വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പ്രതിയെ ദില്ലിയിൽ നിന്നും പിടികൂടി

കോവിഡ് കാലത്ത് യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ദില്ലിയിൽ നിന്നും പിടികൂടി. ചിറ്റാർ സീതത്തോട് മണികണ്ഠൻകാല മംഗലശ്ശേരിൽ വീട്ടിൽ പീതാംബരന്റെ മകൻ മനു എന്ന് വിളിക്കുന്ന പ്രദീപ്‌(39) ആണ് മൂഴിയാർ പൊലീസിന്റെ പിടിയിലായത്. മൂന്ന് വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ഡൽഹി ഹരിയാന അതിർത്തിയിലുള്ള ചാവല എന്ന സ്ഥലത്തുനിന്നും മൂഴിയാർ പൊലീസ് ഇൻസ്‌പെക്ടർ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

also read; വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുത്; സർക്കാർ ഉത്തരവ്

കോവിഡ് കാലത്ത് വോളന്റിയറായി പ്രവർത്തിച്ച പ്രതി, ഇതേ ഡ്യൂട്ടി ചെയ്തുവന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് വാക്കുനൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. 2020 മേയ് 27 നും ജൂലൈ ഒന്നിനുമിടയിലുള്ള കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നവംബർ 14 ന് യുവതിയുടെ മൊഴിപ്രകാരം കേസെടുത്ത മൂഴിയാർ പൊലീസ് , പ്രാഥമിക അന്വേഷണത്തിന് ശേഷം ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിപ്പിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊണ്ടിരുന്നു. ആങ്ങമൂഴി നിലയ്ക്കൽ ക്വാറന്റീൻ സെന്ററിൽ വച്ചാണ് പീഡനം നടന്നത്. പരിചയത്തിലായ യുവതിയോട് സ്നേഹം നടിച്ച് അടുപ്പം കാട്ടി, മൊബൈൽ ഫോണിലൂടെ സന്ദേശങ്ങൾ അയച്ചും,കല്യാണം കഴിക്കാമെന്ന് ഉറപ്പ് നൽകിയും, മേയ് 27 ന് ക്വാറന്റീൻ കേന്ദ്രത്തിന്റെ മുകളിലെ നിലയിൽ എത്തിച്ചശേഷം, ബലമായി പിടിച്ചുനിർത്തി മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തു.

ജൂൺ 18 ന് ഡ്യൂട്ടിയെ തുടർന്ന് ക്വാറന്റൈനിലായ യുവതിയെ രാത്രി പ്രലോഭിപ്പിച്ച് മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ഫോട്ടോയും ഇയാൾ ഫോണിൽ എടുത്തു. തുടർന്ന്, ക്വാറന്റൈനിൽ കഴിഞ്ഞുവന്ന രണ്ടാഴ്ച്ച കാലയളവിൽ പലതവണ ബലാൽസംഗം ചെയ്തു എന്ന് മൊഴിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മൂഴിയാർ പൊലീസ് ഇൻസ്‌പെക്ടർ വി എസ് ബിജു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക അന്വേഷണങ്ങളെല്ലാം പൊലീസ് നടത്തിയിരുന്നു. പ്രതിയുടെയും അടുത്ത ബന്ധുക്കളുടെയും യുവതിയുടെയും മൊബൈൽ ഫോൺ വിളികൾ സംബന്ധിച്ച വിശദവിവരങ്ങൾ, പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ ശേഖരിച്ചിരുന്നു. നാടുവിട്ട പ്രതിക്കെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിപ്പിക്കാനുള്ള നടപടികളും പൊലീസ് കൈക്കൊണ്ടു.

also read; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

ജില്ലാ കോടതിയിലും, ഹൈ കോടതിയിലും ജാമ്യത്തിന് പ്രതി ശ്രമിച്ചുവെങ്കിലും അനുവദിക്കപ്പെട്ടില്ല. എഫ് ഐ ആർ റദ്ദ് ചെയ്യാനുള്ള അപേക്ഷയും, അറസ്റ്റ് ഒഴിവാക്കണമെന്ന് ഹർജിയും കോടതി നിരാകരിച്ചിരുന്നു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ഹൈദരാബാദിലും മറ്റും പൊലീസ് സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്ന് കോന്നി ഡി വൈ എസ് പി രാജപ്പൻ നിയോഗിച്ച പൊലീസ് സംഘം ഡൽഹിയിൽ നിന്നും തിങ്കളാഴ്ച്ച 11 മണിക്ക് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് ഇൻസ്‌പെക്ടറെക്കൂടാതെ എസ് സി പി ഓമാരായ ബിനുലാൽ, ലാൽ പി കെ, സി പി ഓ വിജേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News