വീടുകയറി ആക്രമണം, കഞ്ചാവ് ഉപയോഗം അങ്ങനെ 14 ഓളം ക്രിമിനൽ കേസുകൾ; ഒടുവിൽ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് പൊലീസ്

crime

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ തിരുവല്ല പൊലീസ് ആറുമാസത്തേക്ക് കരുതൽ തടങ്കലിലാക്കി. തിരുവല്ല കുറ്റപ്പുഴ പുന്നക്കുന്നം പാപ്പനവേലിൽ അലക്സാണ്ട(26)റിനെയാണ് ജില്ലാ കളക്ടറുടെ ഉത്തരവിന്റെയടിസ്ഥാനത്തിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ )വകുപ്പ് 3(1) പ്രകാരമാണ് നടപടി. തിരുവല്ല പൊലീസ് സ്റ്റേഷനിലെ മറ്റൊരു കേസിൽ അറസ്റ്റിലായി മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവന്ന ഇയാളെ അവിടെയെത്തി തിരുവല്ല പൊലീസ് ഇന്നലെ ഉച്ചയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചയോടെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശയിൻമേൽ ജില്ലാ കളക്ടറുടെ ഉത്തരവിനെതുടന്നാണ് നടപടി.

Also Read: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ ശക്തമായ ഇടപെടൽ; കേരളത്തിന് കേന്ദ്രത്തിന്റെ അംഗീകാരം

2018 മുതൽ ഇതുവരെ തിരുവല്ല കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനുകളിലായി 14 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഈവർഷം ജൂണിൽ ഇയാൾക്കെതിരെ കരുതൽ തടങ്കലിനുള്ള ശുപാർശ ജില്ലാ പൊലീസ് മേധാവി സമർപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ മാസം വീണ്ടും തിരുവല്ല പൊലീസ് സ്റ്റേഷനിലെ കേസിൽ ഉൾപ്പെട്ടു. 2022 ൽ കാപ്പ വകുപ്പ് 15 അനുസരിച്ച് തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ ഉത്തരവുപ്രകാരം ആറുമാസം ജില്ലയിൽ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. പിന്നീടും ഇയാൾ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും മറ്റും ഏർപ്പെട്ടു വരികയായിരുന്നു. വീട് കയറി ആക്രമണം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കഞ്ചാവ് ഉപയോഗം, അടിപിടി ഉണ്ടാക്കൽ, വീട്ടുപകരണങ്ങൾ നശിപ്പിക്കൽ, വാഹനം നശിപ്പിക്കൽ, കൊലപാതക ശ്രമം, മുഖത്ത് സ്പ്രേ അടിച്ചു ആക്രമണം, സ്ത്രീകൾക്കെതിരായ ആക്രമണം,മോഷണം, കുപ്പിയിൽ പെട്രോൾ നിറച്ച് ആക്രമണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Also Read: തെറ്റ് ചെയ്ത ആരെയും വെറുതെ വിടില്ല; എഡിജിപിക്കെതിരെ ഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

കരുതൽ തടങ്കൽ ശുപാർശയിൽ ഉൾപ്പെടുത്തിയ 12 കേസുകളിൽ 9 എണ്ണത്തിൽ അന്വേഷണം പൂർത്തിയായി കോടതിയിൽ വിചാരണ നടപടി നടന്നു വരുന്നു. ബാക്കിയുള്ളവ അന്വേഷണത്തിലാണുള്ളത്. ഇവയിൽ 10 കേസുകൾ തിരുവല്ല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതും, രണ്ടെണ്ണം കീഴ്‌വായ്‌പ്പൂർ സ്റ്റേഷനിലേതുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News