ കോളേജിലുള്ള എല്ലാ വിശ്വാസവും എനിക്ക്‌ നഷ്ടപ്പെട്ടത് കാരണം ഞാൻ താല്പര്യമില്ല എന്ന് പറഞ്ഞു. വീണ്ടും വീണ മേം വിളിച്ചു, എവിടെ ട്രീറ്റ്മെന്റ് എടുക്കാനാണ് താല്പര്യം എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു എനിക്ക്‌ എന്റെ ഏട്ടന് നല്ല ട്രീറ്റ്മെന്റ് കൊടുക്കണം എംവിആർ തുടരാനാണ് താത്പര്യമെന്ന്. പക്ഷെ അതിനുള്ള പണം ഞങ്ങടെ കൈയിൽ ഇല്ല. മേം പറഞ്ഞു നമുക്ക് വേണ്ടത് ചെയ്യാം ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു. ഇപ്പൊ എംവിആറിൽ ട്രീറ്റ്മെന്റ് നടക്കുന്നു. കഴിഞ്ഞ തവണ പോയപ്പോൾ ഡോക്ടർ 80 ശതമാനത്തിലധികം മാറ്റമുണ്ടെന്നും അടുത്ത രണ്ട് കീമോ കൂടി കഴിഞ്ഞ പൂർണമായും രോഗം മാറുമെന്നും പറഞ്ഞിട്ടുണ്ട്.

ഇതിനെല്ലാത്തിനും നന്ദി വീണ മേമിനാണ്. വീണ മേം തന്ന സപ്പോർട് ആണ് ഇന്ന് ഞങ്ങളുടെ വിജയം. എത്ര തിരക്കാണെലും ഇടക്ക് വീണ മേം വിളിച്ച് വിവരങ്ങൾ അന്വേഷിക്കാറുണ്ട്. ഒരു മിനിസ്റ്ററെ പോലല്ല അവർ സംസാരിക്കാറുള്ളത്. ഇന്ന് വരെ അവർ എന്നോട് ചോദിച്ചിട്ടില്ല നിങ്ങൾ ഏതാ പാർട്ടിയെന്ന്. പലപ്പോഴും പണത്തിന് അത്യാവശ്യം വന്ന് പലരുടെ മുൻപിൽ കൈ നീട്ടിയപ്പോഴും അവർ ചോദിച്ചു നിങ്ങൾ ഏതാ പാർട്ടി എന്ന്. വീണ മേംമിന്റടുത്ത് എങ്ങനെ നന്ദി പറയണം എന്നെനിക്ക് അറിയില്ല. ഒന്ന് ഞാൻ പറയുന്നു ഇങ്ങനെയിരിക്കണം ഒരു മിനിസ്റ്റർ. മിനിസ്റ്റർ എന്നതിലുപരി യഥാർത്ഥ മനുഷ്യൻ. ഈ നിറഞ്ഞ പുഞ്ചിരി എന്നും നിലനിൽക്കട്ടെ !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News