‘ഈ മനുഷ്യനെ ഓർമയുണ്ടോ ?, വീണുപോയ കാലത്ത് മുന്നോട്ട് നടത്തിയവരെ അവർക്ക് മറക്കാനാകില്ല; ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി എഎ റഹീം എംപി

യുപിയില്‍ അധ്യാപികയുടെ വര്‍ഗീയ വിദ്വേഷ പ്രവൃത്തിക്ക് ഇരയായ കുഞ്ഞിന്‍റെ പിതാവിനൊപ്പമുള്ള ചിത്രവും ഹൃദയസ്‌പര്‍ശിയായ കുറിപ്പും പങ്കുവെച്ച് എഎ റഹീം എംപി. ‘ഈ ചിത്രത്തിലെ മനുഷ്യനെ ഓർമ്മയുണ്ടോ?. വാർത്തകൾ വരും പോകും. വാർത്തകളിലെ മനുഷ്യർ അവരെ നിസ്വാർഥമായി ചേർത്തുപിടിച്ചവരെ വീണ്ടും വീണ്ടും ഓർക്കും. വീണുപോയ കാലത്ത് ഒരു കൈ തന്നവരെ, നിസ്വാർഥമായി കൈപിടിച്ച് മുന്നോട്ട് നടത്തിയവരെ അവർക്ക് മറക്കാനാകില്ല.’ – എന്ന വരികളോടെയാണ് അന്ന് നടന്ന സംഭവത്തെക്കുറിച്ചും ഇര്‍ഷാദിന്‍റെ കുടുംബത്തിന് സിപിഐഎം നല്‍കിയ കൈത്താങ്ങിനെക്കുറിച്ചുമുള്ള കുറിപ്പ് എംപി പങ്കുവെച്ചത്. ഡൽഹി എകെജി ഭവനിൽ സിപിഐഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയ്‌ക്കും തനിക്കുമൊപ്പം കുട്ടിയുടെ പിതാവായ ഇര്‍ഷാദ് ഇരിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയാണ് എംപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

എഫ്‌ബി കുറിപ്പിന്‍റെ പൂര്‍ണരൂപം

ഈ ചിത്രത്തിലെ മനുഷ്യനെ ഓർമ്മയുണ്ടോ?
വാർത്തകൾ വരും പോകും..വാർത്തകളിലെ മനുഷ്യർ അവരെ നിസ്വാർഥമായി ചേർത്തുപിടിച്ചവരെ വീണ്ടും വീണ്ടും ഓർക്കും.വീണുപോയ കാലത്ത് ഒരു കൈ തന്നവരെ,നിസ്വാർഥമായി കൈപിടിച്ച് മുന്നോട്ട് നടത്തിയവരെ അവർക്ക് മറക്കാനാകില്ല.
ഇന്ന് ഡൽഹിയിൽ എ കെ ജി ഭവനിൽ നിന്നും പകർത്തിയ ചിത്രമാണിത്.സി പി ഐ(എം)പോളിറ്റ് ബ്യുറോ അംഗം സഖാവ് സുഭാഷിണി അലിയ്‌ക്കും എനിക്കുമൊപ്പം ഇരിക്കുന്ന ഈ മനുഷ്യനെ നിങ്ങൾക്ക് ഓർമ്മയുണ്ടോ?ഇർഷാദ് എന്നാണ് പേര്.ഉത്തർ പ്രദേശിൽ ഒരു
കുഞ്ഞിനെ ടീച്ചർ ഇതര മതസ്ഥനായ വിദ്യാർത്ഥിയെ കൊണ്ട് മുഖത്ത് അടിപ്പിക്കുന്ന വാർത്തയും ദൃശ്യവും ഓർമ്മയില്ലേ?മതനിരപേക്ഷ ഇന്ത്യയുടെ മുഖത്ത് ആഞ്ഞുപതിച്ച അനേകം പ്രഹരങ്ങളിൽ ഒന്ന് ഇർഷാദിന്റെ മകന്റെ കുഞ്ഞുമുഖത്താണ് പതിച്ചത്.
യു പി യിലെ മുർഷിദാ ബാദിൽ നിന്നും ഡൽഹിയെന്ന മഹാനഗരത്തിലേയ്ക്ക് ഇർഷാദ് ഇന്ന് വരുമ്പോൾ ഒരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു.സുഭാഷിണി അലിയെ കാണാൻ… വീട്ടിൽ തയ്യാറാക്കിയ ഒരു ടപ്പ നിറയെ അച്ചാറും,മനസ്സ് നിറയെ സ്നേഹവുമായി എ കെ ജി ഭവനിൽ സുഭാഷിണി അലിയെ തേടി ഇർഷാദ് എത്തുമ്പോൾ ഞാനും അവിടെയുണ്ടായിരുന്നു.
അന്ന് സംഭവം ഉണ്ടായ ഉടനെ സുഭാഷിണിയും,
ജോൺ ബ്രിട്ടാസ് എം പി യും മറ്റു
സി പി ഐ(എം)നേതാക്കളും ഇർഷാദിന്റെ വീട്ടിലേക്കെത്തിയിരുന്നു.അവരെ ചേർത്ത് പിടിച്ചു.വേറെയും ധാരാളം പേര് വന്നു,പോയി.എല്ലാവരുടെയും സന്ദർശനവും
പിന്തുണയും അവർക്ക് അന്ന് അമൂല്യമായിരുന്നു.
എന്നാൽ സഖാവ് സുഭാഷിണി അലിയും അവിടുത്തെ
സി പി ഐ(എം)സഖാക്കളും ഇപ്പോഴും ആ കുഞ്ഞിന്റെ വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കുന്നു.ആവശ്യമായതെല്ലാം ചെയ്യുന്നു.വാർത്തകൾ വരുന്നതിനും പോകുന്നതിനും അപ്പുറം വാർത്തകളിലെ മനുഷ്യരെ വിട്ടുപോകാത്ത രാഷ്ട്രീയ മനസ്സ്…സഖാവ് സുഭാഷിണി അലിയ്ക്ക് ഇപ്പോഴും ആ കുഞ്ഞിന്റെയും കുടുംബത്തിന്റെയും എല്ലാ കാര്യങ്ങളും അപ്ഡേറ്റെഡ് ആണ്.
സന്തോഷത്തോടെ ഇർഷാദ് ഞങ്ങളെ അയാളുടെ ഫോണിലെ ഗാലറിയിൽ നിന്നും ഒരു ചിത്രമെടുത്തു കാണിച്ചു,മകൻ ഇപ്പോൾ പഠിക്കുന്ന സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഫോട്ടോ.നമ്മുടെ രാജ്യത്തിന്റെ പതാകയും പിടിച്ചു അവന്റെ കൂട്ടുകാർക്കൊപ്പം യൂണിഫോമിൽ പരിപാടിയിൽ പങ്കെടുക്കുന്ന മനോഹരമായ ചിത്രം.അത് കാണിക്കുമ്പോൾ ഇർഷാദിന്റെ മുഖം ഞാൻ ശ്രദ്ധിക്കുകയായിയുന്നു..ഒരേ സമയം അഭിമാനവും,ആശ്വാസവും,പ്രതീക്ഷയും ആ മുഖത്ത്..
വർഗീയതയുടെ പ്രഹരമേറ്റ് ഒരു ഇരയും വീണുപോകരുത്.തലയുയർത്തി അഭിമാനത്തോടെ അതിജീവിക്കാൻ,അവർക്ക് ആത്മവിശ്വാസം നൽകാൻ നമുക്കെല്ലാം ഉത്തരവാദിത്വമുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News