സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ബൈക്കിൽ യാത്ര ചെയ്ത് സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളിലെ പ്രതികൾ അറസ്റ്റിലായി

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ബൈക്കിൽ യാത്ര ചെയ്ത് സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളിലെ പ്രതികൾ അറസ്റ്റിലായി. കൊല്ലം ശാസ്താംകോട്ട മനക്കര അർഷാദ് മൻസിലിൽ നിഷാദി(37)നെ അടൂർ പൊലീസും, തൃശൂർ വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടിൽ വീട്ടിൽ അനുരാഗി(24 )നെ തൃശ്ശൂർ സിറ്റി സാഗോക് ടീമും, മെഡിക്കൽ കോളേജ് പൊലീസും ചേർന്നാണ് വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ALSO READ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഇനി ഗൗതം ഗംഭീറോ?; ബിസിസിഐ സമീപിച്ചതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മുപ്പതിലധികം മോഷണ കേസുകളിൽ പ്രതിയായ അനുരാഗും, വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ നിഷാദും ജയിലിൽ കഴിയവെ സുഹൃത്തുക്കളായി. ജയിൽ വാസത്തിനുശേഷം പുറത്തിറങ്ങിയ അനുരാഗ് കൊല്ലം ജില്ലയിലെത്തി നിഷാദുമായി ചേർന്ന് ബൈക്കിൽ വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്ന് മാല പൊട്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞമാസം പതിമൂന്നാം തീയതി അടൂർ ഏഴംകുളം, പട്ടാഴിമുക്ക് ജംഗ്ഷന് സമീപം വെച്ച് പട്ടാഴി വടക്കേക്കര, ചെളിക്കുഴി സ്വദേശിനിയുടെ കഴുത്തിലെ ഒന്നര പവന്റെ സ്വർണ്ണമാല ബൈക്കിലെത്തി പൊട്ടിച്ചെടുത്തു കൊണ്ടുപോയ കേസിൽ അന്വേഷണം നടന്നുവരവേയാണ് അറസ്റ്റ് ഉണ്ടായത്.

നൂറു കണക്കിന് സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. ഈ കേസിലെ പ്രതികളെന്നു സംശയിക്കുന്നവർ പുനലൂർ, കരുനാഗപ്പള്ളി എന്നീ സ്ഥലങ്ങളിൽ സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ നടത്തിയിരുന്നതായി അന്വേഷണത്തിൽ മനസ്സിലായതിനെ തുടർന്ന് വിവിധ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് 11 ന് തൃശ്ശൂർ മെഡിക്കൽ കോളേജ് പരിധിയിൽ നിന്നും സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ അന്വേഷണത്തിൽ അനുരാഗിനെ തൃശൂർ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

അനുരാഗിൽ നിന്നും ലഭിച്ച വിവരങ്ങൾ തൃശ്ശൂർ പൊലീസ് കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പൊലീസ് സംഘത്തിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് നിഷാദിനെ അടൂർ പൊലീസ് പിടികൂടിയത്.മോഷണം നടത്തി കിട്ടുന്ന സ്വർണാഭരണങ്ങൾ വിറ്റ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കറങ്ങി നടന്നും, മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച് ആർഭാട ജീവിതമാണ് പ്രതികൾ നയിക്കുന്നത്. അനുരാഗിനൊപ്പം തൃശ്ശൂരിലെ കേസിലുൾപ്പെട്ട കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയിൽ പുത്തൻവീട്ടിൽ സാജു എന്നുവിളിക്കുന്ന സാജുദ്ദീനെ(31) യും തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിഷാദിനെ ചോദ്യം ചെയ്തതിൽ നിന്നും അടൂർ, പുനലൂർ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന മാല പൊട്ടിക്കൽ കേസുകളിൽ പങ്കെടുത്തത് നിഷാദും, അനുരാഗമാണെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടുപേരെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയൂ. ജില്ലാ പൊലീസ് മേധാവി വി അജിത്തിൻറെ നിർദ്ദേശപ്രകാരം അടൂർ ഡിവൈഎസ്പി ആർ ജയരാജിൻറെ മേൽനോട്ടത്തിൽ അടൂർ പോലീസ് ഇൻസ്‌പെക്ടർ ആർ രാജീവ്, എസ് ഐ എം പ്രശാന്ത്, എസ് സി പി ഓമാരായ സുനിൽ കുമാർ, സൂരജ്, ശ്യാം കുമാർ, സി പി ഓ എം നിസ്സാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിൻറെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടപടികൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ALSO READ: പാലക്കാട് അട്ടപ്പാടിയിൽ ഭാര്യക്ക് നേരെ ഭർത്താവിൻ്റെ വധശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration