പത്തനംതിട്ടയിൽ റീൽസ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. മുത്തൂർ – മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപം നാലംഗ കൗമാരക്കാർ നടത്തിയ റീൽസ് ചിത്രീകരണത്തിനിടെ ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം.
കിഴക്കൻ മുത്തൂർ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ തിരുവല്ല കിഴക്കൻ മുത്തൂർ നാലുവേലിൽ വീട്ടിൽ സണ്ണിക്കയാണ് പരിക്കേറ്റത്. സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ജഗന്നാഥൻ നമ്പൂതിരി ( 19 ), ബൈക്ക് ഉടമയും ജഗന്നാഥൻ നമ്പൂതിരിയുടെ സുഹൃത്തുമായ കല്ലുപ്പാറ സ്വദേശി കെ ആർ രാഹുൽ ( 19 ) എന്നിവരെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ച് തിരുവല്ല പൊലീസിന് കൈമാറി. അപകടം നടന്ന ഉടൻ സംഘാംഗങ്ങളായ രണ്ടുപേർ ബൈക്കിൽ രക്ഷപ്പെട്ടു.
Also read: ‘തൊണ്ടിമുതൽ കേസ്: വിചാരണ നേരിടും, നിയമപരമായി ചെയ്യാവുന്ന കാര്യം ചെയ്യും’; ആൻ്റണി രാജു
നേർ ദിശയിലുള്ള റോഡിലൂടെ പാഞ്ഞുവന്ന ബൈക്ക് ഓട്ടോറിക്ഷയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തിലാണ് സണ്ണിക്ക് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ സണ്ണി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിന് കാരണമായ ബൈക്ക് പൂർണമായും തകർന്നു. ഒരു വർഷം മുമ്പാണ് റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിച്ചത്.
Also read: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; വിചാരണക്കോടതിയിലെ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം
ഇതിനു ശേഷം റീൽസ് എടുക്കുവാൻ ചെറുപ്പക്കാർ അടങ്ങുന്ന സംഘം പലസ്ഥലങ്ങളിൽ നിന്നും എത്താറുള്ളതായും കാൽനട യാത്രക്കാർക്കടക്കം ഇക്കൂട്ടർ വലിയ ഭീഷണിയാണ് ഉയർത്തുന്നത് എന്നും പ്രദേശവാസികൾ പറഞ്ഞു. ചൊവ്വാഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് ഈ റോഡിൽ റീൽസ് നടത്തുന്നവരെ കൈകാര്യം ചെയ്യുമെന്ന് കാട്ടി കിഴക്കൻ മുത്തൂരിലെ ഓട്ടോറിക്ഷ തൊഴിലാളികൾ നാട്ടുകടവ് പാലത്തിന് സമീപം ബാനറും സ്ഥാപിച്ചിട്ടുണ്ട്. പരാതിയില്ല എന്ന് പരിക്കേറ്റ സണ്ണി അറിയിച്ചതിനാൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി പിടിയിലായ യുവാക്കളെ താക്കീത് നൽകി പൊലീസ് വിട്ടയച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here