നിയമ ലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കുവൈറ്റിൽ നിന്നും നാടുകടത്തിയത് ഏകദേശം 35,000 പേരെയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃത താമസക്കാർ, വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, മറ്റു നിയമ ലംഘനങ്ങൾ നടത്തിയവർ ഉൾപ്പെടെ രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങൾ വഴി പിടിക്കപ്പെട്ടവരാണ് നാടുകടത്തപ്പെട്ടവർ.
രാജ്യത്തെ നിയമ ലംഘകരോട് ഒരു രീതിയിലുമുള്ള വിട്ടുവീഴ്ച പാടില്ലെന്ന തീരുമാനത്തിലാണ് അധികൃതർ. താമസ നിയമ ലംഘകർ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള സുരക്ഷാ പരിശോധനകൾ ഇപ്പോഴും രാജ്യവ്യാപകമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
പിടിക്കപ്പെടുന്ന നിയമ ലംഘകരെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി എംബസികളുടെ സഹായത്തോടെ തിരിച്ചയക്കുന്ന നടപടിക്രമങ്ങൾ ഇപ്പോൾ വേഗത്തിൽ നടന്നുവരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പിടികൂടപ്പെടുന്നവർക്ക് എല്ലാവിധ മാനുഷിക പരിഗണയും നൽകുന്ന കാര്യം മന്ത്രാലയം ഉറപ്പ് വരുത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
നിയമ ലംഘകരായി രാജ്യത്ത് തുടരുന്നവർക്ക് പിഴകൾ കൂടാതെ രാജ്യം വിടുന്നതിനും, താമസ രേഖ നിയമാനുസൃതമാക്കുന്നതിനും സർക്കാർ അനുവദിച്ച പൊതുമാപ്പ് കാലാവധിക്ക് ശേഷവും രാജ്യത്ത് തുടരുന്ന നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here