അതിവേഗപാതയിൽ ബൈക്കുകൾക്കും ഓട്ടോകൾക്കും നിരോധനം. മൈസൂരു-ബംഗളൂരു അതിവേഗപാതയിലാണ് നിരോധനം ഏർപ്പെടുത്തിയത്. പാതയിൽ അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ദേശീയപാത അതോറിറ്റിയുടെ ഈ പുതിയ തീരുമാനം നടപ്പിലായത്. കൂടാതെ ട്രാക്ടറുകൾ, മൾട്ടി ആക്സിൽ ഹൈഡ്രോളിക് ട്രെയിലർ വാഹനങ്ങൾ എന്നിവക്കും നിരോധനമുണ്ട്. ഇത്തരം വാഹനങ്ങൾ സർവിസ് റോഡിലൂടെയാണ് സഞ്ചരിക്കേണ്ടത്.
അതിവേഗത്തിൽ ഓടുന്ന വാഹനങ്ങൾക്ക് പതുക്കെ പോകുന്ന ഓട്ടോറിക്ഷകൾ, ബൈക്കുകൾ, ട്രാക്ടറുകൾ തുടങ്ങിയവ തടസ്സമുണ്ടാക്കുന്നുവെന്നും, അവ മറ്റ് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കുന്നതിനാലാണ് ഇത്തരത്തിൽ വാഹനങ്ങളെ നിരോധിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ നാല് മാസങ്ങൾക്കിടെ 84 അപകടങ്ങളിലായി നൂറുപേരാണ് പാതയിൽ മരിച്ചത്.
സർവിസ് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് നിലവിൽ ടോൾ നൽകേണ്ട. ബിഡദി, രാമനഗര, ചന്നപടണ, മദ്ദൂർ, മാണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിലാണ് സർവിസ് റോഡിൽനിന്ന് അതിവേഗപാതയിലേക്ക് പ്രവേശിക്കാനുള്ള വഴികൾ ഉള്ളത്. സുരക്ഷാനടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ എ.ഐ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഒമ്പത് വലിയ പാലങ്ങൾ, 42 ചെറിയ പാലങ്ങൾ, 64 അടിപ്പാതകൾ, 11 മേൽപാതകൾ, അഞ്ച് ബൈപാസുകൾ എന്നിവയടങ്ങിയതാണ് അതിവേഗപാത. പാതയിലെ കൂടിയ വേഗം മണിക്കൂറിൽ 80 കിലോമീറ്ററിനും 100 കിലോമീറ്ററിനും ഇടയിലാണ്.
also read :നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here