ഉമ്മൻചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്തി അബ്‌ദുൾ നാസർ മഅ്ദനി. തനിക്ക് വിഷമമുണ്ടായ കാലഘട്ടത്തിൽ സഹായം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും തനിക്ക് നീതി ഉറപ്പാക്കാൻ വേണ്ടി ഉമ്മൻചാണ്ടിയാണ് ഇടപെട്ടതെന്നും വേർപാടിൽ അതിയായ ദുഃഖം രേഖപ്പെടുത്തികൊണ്ട് അദ്ദേഹം പറഞ്ഞു.
എന്നാൽ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഇപ്പോഴുണ്ടായത് അത്യപൂർവ്വമായ വിധിയാണെന്നും പിതാവിനെ കാണാൻ പോകാമെന്ന പ്രതീക്ഷ മാത്രമായിരുന്നു തനിക്ക് ഉണ്ടായിരുന്നത്…പക്ഷേ അതിനപ്പുറമുള്ള വിധിയാണ് ഉണ്ടായത്, വിധി തന്നെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്…സംസ്ഥാന സർക്കാർ തനിക്ക് അനുകൂലമായ നിലപാടെടുത്തു…മനുഷ്യത്വപരമായ സമീപനമാണ് എല്ലാവരിൽ നിന്നും ഉണ്ടായത്…കെ സി വേണുഗോപാലിനും, വി എം സുധീരനും നന്ദി അറിയിക്കുന്നു മഅ്ദനി കൂട്ടിച്ചേർത്തു.
അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിൽ വൈകുന്നേരത്തോടെ എത്തിയ മഅ്ദനിക്ക് ആവേശകരമായ സ്വീകരണമാണ് തന്റെ ജന്മനാടായ അൻവാർശേരിയിലെത്തിയപ്പോൾ നൽകിയത്. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രീംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനി തിരിച്ചെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 5.45നാണ് മഅ്ദനി അൻവാർശ്ശേരിൽ എത്തിയത്. ദഫ്മുട്ടിന്റെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയാണ് പി.ഡി.പി പ്രവർത്തകരും നാട്ടുകാരും ബന്ധുക്കളും അടങ്ങുന്നവൻ ജനാവലി അദ്ദേഹത്തെ വരവേറ്റത്. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് അൻവാർശ്ശേരിയിൽ എത്തിയിരുന്നു.
വ്യാഴാഴ്ച 11.30 ഓടെ ബംഗളുരുവിൽ നിന്ന് വിമാനമാർഗമാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഭാര്യ സൂഫിയ മഅദനിയും മകൻ സലാഹുദ്ദീൻ അയ്യൂബിയുമടക്കം 13 പേർ കൂടെയുണ്ടായിരുന്നു.
കൊല്ലം ജില്ല വിട്ടുപോകരുതെന്ന ഉപാധിയിൽ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞദിവസം ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. 15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. ചികിത്സക്കായി വേണമെങ്കിൽ പൊലീസ് അനുമതിയോടെ കൊല്ലത്തിന് പുറത്തേക്ക് പോകാനും സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. വിചാരണ പൂർത്തിയായത് കണക്കിലെടുത്താണ് 2014 ജൂലൈ 11ന് പുറപ്പെടുവിച്ച ജാമ്യവ്യവസ്ഥ പരിഷ്‌കരിച്ച് ഉത്തരവിട്ടത്.
കിടപ്പിലായ പിതാവിനെ സന്ദര്‍ശിക്കാൻ ഏപ്രില്‍ 17ന് മഅ്ദനിക്ക് സുപ്രീംകോടതി മൂന്നുമാസത്തെ ജാമ്യ ഇളവ് നല്‍കിയിരുന്നു. എന്നാല്‍, സുരക്ഷാ ചെലവിനത്തില്‍ അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ 60 ലക്ഷം രൂപ ഒടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ യാത്ര ഒഴിവാക്കി. കോൺഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഇക്കാര്യത്തില്‍ ഇളവ് നൽകിയതോടെ ജൂൺ 26ന് അദ്ദേഹം ബംഗളൂരുവിൽനിന്ന് വിമാനമാർഗം കൊച്ചിയിൽ എത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ യാത്ര ചെയ്യാനായില്ല. ഒടുവിൽ പിതാവിനെ കാണാനാകാതെ ബംഗളൂരുവിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
Also Read: മഅ്ദനി ഇനി കേരളത്തില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here