റഷ്യൻ കൂലി പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ മുഖ്യപ്രതികൾ കസ്റ്റഡിയിൽ. മുഖ്യ ഏജന്‍റ് റഷ്യൻ പൗരത്വമുള്ള മലയാളി സന്ദീപ് തോമസ്, അയാളുടെ സഹായി സുമേഷ് ആന്‍റണി എന്നിവരാണ് കസ്റ്റഡിയിലായത്. കൊച്ചിയിൽ നിന്നും തൃശൂരിൽ നിന്നുമായാണ് ഇരുവരെയും വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതി സിബി ഔസേപ്പ് ഒളിവിലാണ്.
ഇലക്ട്രീഷ്യന്‍ ജോലി വാഗ്ദാനം ചെയ്താണ് മലയാളികളായ ജെയിൻ, ബിനിൽ എന്നിവരടക്കം ആറ് പേരെയാണ് റഷ്യയില്‍ എത്തിച്ചത്. എന്നാല്‍ ഇവർ കൂലിപ്പട്ടാളത്തിന്റെ കൂട്ടത്തില്‍ പെടുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന തൃശൂര്‍ സ്വദേശി സന്ദീപ് യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. 5 ദിവസം മുമ്പ് ബിനിലും കൊല്ലപ്പെട്ടു.
ഉക്രെയ്നെതിരെയുള്ള യുദ്ധമുഖത്ത് നിന്നും വെടിയേറ്റാണ് ബിനില്‍ മരിച്ചതെന്ന് എംബസിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, റഷ്യന്‍ കൂലി പട്ടാളത്തില്‍ ബിനിലിന്റെ കൂടെ അകപ്പെട്ട തൃശൂര്‍ കുറാഞ്ചേരി സ്വദേശി ജെയിന്‍ റഷ്യന്‍ അധിനിവേശ ഉക്രെയ്‌നില്‍ നിന്നും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തി.
ഉക്രെയ്‌നില്‍ യുദ്ധമുഖത്ത് ഷെല്ലാക്രമണത്തില്‍ ജെയിന് പരിക്കേറ്റിരുന്നു. ശേഷം കുറച്ച് നാള്‍ അവിടെയുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് മോസ്‌കോയിലുള്ള ആശുപത്രിയില്‍ എത്തിച്ചത്. ജെയിന്‍ തന്നെയാണ് വാട്‌സാപ്പ് കോളിലൂടെ മോസ്‌കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here