ബോളിവുഡിന്‍റെ താരസിംഹാസനത്തില്‍ പ്രൗഢിയോടെ ഇരിക്കുമ്പോഴും അമിതാഭ് ബച്ചനെന്ന താരരാജാവ് കടക്കെണിയുടെ പടുകുഴിയിലേക്ക് വീണുപോയ ചരിത്രം പറഞ്ഞ് മകൻ അഭിഷേക് ബച്ചൻ. യുട്യൂബറായ രണ്‍വീര്‍ അലഹ്ബാദിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അഭിഷേക് ബച്ചൻ മനസ് തുറന്നത്. സിനിമാക്കഥപോലെ സംഭവഹുലമായ ഒരു ജീവിതമായിരുന്നു ബോളിവുഡിന്‍റെ പ്രിയപ്പെട്ട ‘ബിഗ് ബി’യുടേത്. കരിയറിന്റെ തുടക്കത്തിൽ ബച്ചൻ അഭിനയിച്ച മിക്ക സിനിമകളും ബോക്സോഫീസിൽ പരാജയമായിരുന്നു. ഈ സിനിമകളൊന്നും കാര്യമായ ചലനങ്ങളുണ്ടാക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തില്ല. എങ്കിലും പതിയെപ്പതിയെ സഹനടന്റെ വേഷത്തിലൂടെ ബച്ചൻ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. ഷോലെയിലെ ക്ഷുഭിതയൗവനത്തോടെ തലയെടുപ്പുമായി ബച്ചൻ തന്‍റെ ജൈത്രയാത്ര ആരംഭിച്ചു. ഇന്ത്യ മൊത്തം ആഘോഷിച്ച സിനിമയായിരുന്നു ഷോലെ. പിന്നീട് നായകനായ ഒട്ടുമിക്ക സിനിമകളും തിയറ്ററുകളിൽ നിറഞ്ഞോടി.
ഒരു കരിയറിന്‍റെ ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ അമിതാഭ് ബച്ചന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എബിസിഎല്‍) പാപ്പരായി. ഇത് ബച്ചന് വന്‍ തിരിച്ചടിയുണ്ടാക്കി. ഏകദേശം 90 കോടി രൂപയുടെ കടബാധ്യതയാണ് ബിഗ് ബിയുടെ പേരില്‍ വന്നത്. താരലോകം മറന്ന ഈ പ്രതിസന്ധി നിറഞ്ഞ കാലത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചന്‍. അന്ന് വിദേശത്തായിരുന്ന താന്‍ പഠനം നിര്‍ത്തി നാട്ടിലെത്തിയെന്നും ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള പണംപോലും കണ്ടെത്താന്‍ അച്ഛനായ അമിതാഭ് ബച്ചന്‍ വിഷമിച്ചിരുന്നുവെന്നും അഭിഷേക് പറയുന്നു.
ALSO READ; ബാലന്‍ ഡി ഓറിന് പുതിയ അവകാശി; ഫുട്‌ബോള്‍ രാജകുമാരനായി സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രി
‘ഞാന്‍ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലമായിരുന്നു അത്. അന്ന് എനിക്ക് പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് പോരേണ്ടി വന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എങ്ങനെ കണ്ടെത്തണം എന്നറിയാതെ അച്ഛന്‍ വിഷമിക്കുമ്പോള്‍ എനിക്ക് എങ്ങനെ ബോസ്റ്റണില്‍ സമാധാനത്തോടെ ഇരിക്കാനാകും? അത്രയും മോശമായിരുന്നു കാര്യങ്ങള്‍. അച്ഛന്‍ അത് പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. തന്റെ സ്റ്റാഫിന്റെ കൈയില്‍നിന്ന് വരെ പണം കടം വാങ്ങിയത് അന്ന് ഭക്ഷണത്തിനുള്ള വക അച്ഛന്‍ കണ്ടെത്തിയിരുന്നത്. ആ സമയത്ത് അദ്ദേഹത്തോടൊപ്പമുണ്ടാകേണ്ടത് എന്റെ കടമയാണെന്ന് എനിക്ക് തോന്നി. ഞാന്‍ അച്ഛനെ വിളിച്ച് ഞാന്‍ പഠനം നിര്‍ത്തി അങ്ങോട്ട് വരികയാണെന്ന് പറഞ്ഞു. അച്ഛനെ പറ്റാവുന്നതുപോലെ സഹായിക്കാമെന്നും കുറഞ്ഞത് നിങ്ങളുടെ മകനെങ്കിലും അരികിലുണ്ടല്ലോ എന്ന് ആശ്വസിക്കാലോ എന്നും പറഞ്ഞു.’-അഭിഷേക് അഭിമുഖത്തില്‍ പറയുന്നു.
ALSO READ; ഖാന്മാരെ വീണ്ടും ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ കാണാം! ആവേശത്തോടെ ബോളിവുഡ് പ്രേമികള്‍; ടീസര്‍ പുറത്ത്
അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അമിതാഭ് ബച്ചനും നേരത്തെ അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. കരിയറിലെ ഏറ്റവും മോശം അവസ്ഥയായിരുന്നു അതെന്നും കടം തന്നവര്‍ വീട്ടില്‍ വന്ന് അസഭ്യം പറഞ്ഞതും ഭീഷണിപ്പെടുത്തിയതും തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ലെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞിരുന്നു. ഇന്ന് 82ാം വയസിലും ചുറുചുറുക്കോടെ ആക്ഷൻ സീനുകൾ ചെയ്യുന്ന തിരക്കിലാണ് ബിഗ് ബി. അടുത്തിടെയിറങ്ങിയ കൽക്കി 2898 എഡി എന്ന ചിത്രത്തിൽ അശ്വത്ഥാമാവായെത്തി ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here