അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടമെന്നെഴുതിയത് എംടിയാണ്. ആ എംടിയന്‍ വാചകം തന്നെയാണ് ആ സാഹിത്യലോകത്തിന്റെ ആകെത്തുക. അതൊരു നാടിന്റെയും കുടുംബത്തിന്റെയും നാലുകെട്ടിന്റെയും കഥകളെന്നതിനപ്പുറം മനുഷ്യസമുദായത്തിന്റെ മുഴുവന്‍ നിത്യദുരന്തകഥകളായി മാറിയെന്നതാണ് അതിന്റെ മാജിക്ക്.
രാജ്യം കണ്ട മഹാ എഴുത്തുകാരന്‍. രാജ്യം നല്‍കിയ വലിയ അംഗീകരങ്ങളെല്ലാം കൈവെള്ളയില്‍. അപ്പോഴും ഒരു തനി കൂടല്ലൂര്‍ക്കാരന്‍ കുട്ടിയാണ് താനെന്നാണ് എംടി എവിടെയും പറയാറുള്ളത്. ഭാരതപ്പുഴ തെക്കുവടക്കായി ഒഴുകുന്ന കൂട്ടക്കടവില്‍ നിന്ന് വയലും കുരുതിപ്പറമ്പും കഴിഞ്ഞ് മാടത്ത് തെക്കേപ്പാട്ട് തറവാട്ടിലേക്ക് ഒതുക്കു കല്ലുകള്‍ കയറിവന്ന കഥകളും കഥാപാത്രങ്ങളുമില്ലെങ്കില്‍ എംടി എന്ന ജീവിതകഥയേയില്ല.
ഉണ്ണിയുടെ പിറന്നാളാഘോഷിക്കാന്‍ നാലെടങ്ങഴി നെല്ല് അധികം വേണമെന്ന് ചോദിച്ചതിന് അമ്മാമനില്‍ നിന്ന് തല്ലുകൊണ്ട അമ്മ. പിന്നെ വടക്കെ വീട്ടില്‍നിന്നു ചങ്ങലപൊട്ടിച്ച് ‘മാള്വേടത്തി എനിക്കിത്തിരി ചോറു തരൂ’ എന്ന് പറഞ്ഞെത്തുന്ന വേലായുധേട്ടന്‍. കാതു മുറിച്ച മീനാക്ഷിയേടേത്തി, ആത്മഹത്യചെയ്ത കുട്ട്യേടത്തി. പകിടകളിക്കാരന്‍ കോന്തുണ്ണി നായര്‍, സെയ്താലി ഗോവിന്ദന്‍ കുട്ടി, സ്വാര്‍ത്ഥരായ എല്ലാ ആണുങ്ങള്‍ക്കും പ്രിയപ്പെട്ട കാലത്തിലെ സേതു, സുമിത്ര അങ്ങനെയെത്രത്ര കൂടല്ലൂര്‍ക്കാര്‍..
ALSO READ: ചോദ്യപേപ്പർ ചോർത്തുന്നതും പരസ്യപ്പെടുത്തുന്നതും കുട്ടികളോട് ചെയ്യുന്ന ക്രൂരത: മന്ത്രി വി ശിവൻകുട്ടി
കാത്തിരിപ്പിന്റെ ഇതിഹാസകാവ്യം മഞ്ഞിലെ വിമലയും സുധീര്‍കുമാര്‍ മിശ്രയും കൂടല്ലൂര്‍ക്കാരല്ലാതെ പിന്നാരാണ്. അതിന് നൈനിത്താളിനെ ഒന്നു തിരിച്ചിട്ട് ഭാരതപ്പുഴയാക്കുകയേ വേണ്ടൂ. എന്തിനധികം രണ്ടാമൂഴത്തിലെ ഭീമന്‍ പോലും. ഭീമന്‍ നായര്‍ എന്നായിരുന്നല്ലോ എംഎന്‍ വിജയന്റെ പ്രയോഗം.
മലബാറില്‍ ഫ്യൂഡല്‍ തറവാടുകളുടെ ഇരുട്ടകങ്ങളില്‍ ആധുനികതയുടെ സൂര്യനുദിക്കുന്നതാണ് എംടിയുടെ കഥകള്‍. കൂട്ടുകുടുംബവ്യവസ്ഥയുടെ ഇതിഹാസമെഴുതി ആ കൈകള്‍ അണുകുടുബത്തിലെ ബന്ധസംഘര്‍ഷം കൂടിയെഴുതിയതാണ് പേനയ്ക്ക് വിശ്രമം കൊടുത്തത്.
മനുഷ്യര്‍ക്ക് താമസിക്കാന്‍ കൊള്ളാത്ത ഈ തറവാട് പൊളിക്കണം എന്നിട്ട് കാറ്റുംവെളിച്ചവും കടക്കുന്ന പുതിയൊരു വീടുവെക്കണമെന്നാണ് നാലുകെട്ടിന്റെ ഒടുവില്‍ ഒരു പ്രതികാരച്ചിരിയോടെ അപ്പുണ്ണി പറയുന്നത്. ഇന്നാണെങ്കില്‍ അതിനൊരുമാറ്റമുണ്ടാകും. അപ്പുണ്ണി നാലുകെട്ട് റിസോര്‍ട്ടാക്കി മാറ്റിയേക്കുമെന്നു മാത്രം.
ഞാന്‍ മാത്രമല്ല ലോകം എന്റെ മാത്രമല്ല കഥകള്‍ എന്ന് പറയാതെ പറഞ്ഞ എംടി പുതിയ തലമുറയിലെ അസംഖ്യം പുതിയ എഴുത്തുകാരെ വാര്‍ത്തെടുത്ത പത്രാധിപര്‍ കൂടിയാണ്. കഥകള്‍ അനവധിയായി കുത്തിയൊഴുകുമ്പോഴും കാലത്തിനു മീതെ സൂര്യാകാന്തിയായി വിടര്‍ന്നു നില്‍ക്കുന്നുക്കുന്നു എംടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here