മലയാള സിനിമാ ചരിത്രത്തിലെ കോടി ക്ലബ്ബിൽ റെക്കോർഡ് സൃഷ്ടിച്ച് ബ്ലെസി ചിത്രം ആടുജീവിതം. ഒൻപത് ദിവസം കൊണ്ട് 100 കോടി കടന്ന് മഞ്ഞുമ്മൽ ബോയ്‌സിനേയും മോഹൻലാൽ ചിത്രങ്ങളെയുമാണ് ആടുജീവിതം പിന്നിലാക്കിയത്. കേരളത്തിൽ നിന്ന് 53.5 കോടിയും ഓവർസീസ് 46.5 കോടിയുമാണ് ചിത്രം നേടിയത്. പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ തന്നെ എക്കാലെത്തയും മികച്ച ബോക്സോഫീസ് കളക്ഷനാണ് ഇത്.
വലിയ വരവേൽപ്പാണ് ആടുജീവിതത്തിന് ബോക്സോഫീസിൽ ലഭിച്ചുകൊണ്ടിരുന്നത്. മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ ചിത്രം അൻപത് കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. യു കെ യിൽ മഞ്ഞുമ്മൽ ബോയ്സ് നേടിയ കളക്ഷൻ റെക്കോർഡും ആടുജീവിതം മറികടന്നിരുന്നു. 16 വർഷങ്ങൾ നീണ്ട ബ്ലെസിയുടെ കാത്തിരിപ്പും പ്രതീക്ഷയുമാണ് ആടുജീവിതം, അതിന് അദ്ദേഹത്തിന് റിസൾട്ട് ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്.
അതേസമയം, ആടുജീവിതത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ചിന്തയുണ്ടായിരുന്നുവെന്ന് പറഞ്ഞ ബ്ലെസി എന്നാൽ അത് ആടുജീവിതത്തിന്റെ തുടർച്ചയല്ലെന്നും, സൈനുവിന്റെ കഥ പറയണമെന്നായിരുന്നു ആഗ്രഹിച്ചതെന്നും വെളിപ്പെടുത്തി. നജീബിനായി കാത്തിരിക്കുന്ന സൈനുവിന്റെ കഥ പറയാൻ ആഗ്രഹിച്ചിരുന്നുവെന്നും, ആ ആശയം പലരോടും സംസാരിച്ചിരുന്നുവെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്ലെസി വ്യക്തമാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here