ഓൺലൈൻ തട്ടിപ്പുകൾ പല രീതിയിലെത്തിയാണ് ജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നത്. സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ച് അവബോധമുള്ള യുവാക്കൾ വരെയാണ് തട്ടിപ്പിന് ഇരയായി കൊണ്ടിരിക്കുന്നത്. ഇങ്ങനെ കഴിഞ്ഞ ദിവസം മുംബൈയിലെ താനെയിൽ താമസിക്കുന്ന യുവാവിന് നഷ്ടപ്പെട്ടത് 37 ലക്ഷം രൂപയാണ്.
ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾ ലൈക്ക് ചെയ്യൽ ജോലി വഴി ലക്ഷങ്ങൾ സമ്പാദിക്കാൻ തുനിഞ്ഞ യുവാവാണ് ചതിക്കുഴിയിൽ പെട്ടത്. ബോളിവുഡ് താരങ്ങളടക്കമുള്ള പ്രശസ്തരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് വീട്ടിലിരുന്ന് ലൈക്ക് ചെയ്ത് പണം സമ്പാദിക്കാമെന്ന പരസ്യമാണ് യുവാവിനെ വീഴ്ത്തിയത്. ഒരു ലൈക്കിന് 70 രൂപവെച്ച് ദിവസം 3,000 രൂപ വരെ സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. വീട്ടിലിരുന്നു ലൈക്കടിച്ച് ചുളുവിൽ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന പദ്ധതിയാണ് യുവാവിനെ ആകർഷിച്ചത്. ജോലി തുടങ്ങി പ്രതിഫലം ഓൺലൈൻ വഴി ലഭിച്ചെങ്കിലും തുടർന്ന് നടന്ന ഇടപാടുകളിൽ യുവാവിന്റെ 37 ലക്ഷം രൂപയാണ് ജോലി നൽകിയവർ കബളിപ്പിച്ച് തട്ടിയെടുത്തത്.
ഒരു ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയുടെ പോസ്റ്റ് ലൈക്ക് ചെയ്തതിന് 210 രൂപ ലഭിച്ചിരുന്നുവെന്ന് യുവാവ് പറയുന്നു. ഇതിനുശേഷം ഒരു ക്രിപ്റ്റോ കറൻസി ഗ്രൂപ്പിലേക്ക് യുവാവിനെ ചേർത്തു. ഇതിൽ ക്രിപ്റ്റോകറൻസി വാങ്ങാനെന്നു പറഞ്ഞ് ഒരു തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ 9,000 രൂപ നിക്ഷേപിച്ചു. 9,980 രൂപ തിരികെ ലഭിച്ചു. സംഗതി കൊള്ളാമെന്ന് തോന്നിയ യുവാവ് കൂടുതൽ പണം നിക്ഷേപിക്കാൻ തുടങ്ങി. 30,000 രൂപ നിക്ഷേപിച്ചപ്പോൾ 8,208 രൂപയാണ് ലാഭമായി കിട്ടിയത്. ഇതിനു പിന്നാലെ വി.ഐ.പി. അക്കൗണ്ട് ലഭിച്ചു. ഇതിൽ വൻതുക നിക്ഷേപിക്കാൻ തുടങ്ങി. നിക്ഷേപം ലക്ഷങ്ങൾ കടന്നതോടെ ലാഭം കൂട്ടാൻ കബളിപ്പിക്കൽ സംഘം യുവാവിനെ പ്രോത്സാഹിപ്പിച്ചു. എന്നാൽ ലാഭം കിട്ടാൻ കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് യുവാവ് തിരിച്ചറിയുന്നത്. അപ്പോഴേക്കും 37 ലക്ഷം രൂപ ബാങ്കിൽ നിന്ന് പോയിരുന്നു. അങ്ങിനെയാണ് പൊലീസിനെ സമീപിക്കുന്നത്. സംഭവത്തിൽ സൈബർ കുറ്റകൃത്യത്തിനു കേസെടുത്ത് താനെ പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു; പരുക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here