എലിയെ തുരത്താന്‍ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ സ്ഥാപിച്ച യന്ത്രം നീക്കം ചെയ്തു

ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എലിശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച യന്ത്രം നീക്കം ചെയ്തു. യന്ത്രങ്ങളില്‍ നിന്നുയരുന്ന ശബ്ദം ദേവതമാര്‍ക്ക് നിദ്രാഭംഗം ഉണ്ടാക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി പുരോഹിതര്‍ രംഗത്ത് വന്നതോടെയാണ് ക്ഷേത്രഭാരവാഹികള്‍ യന്ത്രം നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.

എലി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ ആലോചിച്ചാണ് യന്ത്രം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ജനുവരിയിലാണ് ഇവിടെ എലിശല്യം കണ്ടെത്തിയത്. ക്ഷേത്രത്തിലെ ജഗന്നാഥന്‍, ബാലഭദ്ര, സുഭദ്ര എന്നീ വിഗ്രഹങ്ങളില്‍ ധരിപ്പിച്ചിരുന്ന വസ്ത്രങ്ങള്‍ എലികള്‍ കരണ്ടതായി കണ്ടെത്തുകയായിരുന്നു. ഇതോടെ മരം കൊണ്ട് നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് എലി ഭീഷണിയാണെന്ന ആശങ്ക ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ് ഒരു ഭക്തന്‍ എലിയെ തുരത്തുന്ന യന്ത്രം ക്ഷേത്രത്തിലേക്ക് വാങ്ങി നല്‍കിയത്. ശബ്ദമുണ്ടാക്കി എലികളെ തുരത്തുന്ന ഈ യന്ത്രം ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ വയ്ക്കാനായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ തീരുമാനം.

എന്നാല്‍ യന്ത്രം പുറപ്പെടുവിക്കുന്ന ശബ്ദം ക്ഷേത്രത്തിലെ ദേവതമാര്‍ക്ക് നിദ്രാഭംഗം ഉണ്ടാക്കുന്നുവെന്നായിരുന്നു പുരോഹിതന്മാരുടെ പരാതി. ഇതേ തുടര്‍ന്ന് യന്ത്രം മാറ്റുകയായിരുന്നു. നേരത്തെ ശര്‍ക്കര ഉപയോഗിച്ച് കെണിവച്ച് എലിയെ പിടിച്ചിരുന്ന രീതിയിലേക്ക് മടങ്ങിയിരിക്കുകയാണ് ഭാരവാഹികള്‍. വിഷം വച്ച് എലികളെ കൊല്ലരുതെന്ന രീതിയാണ് കാലങ്ങളായി ഇവിടെ തുടര്‍ന്ന് വരുന്നത്. എലിവിഷത്തിന് പകരമാണ് ശര്‍ക്കര ഉപയോഗിച്ചുള്ള കെണി എലികളെ തുരത്താന്‍ ഇവിടെ ഉപയോഗിക്കുന്നത്. കെണിയില്‍ കുടുങ്ങുന്ന എലികളെയും കൊല്ലാറില്ല. ഇവയെ ക്ഷേത്രത്തിന് പുറത്ത് തുറന്നു വിടുകയാണ് പതിവെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News