ഇന്ത്യൻ വ്യോമയാന മേഖല നിയന്ത്രിക്കുന്നത് ‘3 മെൻ ആർമി ‘യാണെന്ന് ഭാരതീയ വായുയാൻ വിധേയകിന്മേലുള്ള ചർച്ചയിൽ പ്രതികരിച്ചു കൊണ്ട് എഎ റഹീം എംപി അഭിപ്രായപ്പെട്ടു. ബില്ലിൻ്റെ പേര് തന്നെ കേന്ദ്ര സർക്കാരിൻ്റെ സങ്കുചിത രാഷ്ട്രീയത്തിൻ്റെ തുടർച്ചയാണ്. ‘ഒരു രാഷ്ട്രം ഒരു ഭാഷ ഒരു സംസ്കാരം’ എന്ന മുദ്രാവാക്യത്തിലൂടെ രാജ്യത്തിൻറെ ബഹുസ്വരതയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യൻ വ്യോമയാന മേഖലയിൽ ഇന്ന് കേന്ദ്ര സർക്കാരിന് ഒരു നിയന്ത്രണവുമില്ല. ടാറ്റയും അദാനിയും ഇൻഡിഗോയും അടങ്ങുന്ന ‘3 മെൻ ആർമിയാണ് ‘ അത് നിയന്ത്രിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ എയർപോർട്ടുകളും ഇന്ന് അദാനിയുടെ കയ്യിലാണ്. വ്യോമഗതാഗതം ടാറ്റയുടെയും ഇൻഡിഗോയുടെയുടെയും അധീനതയിലുമാണ്.
Also Read; വായ്പകളിൽ ഇളവുകളുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ പ്രത്യേക ക്യാമ്പയിൻ
രാജ്യത്ത് എയർപോർട്ടുകളുടെ എണ്ണം കൂടുന്നുണ്ടെന്ന് മന്ത്രി പറയുമ്പോൾ അതിനേക്കാൾ വേഗത്തിൽ വിമാനയാത്ര നിരക്ക് വർദ്ധിക്കുന്നുവെന്ന് ബോധപൂർവ്വം മറച്ചുവെക്കുന്നു. സ്വകാര്യ കമ്പനികൾ അവർക്ക് തോന്നിയ രീതിയിൽ നിരക്ക് നിശ്ചയിക്കുമ്പോൾ സർക്കാർ വെറും നോക്കുകുത്തിയായി നിൽക്കുന്നു. ടാറ്റയും ഇൻഡിഗോയും പുതിയ വിമാനങ്ങൾ വാങ്ങിയതും പുതിയ വിമാനങ്ങൾക്ക് ഓർഡർ കൊടുത്തതുമാണ് സർക്കാരിൻറെ ഏറ്റവും വലിയ നേട്ടമെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. അവർ അവരുടെ പണത്തിന് വിമാനങ്ങൾ വാങ്ങിയത് എങ്ങനെ സർക്കാരിൻ്റെ നേട്ടമാവും? കോർപ്പറേറ്റ് ബോർഡ് റൂമിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ മന്ത്രി സഭയിൽ വന്ന് പറയുകയാണ് മന്ത്രി.
സാധാരണക്കാരുടെ പ്രശ്നങ്ങൾ സർക്കാരിനെ ബാധിക്കുന്നേയില്ല. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ അവസ്ഥ അതിദുഷ്കരമാണ്. അവധി ലഭിച്ചാലും ഉയർന്ന വിമാനയാത്ര നിരക്ക് കാരണം വീടുകളിലേക്ക് പോലും അവർക്ക് വരാൻ കഴിയുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കാര്യവും ഇതുപോലെ കഷ്ടമാണ്. ഓണത്തിനോ ദീപാവലിക്കോ പൊങ്കലിനോ വിമാന ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥയാണ് നിലവിൽ ജനങ്ങൾക്കുള്ളത്. വിമാന ടിക്കറ്റിന് നിയന്ത്രണ സംവിധാനം കൊണ്ട് വരാൻ സർക്കാരിന് ധൈര്യം ഉണ്ടോ? ഒരിക്കലും കഴിയില്ലെന്നും, കാരണം നിയന്ത്രണങ്ങൾ എടുത്ത് മാറ്റൽ നവ ഉദാരവൽക്കരണ നയത്തിൻ്റെ മന്ത്രമാണ്. മോഡി സർക്കാരിൻറെ പാതയും അത് തന്നെയാണ്. കണ്ണൂർ വിമാനത്താവളത്തിന് പോയിൻ്റ് ഓഫ് കോൾ സ്റ്റാറ്റസ് നൽകണമെന്നും, കേരളത്തിൻ്റെ ഒരുപാട് നാളായുള്ള ആവശ്യം കേന്ദ്ര സർക്കാർ അവഗണിക്കുന്നത് നിർത്തണമെന്നും എ എ റഹീം എംപി ബില്ലിന്മേലുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here