വെള്ളപ്പൊക്കത്തിൽ കുടുങ്ങി ആമിർഖാനും വിഷ്‌ണു വിശാലും; ഒടുവിൽ രക്ഷകരായി ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റ്

ചെന്നൈ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ആമിർഖാനെയും വിഷ്‌ണു വിശാലിനേയും ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റ് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെ തന്റെ ദുരിതം വിവരിക്കുന്ന പോസ്റ്റ് വിഷ്ണു വിശാൽ എക്സിൽ പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്നാണ് താരത്തെ രക്ഷിക്കാൻ സർക്കാർ സേന എത്തിയത്.

‘വെള്ളം വീടിനുള്ളിലേക്ക് കയറിത്തുടങ്ങി. കാരപ്പാക്കത്ത് ജലനിരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിനു സിഗ്നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥ. വീടിന്റെ ടെറസിനു മുകളിൽ ഒരു മൂലയിൽ മാത്രമാണ് ഫോണിന് സിഗ്നൽ ലഭിക്കുന്നത്. ഞാനുൾപ്പടെയുള്ളവർക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലുള്ള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോവുകയാണ്’, എന്നാണ് വിഷ്ണു വിശാൽ കുറിച്ചത്.

ALSO READ: മലയാള സിനിമയ്ക്ക് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ തന്ന നടൻ, ഇന്ന് ജോസ് പെല്ലിശേരിയുടെ ഓർമദിനം

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തന്നെ രക്ഷപ്പെടുത്തി എന്ന വാർത്ത എക്‌സിലൂടെ തന്നെ വിഷ്‌ണു വിശാൽ പങ്കുവെച്ചപ്പോഴാണ് പങ്കുവെച്ച ചിത്രത്തിൽ നടൻ ആമിർഖാനെയും കാണാനായത്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആഴ്ചകൾക്ക് മുൻപാണ് ആമിർ ചെന്നൈ കാരപ്പാക്കത്തേക്ക് താമസം മാറ്റിയത്.

‘ഒറ്റപ്പെട്ടുപോയ ഞങ്ങളെപ്പോലുള്ളവരെ സഹായിച്ച ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന് നന്ദി. കാരപ്പാക്കത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനകം മൂന്ന് ബോട്ടുകൾ പ്രവർത്തിക്കുന്നത് കണ്ടു. ഇത്തരം പരീക്ഷണ സമയങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മഹത്തായ പ്രവർത്തനം അഭിനന്ദനാർഹമാണ്. അക്ഷീണം പ്രവർത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കും നന്ദി’, ആമിർഖാനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് വിഷ്ണു വിശാൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here