എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ ഉണ്ടായ ഡീസൽ ചോർച്ച ഇന്ധനം നിറയ്‌ക്കുന്നതിനിടയിൽ ഉണ്ടായ സെൻസർ ഗേജ് തകരാറുമൂലമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിൻ്റെ റിപ്പോർട്ട്. അപകടത്തെ തുടർന്ന് പ്രദേശത്ത് 800 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ ചുറ്റളവിൽ മലിനീകരണം ഉണ്ടായതായും ദുരന്തനിവാരണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക് വീഴ്ചയാണ് ഇന്ധന ചോർച്ചയ്ക്ക് കാരണമായിട്ടുള്ളത്. 1500 ലിറ്റർ ഇന്ധനമാണ് എലത്തൂരിൽ സംഭവത്തിൻ്റെ ഭാഗമായി ചോർന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ALSO READ: ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
സംഭവത്തിൽ റവന്യൂ, ആരോഗ്യ വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ്, അഗ്നിശമന സേന, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, കോഴിക്കോട് കോർപ്പറേഷൻ എന്നീ ആറ് വിഭാഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച ഉന്നതതല സമിതി സ്ഥിതിഗതികൾ വിലയിരുത്തുന്നതായി മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ജില്ലാ കലക്ടർ കമ്മറ്റിയുടെ പ്രവർത്തനം കൃത്യമായി അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിനിടയാക്കിയ ഹിന്ദുസ്ഥാൻ പെട്രോളിയത്തിനെതിരെ എൻവയോൺമെൻ്റ് പ്രൊട്ടക്ഷൻ ആക്ട്, മലിനീകരണ നിയന്ത്രണ ബോർഡ് നിയമങ്ങൾ എന്നിവ പ്രകാരം കേസെടുക്കും. ഫാക്ടറീസ് ആക്ട് സെക്ഷൻ 92, 96 പ്രകാരം നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന് ഷോകോസ് നോട്ടീസ് നൽകിയിരിക്കുകയാണ് ഇപ്പോൾ. മലിനമാക്കപ്പെട്ട ജലസ്രോതസ്സുകൾ എത്രയും പെട്ടെന്ന് വൃത്തിയാക്കുക എന്നതിനാണ് നിലവിൽ പ്രഥമ പരിഗണന നൽകിയിരിക്കുന്നത്.
ALSO READ: ബിജെപിയിൽ തമ്മിലടി രൂക്ഷം, വിഭാഗീയത കടുത്തതോടെ ഇന്നും നാളെയുമായി നടത്താനിരുന്ന നേതൃയോഗം മാറ്റി
പ്രത്യേക ഓയിൽ ഡിസ്പെൻസർ ലിക്വിഡ് ഉപയോഗിച്ച് ജലത്തിലെ മാലിന്യം നീക്കാനുള്ള നടപടി സ്വീകരിച്ചെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സമീപവാസികളുടെ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് 35 വീടുകളിൽ സർവേ നടത്തി ആരോഗ്യ വകുപ്പും റിപ്പോർട്ട് നൽകിയിട്ടുണ്ട്. HPCL അധികൃതർ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ ഇവിടെ നിന്നും HPCL മാറ്റേണ്ടി വരുമെന്ന് പ്രഖ്യാപിച്ച് എലത്തൂരിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here