ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. കിളിമാനൂർ പുളിമാത്ത് സ്വദേശി കിരൺ (21) ആണ് കഴക്കൂട്ടം പൊലീസിൻ്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദളിത് പെൺകുട്ടിയെ കഴക്കൂട്ടത്തെ ലോഡ്ജിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്. കഴക്കൂട്ടത്ത് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ പ്രതി ലോഡ്ജിലേക്ക് എത്തിച്ചത്.
തുടർന്ന് തിരിച്ചുപോകും വഴി പെൺകുട്ടിയും സുഹൃത്തുക്കളും സ്കൂട്ടർ മറിഞ്ഞ് അപകടത്തിൽപ്പെട്ടു. ഇതിനെ തുടർന്ന് പെൺകുട്ടിയെ മെഡിക്കൽ കോളജിൽ ചികിൽസയ്ക്കായി പ്രതി എത്തിക്കുകയും തുടർന്ന് ചികിത്സയ്ക്കു ശേഷം ഇയാൾ തന്നെ പെൺകുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു.
ALSO READ: വനനിയമ ഭേദഗതി, കർഷകർക്ക് ദോഷകരമായതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; ജോസ് കെ. മാണി
എന്നാൽ ഇതിനിടെ, കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് പെൺകുട്ടിയോട് ബന്ധുക്കൾ വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. ഇതോടെ സംഭവത്തിൽ കേസെടുത്ത ചെങ്ങന്നൂർ പൊലീസ് പോക്സോ കേസാക്കി കേസ് കഴക്കൂട്ടം പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ പീഡനം നടന്നതായി തിരിച്ചറിഞ്ഞതോടെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാളുടെ ഫോണിൽ നിന്നും ഒട്ടേറെ പെൺകുട്ടികളുടെ നഗ്ന വീഡിയോകളും പൊലീസ് കണ്ടെത്തി. പോക്സോ കേസിന് പുറമേ എസ് സി, എസ് ടി വകുപ്പ് പ്രകാരവും കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here