ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എതിര്‍ പക്ഷത്തെ ഇ ഡിയെ ഉപയോഗിച്ച് പിടിച്ചുകെട്ടാനുള്ള കേന്ദ്ര നീക്കം ചടുലമാവുകയാണ്. ആംആദ്മി എംപി സഞ്ജയ് സിംഗിന്‍റെ വീട്ടിലേക്കാണ് ഇപ്പോള്‍ ഇ ഡി എത്തിയിരിക്കുന്നത്. ദില്ലിയിലെ വസതിയിലാണ് ഇ ഡി പരിശോധന നടത്തുന്നത്. ദില്ലി മദ്യനയ അഴിമതി കേസിലാണ്
പരിശോധന.
കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ‘ന്യൂസ് ക്ലിക്ക്’ ഓൺലൈൻ മാധ്യമസ്ഥാപനത്തിന്‍റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥ, സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ന്യൂസ് ക്ലിക്ക് ഓഫിസിലും ഇവരുമായി സഹകരിക്കുന്ന മാധ്യമപ്രവർത്തകരുടെയുൾപ്പെടെ വസതികളിലും പൊലീസ് സ്പെഷൽ സെൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് ചോദ്യംചെയ്യലിനു വിളിച്ചു വരുത്തിയ ശേഷമാണു രാത്രി എട്ടരയോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ചൊവ്വ പുലർച്ചെ 6 മുതൽ 46 കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ, ലാപ്ടോപ് ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. ന്യൂസ് ക്ലിക്ക് ഓഫിസ് സീൽ ചെയ്തു. 9 വനിതാ മാധ്യമപ്രവർത്തകരെ ഉൾപ്പെടെ ചോദ്യം ചെയ്തുവെന്നാണു വിവരം. മുതിർന്ന മാധ്യമപ്രവർത്തകരായ അനുരാധ രാമൻ, സത്യം തിവാരി, അദിതി നിഗം, സുമേധാ പാൽ, സുബോധ് വർമ, എഴുത്തുകാരി ഗീത ഹരിഹരൻ, ഭാഷാ സിങ് തുടങ്ങിയവരുടെ ദേശീയതലസ്ഥാന മേഖലയിലെ വീടുകളിലും സാമൂഹിക പ്രവർത്തക തീസ്ത സെതൽവാദിന്റെ മുംബൈയിലെ വീട്ടിലും പരിശോധന നടന്നു.
മാധ്യമപ്രവർത്തകരായ ഉർമിലേഷ്, പരഞ്ജോയ് ഗുഹ താക്കുർത്ത, അബിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി, ചരിത്രകാരനും എഴുത്തുകാരനുമായ സൊഹൈൽ ഹാഷ്മി തുടങ്ങിയവരെയും ലോധി റോഡിലെ പൊലീസ് സ്പെഷൽ സെൽ ഓഫിസിൽ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് അനുവദിച്ചിരിക്കുന്ന ഔദ്യോഗിക വസതിയിലും പരിശോധനയുണ്ടായി. ഡൽഹി എകെജി ഭവനിലെ ഓഫിസ് ജീവനക്കാരന്റെ മകനും ന്യൂസ് ക്ലിക്കിലെ ഗ്രാഫിക് ഡിസൈനറുമായ സുമിത് കുമാർ ഇവിടെയാണു താമസിക്കുന്നത്. കിസാൻ സഭ ഉൾപ്പെടെയുള്ള പാർട്ടി സംഘടനകളും ഇവിടെയാണു പ്രവർത്തിക്കുന്നത്.
ALSO READ: അമ്മയുടെ വാക്കുകളെ ദുര്‍വ്യഖ്യാനം ചെയ്‌തെന്ന് ബിനീഷ് കോടിയേരി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here