കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി കസ്റ്റഡിയിലായതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അത് പ്രതി തന്നെ ആണെന്നാണ് സൂചന. പക്ഷേ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇന്ന് പുലര്‍ച്ചെ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പൊള്ളളേറ്റ നിലയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജില്ലാ ആശുപത്രിയില്‍ പരിശോധനയും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് കണ്ണൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത് എന്നാണ് സൂചന. പ്രതി കോഴിക്കോട് താമസിച്ചിരുന്നെന്നും ഇവിടെ കെട്ടിടത്തൊഴിലാളിയായിരുന്നെന്നും സൂചനയുണ്ട്.
ഞായറാഴ്ച രാത്രി 9:30ന് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയതോടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടിവില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നത്. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിനിലെ ഡി2 കോച്ചില്‍ നിന്ന് ഡി 1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമി എത്തി. തിരക്ക് കുറവായിരുന്ന കോച്ചില്‍ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു.
എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ഒഴിച്ച ശേഷം പെട്ടന്ന് തീയിട്ടു. തീ ഉയര്‍ന്നപ്പോള്‍ നിലവിളച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡി1 കോച്ച് വന്ന് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല. അക്രമി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.ഇതിന് പിന്നാലെ റെയില്‍വേ ട്രാക്കില്‍ നിന്നും ഒരു സ്ത്രീയുടെയും കുഞ്ഞിന്റെയും അടക്കം 3 മൃതദേഹങ്ങള്‍ കണ്ടെത്തി.
മട്ടന്നൂര്‍ സ്വദേശി നൗഫീഖ് (39) റഹ്‌മത്ത്(48), സഹ്റ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ട്രെയിനിലെ അക്രമം കണ്ട് രക്ഷപ്പെടാന്‍ ചാടിയവരാകാമെമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വധശ്രമം, സ്ഫോടക വസ്തുനിരോധന നിയമം , തീവെക്കുന്നതിനെതിരായ റെയില്‍വേ നിയമം തുടങ്ങി അഞ്ച് വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ കോഴിക്കോട് റെയില്‍വേ പൊലീസ് കേസെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here