മൊബൈല്‍ ഫോണ്‍ മോഷണം ഹരമാക്കി ആഡംബര ജീവിതം; ഒടുവില്‍ പിടിയില്‍

മൊബൈല്‍ ഫോണ്‍ മോഷണം ഹരമാക്കിയ പ്രതിയെ തൃശൂര്‍ കൊരട്ടിയില്‍ നിന്നും പൊക്കി റാന്നി പോലീസ്. റാന്നി തെക്കേപ്പുറം ലക്ഷം വീട് കോളനി വിളയില്‍ വീട്ടില്‍ രാജേഷ് കുമാ(34)റാണ് ഇന്നലെ രാത്രി 11.45 ന് പോലീസ് സംഘത്തിന്റെ തന്ത്രപരമായ നീക്കത്തില്‍ അറസ്റ്റിലായത്. പഴവങ്ങാടി കരികുളം മോതിരവയല്‍ വഞ്ചികപ്പാറത്തടത്തില്‍ വാസുവിന്റെ ഭാര്യ രമണി (47) യുടെ വീടിന്റെ ഓടിളക്കി അകത്തുകടന്ന് മുറിക്കുള്ളില്‍ നിന്നും മകളുടെ സ്മാര്‍ട്ട് ഫോണും മറ്റൊരു ഫോണും മോഷ്ടിച്ചതിന് റാന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ തൃശൂര്‍ കൊരട്ടിയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

ഈമാസം 13 ന് പുലര്‍ച്ചെ 2 മണിയോടെയാണ് മോഷണം നടത്തി മുങ്ങിയത് . ഇയാളെപ്പറ്റി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, റാന്നിപോലീസ് ഇന്‍സ്പെക്ടര്‍ പി എസ് വിനോദിന്റെ നിര്‍ദേശപ്രകാരം എസ് ഐമാരായ എ പി അനീഷ്, ശ്രീഗോവിന്ദ്, സി പി ഓമാരായ ടി എ അജാസ്, രെഞ്ചു കൃഷ്ണ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പിടികൂടി. മോഷണം നടന്ന വീട്ടില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ശേഖരിച്ച വിരലടയാളങ്ങളും പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുനീക്കിയ പോലീസ് സംഘത്തിന് ഉടനടി തന്നെ മോഷ്ടാവിനെ കുടുക്കാന്‍ സാധിച്ചു. സ്ഥലത്ത് നിന്ന് കിട്ടിയ വിരലടയാളങ്ങള്‍, കളമശ്ശേരി, പാല പോലീസ് സ്റ്റേഷനുകളിലെ മോഷണ ക്കേസുകളിലെടുത്ത രാജേഷിന്റെ വിരലടയാളങ്ങളുമായി ചേര്‍ന്നുവന്നതാണ് പ്രതിയിലേക്ക് വേഗം എത്താന്‍ സഹായകമായത്.

ഇയാള്‍ കൊച്ചി ഇടപ്പള്ളി ടോള്‍ ജംഗ്ഷനിലെ ഒരു സ്ഥാപനത്തില്‍ നിന്നും 25 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നുവെന്ന് അന്വേഷണത്തില്‍ വെളിവായിരുന്നു, 46 മൊബൈല്‍ ഫോണുകളാണ് അവിടെനിന്നും വിദഗ്ദ്ധമായി മോഷ്ടിച്ചത്. പരസ്യബോര്‍ഡിന്റെ പണി ചെയ്യുന്ന രാജേഷ്, രണ്ടുമാസം മുമ്പ് ഈ സ്ഥാപനത്തില്‍ പരസ്യബോര്‍ഡിന്റെ ജോലിക്ക് എത്തിയിരുന്നു. പണി തീരുന്നതുവരെയുള്ള കാലയളവില്‍ ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമാണ് വന്‍ മോഷണം നടത്തിയത്.

സംഭവദിവസം ബൈക്കിലെത്തിയ പ്രതി, കടയുടെ സമീപത്തുള്ള മരത്തിലൂടെ കയറി കടയ്ക്കുമുകളിലെത്തി, വാതിലിന്റെ വിജാഗിരി അറുത്തുമാറ്റി അകത്തുകടന്ന് മൊബൈല്‍ ഫോണുകള്‍ കവരുകയായിരുന്നു. സി സി ടി വിയില്‍ പതിയാതിരിക്കാന്‍ ഹെല്‍മെറ്റ് വച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ 6 മാസത്തിനിടെ കടയില്‍ വന്ന ആളുകളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഈ കേസില്‍ രാജേഷ് കുടുങ്ങിയത്.

ബുദ്ധികൂര്‍മതയോടെ മോഷണം നടത്തുന്ന പ്രതി ആര്‍ഭാടജീവിതം നയിച്ചുവരികയായിരുന്നു. പാലാ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഇരുചക്രവാഹനം കവര്‍ന്ന കേസിലും, റാന്നി പോലീസ് സ്റ്റേഷനിലെ കഠിന ദേഹോപദ്രവക്കേസിലും പ്രതിയായ ഇയാള്‍ നിലവില്‍ മൂന്ന് കേസുകളിലായി റിമാന്‍ഡിലായിട്ടുണ്ട്. രഹസ്യവിവരത്തെത്തുടര്‍ന്ന് കൊരട്ടിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത സംഘത്തില്‍ എസ് ഐമായ അനീഷ്, ശ്രീഗോവിന്ദ്, സി പി ഓമാരായ അജാസ്, രെഞ്ചു എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News