’67ൻ്റെ നിറവിൽ എൻ്റെ കേരളം’, വർഗീയ ശക്തികളെ വേരോടെ പിഴുതെറിഞ്ഞ ചരിത്രം, ഇന്ത്യയുടെ അഭിമാന സംസ്ഥാനം

ഇന്ന് കേരളത്തിന്റെ അറുപത്തിയേഴാം പിറന്നാൾ. ചരിത്രത്തിൽ പല പ്രതിസന്ധികളെയും പോരാടി വിജയിച്ച കേരളീയർക്ക് ഇത് ആ ഓർമകളുടെയും മുന്നോട്ടുള്ള കുതിപ്പിന്റെയും ആഘോഷമാണ്. കേരളത്തിന്റെ ജന്മദിനാഘോഷം കേരളീയം എന്ന പേരിൽ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷമായും തലസ്ഥാന നഗരിയിൽ ഇന്ന് മുതൽ അരങ്ങേറുകയാണ്.

പരശുരാമന്‍ മ‍ഴുവെറിഞ്ഞ വെറുമൊരു നാടല്ല കേരളം. രാജവംശങ്ങളുടെ കഥയുമല്ല കേരളത്തിന്റേത്. 1498ൽ വാസ്കോഡ ഗാമ കോഴിക്കോട്ട് കാലുകുത്തുമ്പോൾ കേരളം 90ൽപരം നാടുവാഴികളുടെ നാടായിരുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാംകൂറും കൊച്ചിയും മാത്രം. പിന്നെ ബ്രിട്ടീഷ് മലബാറും. സഹ്യ പര്‍വ്വതം, അറേബ്യന്‍ കടല്‍, 44 നദികള്‍, സ്വാഭാവികമായ മൺസൂൺ കാറ്റ്, സ്വാഭാവിക തുറമുഖങ്ങൾ, അപൂർവ സുഗന്ധദ്രവ്യങ്ങള്‍, പുരാതനകാലം തൊട്ട് അറേബ്യയുമായി പാശ്ചാത്യരാജ്യങ്ങളുമായി ബന്ധം, പല മതങ്ങള്‍, പല സംസ്കാരങ്ങള്‍, അതിന്‍റെ മനോഹരമായ സഹവര്‍ത്തിത്തം. ബഹുസ്വരതയുടെ നാടായി കേരളത്തെ അടയാളപ്പെടുത്തുമ്പോ‍ഴും ഈ കേരളമണ്ണിൽ ചൂഷണരഹിതമായ ഒരു സാമൂഹിക ക്രമമുണ്ടാക്കാൻ അവിസ്മരണീയമായ നവോത്ഥാന പേരാട്ടങ്ങൾ വേണ്ടിവന്നിരുന്നു. യുക്തി ചിന്തക്കതിഷ്ഠിതമായി ശ്രീനാരായണ ഗുരുവും അയങ്കാളിയും സഹോദരൻ അയ്യപ്പനും പൊയ്കയിൽ അപ്പച്ചനും ചട്ടമ്പിസ്വാമികളും തുടങ്ങി അനേകം മഹാമാനുഷികൾ കെട്ടിപ്പടുത്ത നവോഥാനം. ജന്മിത്തതെയും ജാതിവ്യവസ്തയെയും തച്ചുടച്ച വിപ്ലവ പോരാട്ടങ്ങൾ.

ALSO READ: ‘തിളങ്ങാൻ തലസ്ഥാനം’, കേരളീയം 2023ന് ഇന്ന് തുടക്കമാകും, മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കമൽഹാസൻ മമ്മൂട്ടി ഉൾപ്പെടെ പ്രമുഖർ

അത് കേരളത്തിൽ നിലനിന്ന ജാതി ബോധങ്ങളെ തകിടം മറിച്ചു. അതിന്‍റെ തുടർച്ചയെന്നോണം തൊ‍ഴിലാളികളും കർഷകരും തുടങ്ങിയ അടിസ്ഥാന വർഗങ്ങളെ അവരുടെ അവകാശബോധത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ലോകത്ത് ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ്‌ സർക്കാർ കേരളത്തിലേതായിരുന്നു. ചെങ്കൊടിയെ ഒരു ജനത വാരിപ്പുണരുന്നതായിരുന്നു ആ തെരെഞ്ഞെടുപ്പ് ചിത്രം.

കേരളത്തിൽ ഫ്യൂഡലിസത്തിനു അന്ത്യം കുറിച്ച ഭൂപരിഷ്കരണം,വിദ്യാഭ്യാസം, അധികാര വികേന്ദ്രീകരണം തുടങ്ങിയ രംഗങ്ങളിൽ ദൂരവ്യാപകമായ ബലങ്ങൾ സൃഷ്‌ടിച്ച ആ ജനകീയ സർക്കാരിനെ അട്ടിമറിക്കുകയായിരുന്നു വിമോചന സമരത്തിലൂടെ. ജനാധിപത്യത്തെ കശാപ്പു ചെയ്ത സമരത്തിലുടെ ഇ എം എസ് സർക്കാരിനെപുറത്താക്കിയെങ്കിലും കമ്മ്യൂണിസ്റ്റ് സർക്കാർ മുന്നോട്ട് വെച്ച ആശങ്ങൾ ഇന്നും കേര‍ളത്തിന് കരുത്തായി. കാലങ്ങൾക്കിപ്പുറം കേരളം എല്ലാമേഖലയിലും രാജ്യത്തിന് മാതൃകയാകുന്നുണ്ട്. കേരളത്തിന്‍റെ അടിസ്ഥാന ജനവിഭാഗത്തെ ചേർത്തുനിർത്തുന്ന ഇടതു സർക്കാർ, ഭരണത്തുടര്‍ച്ചയെന്ന ചരിത്രം സൃഷ്ടിച്ച് 2021 മെയ് 20നാണ് അധികാരത്തിൽ വന്നത്.

ALSO READ: യുനെസ്‌കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്; അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നഗരം

പ്രളയക്കെടുതിയെയും മഹാമാരിയെയും അതിജീവിച്ച നാടാണ് കേരളം. മുന്നിലെത്തിയ വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം, അധികാര വികേന്ദ്രീകരണം തുടങ്ങി വിവിധ ജീവിത സൂചികകളിലും ഇടത് ബദൽ തീർത്ത് മുന്നേറുകയാണ്. ദേശീയപാത വികസനം , ടൂറിസം തുടങ്ങി സർവ മേഖലയിലും കേരളം സമാനതളില്ലാത്ത കുതിപ്പുണ്ടാക്കി. ജനക്ഷേമപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന സർക്കാരിന്‍റെ വികസനത്തിന് കടിഞ്ഞാണിടാൻ നടത്തിയ ശ്രമങ്ങളെയെല്ലാം തച്ചുടച്ചുകൊണ്ട് ഒടുവിൽ വി‍ഴിഞ്ഞമെന്ന സ്വപ്നച്ചിറകിലേറി കേരളം അഭിമാനത്തിന്‍റെ നെറുകയിലെത്തി. അപ്പോഴും വർഗീയ വിഷം തുപ്പുന്നവർക്കെതിരെ മതനിരപേക്ഷതയുടെയും മാനവികതയുടെയും അതിരുകൾ കെട്ടിയുയർത്തി പ്രതിരോധിച്ചുകൊണ്ടേയിരിക്കുന്നു. വളർന്ന വ‍ഴിയിൽ കേരളം കൈവരിച്ച ബഹുസ്വരതയെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ ചരിത്രത്തിലാദ്യമായി കേരളീയം എന്ന മഹോത്സവത്തിന്റെ തുടക്കത്തോടെയാണ് കേരളപ്പിറവി ആഘോഷിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News