പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും. പത്തനംതിട്ട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി. ചിറ്റാര്‍ വയ്യാറ്റുപുഴ മീന്‍കുഴി മരുതിമൂട്ടില്‍ വീട്ടില്‍ ലിജോ എന്ന് വിളിക്കുന്ന സാമുവല്‍ ജോണി(36)നെയാണ് ശിക്ഷിച്ചത്. 2022 ല്‍ ചിറ്റാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി വിധിപറഞ്ഞത്. ശിക്ഷ ഒരുമിച്ചൊരു കാലയളവ് അനുഭവിച്ചാല്‍ മതിയാകും.

2022 ഫെബ്രുവരി 13 നാണ് കേസിന് ആസ്പദമായ സംഭവം. ഉച്ചക്ക് രണ്ട് മണിക്ക് പ്രതി, 12 വയസ്സുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പള്ളി കാണിക്കാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി റബ്ബര്‍ തോട്ടത്തില്‍ വച്ച് ശരീരത്തില്‍ കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. ചൈല്‍ഡ് ലൈനില്‍ നിന്നും കിട്ടിയ വിവരത്തെതുടര്‍ന്ന് ചിറ്റാര്‍ എസ് ഐ ആയിരുന്ന സുരേഷ് കുമാര്‍ കുട്ടിയുടെ മൊഴിയെടുത്ത് കേസെടുത്തു. തുടര്‍ന്ന് ഇപ്പോഴത്തെ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയും അന്ന് ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടറുമായിരുന്ന കെ ബൈജു കുമാര്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. സംഭവദിവസം തന്നെ പ്രതിയെ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു.

പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍, പോക്‌സോ പ്രകാരം 10 വര്‍ഷവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 3 വര്‍ഷവുമാണ് ശിക്ഷിച്ചത്. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം, അടച്ചില്ലെങ്കില്‍ 15 മാസം അധികകഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ജെയ്‌സണ്‍ മാത്യൂസ് ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News