സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഗണ്ണിച്ച് സമര്‍പ്പിച്ച വിശദാംശങ്ങള്‍ റിയാദ് ക്രിമിനല്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും വിധിപറയാന്‍ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിങ് തീയതി ഉടന്‍ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു.
സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ജയിലില്‍ കഴിയുകയാണ് റഹീം. കഴിഞ്ഞമാസം 17ന് പരിഗണിച്ച കേസ് ഈ മാസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ജയില്‍ മോചനത്തിനുള്ള ഉത്തരവ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കേസ് അടുത്ത തവണത്തേക്ക് നീട്ടിയത്.
സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ധനം കോടതി വഴി നല്‍കിയെങ്കിലും പബ്ലിക്ക് റൈറ്റ്‌സുമായി ബന്ധപ്പെട്ട കേസില്‍ തീര്‍പ്പുണ്ടാകാത്തതാണ് മോചന ഉത്തരവ് നീണ്ടു പോകാന്‍ കാരണം. മോചന ഉത്തരവ് വന്നാല്‍ അത് മേല്‍ക്കോടതിയും ഗവര്‍ണറേറ്റും അംഗീകരിക്കണം. ഇതിന് ശേഷമേ റഹീമിന് ജയില്‍ മോചിതനായി നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കു.
അതേസമയം പ്രതീക്ഷിച്ച വിധി അല്ല ഉണ്ടായതെന്നും അടുത്ത് തന്നെ പുതിയ തിയതി കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിയമ സഹായ സമിതി പ്രതികരിച്ചു. സാങ്കേതിക കാരണങ്ങളാലാണ് കേസ് മാറ്റിവച്ചതെന്നും എല്ലാം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമിതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here