കാമുകനെ സ്വന്തമാക്കാന്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍

കാമുകന്റെ സ്‌നേഹം പിടിച്ചുപറ്റാന്‍ അയാളുടെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആലപ്പുഴ കാര്‍ത്തികപ്പള്ളി കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ (30)യെയാണ് പുളിക്കീഴ് പോലീസ് റിമാന്‍ഡ് ചെയ്തത്. പുല്ലൂക്കുളങ്ങര സ്വദേശി അരുണുമായി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന യുവതി, അരുണ്‍ ഇപ്പോള്‍ തന്നില്‍ നിന്നും അകല്‍ച്ച കാട്ടുന്നു എന്ന് മനസ്സിലാക്കിയതിനെതുടര്‍ന്ന്, അയാളുടെ ഭാര്യയെ ആശുപത്രിയില്‍ കയറി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആണ് അനുഷ. പ്രസവശേഷം ആശുപത്രിമുറിയില്‍ വിശ്രമിക്കുകയായിരുന്ന അരുണിന്റെ ഭാര്യ സ്‌നേഹയെ ഇന്‍ജെക്ഷന്‍ എടുക്കാനെന്ന വ്യാജേന നഴ്‌സിന്റെ ഓവര്‍ക്കോട്ട് ധരിച്ചെത്തി വായുനിറച്ച സിറിഞ്ച് കൊണ്ട് മൂന്ന് തവണ കുത്തി വായു കുത്തിക്കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.

Also Read: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500; എച്ച്. എസ്. പ്രണോയ് ഫൈനലില്‍

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംശയം തോന്നിയ സ്‌നേഹയും ഒപ്പമുണ്ടായിരുന്ന മാതാവും ഒച്ചവച്ചതിനെത്തുടര്‍ന്ന് ആശുപത്രിജീവനക്കാരെത്തി അനുഷയെ തടഞ്ഞുവച്ച് പുളിക്കീഴ് പൊലീസില്‍ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയും, സുരക്ഷ മുന്‍നിര്‍ത്തി സ്‌നേഹയെ ലേബര്‍ റൂമിലേക്ക് മാറ്റുകയും ചെയ്തു. പ്രസവത്തിനായി ഒരാഴ്ച്ച മുമ്പാണ് സ്‌നേഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഡിസ്ചാര്‍ജ് ആയിരുന്നു. നിറവ്യത്യാസം ഉള്ളതിനാല്‍ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തില്ല. സ്‌നേഹയും അമ്മയും റൂമില്‍ തങ്ങി. നഴ്‌സിന്റെ ഓവര്‍കോട്ട് ധരിച്ച് യുവതി മുറിയിലെത്തി കുത്തിവയ്പ്പിന് നിര്‍ബന്ധിക്കുകയായിരുന്നു. ഡിസ്ചാര്‍ജ് ആയി, ഇനിയെന്തിനു കുത്തിവയ്പ്പ് എന്ന് സംശയമുന്നയിച്ചപ്പോള്‍ ഒന്നുകൂടി ഉണ്ടെന്ന് പറഞ്ഞ് കൈ ബലമായി പിടിച്ച് മരുന്നില്ലാത്ത സിറിഞ്ച് കുത്താന്‍ ശ്രമിക്കുകയാണ് ഉണ്ടായതെന്ന് സ്‌നേഹ മൊഴിനല്‍കി. എസ് ഐ ഷിജു പി സാം ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Also Read: ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലുള്ള മെഴുകുതിരി സ്റ്റാൻഡിൽ നിന്നും തീ ആളിക്കത്തി

ആദ്യവിവാഹം വേര്‍പെടുത്തിയശേഷം കല്യാണം കഴിച്ച യുവതിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് വിദേശത്താണ്. അതേസമയം, അരുണുമായുള്ള ബന്ധം അനുഷ തുടരുകയും ചെയ്തു. നിരന്തരം ഫോണിലും നേരിട്ടും ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇവരുടെ ഫോണിലെ വാട്‌സാപ്പ് സംഭാഷണങ്ങളും സന്ദേശങ്ങളും പൊലീസ് പരിശോധിച്ചു. കോളേജ് പഠനകാലം മുതല്‍ അടുപ്പത്തിലാണ് ഇരുവരും. ആദ്യ വിവാഹം വേര്‍പെടുത്തിയപ്പോള്‍ തന്നെ അരുണിനൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ച യുവതി, തന്റെ സ്‌നേഹം അയാളെ അറിയിക്കാനുള്ള മാര്‍ഗമായാണ് ഭാര്യയെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌നേഹയെ കൊല്ലാനല്ല ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും, അതിലൂടെ അത്രത്തോളം അരുണിനെ സ്‌നേഹിക്കുന്നെന്ന് ബോധ്യപ്പെടുത്താനും ശ്രമിച്ചതാണെന്നും യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സിറിഞ്ച്, ഗ്ലൗസ് എന്നിവ കണ്ടെടുത്തു. ഇവ പ്രതി വാങ്ങിയ പുല്ലൂക്കുളങ്ങരയിലെ മെഡിക്കല്‍ ഷോപ്പിലെത്തി പൊലീസ് തെളിവെടുത്തു. ആള്‍മാറാട്ടം നടത്താന്‍ ധരിച്ച ലാബ് കോട്ട് വാങ്ങിയ കായംകുളത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.

Also Read: ആരേലും ഒരു തോക്ക് തരുമോ? ബാലയെ അനുകൂലിച്ചതിന് സംവിധായകൻ തരുൺമൂർത്തിക്ക് തെറിവിളി: ബാല തന്നെ കോടതിയെന്ന് പോസ്റ്റ്

ആശുപത്രിയില്‍ കടന്ന് നേഴ്‌സ് വേഷം ധരിച്ച് നടത്തിയ വധശ്രമത്തില്‍ വലിയ ആസൂത്രണമാണ് യുവതി നടത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്. . രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്ന സ്ഥിതിവിശേഷമാണ് എയര്‍ എമ്പോളിസം. രക്തചംക്രമണവ്യവസ്ഥയില്‍ വായു നടന്നാല്‍ മരണം വരെ സംഭവിക്കാമെന്ന അറിവായിരിക്കാം അനുഷയെക്കൊണ്ട് ഇത്തരം മാര്‍ഗം അവലംബിക്കാന്‍ പ്രേരിപ്പിച്ചത്. ശ്വാസകോശം അമിതമായി വികസിക്കാനും, ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ട്. യുവതിയുടെ മൊഴികളിലെ അനുഷയെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പുളിക്കീഴ് സി ഐ അജീബ് ഇ, എ എസ് ഐ സതീഷ് കുമാര്‍, പ്രാബോധചന്ദ്രന്‍,സദാശിവന്‍, മനോജ്, മിത്ര വി മുരളി, ജോയ്സ് തോമസ് എന്നിവര്‍ അടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News