അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച വിനായകനെതിരെ വിമര്‍ശനവുമായി നടന്‍ അനീഷ് ജി. വിനായകന്റെ പ്രതികരണം നിര്‍ഭാഗ്യകരമായി പോയെന്ന് അനീഷ് പറഞ്ഞു. ഓഡിയന്‍സിന് മുന്നില്‍ താങ്കളോളം സ്വാധീനം ഇന്ന് തനിക്കില്ലയെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും അതുപോലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജന മനസുകളില്‍ താങ്കളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാര്‍ത്ഥ്യമാണെന്ന് അനീഷ് പറഞ്ഞു.
രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറമാണ് ഉമ്മന്‍ചാണ്ടി സമൂഹത്തില്‍ ചെലുത്തിയ സ്വാധീനമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മിസറ്റര്‍ വിനായകന്‍,
ഞാനും നിങ്ങളും ഒരേ ഇന്‍ഡസ്ട്രിയില്‍ ഈ നിമിഷവും നില നില്‍ക്കുന്ന നടന്മാരാണ്. എന്നുവെച്ച് ഓഡിയന്‍സിന് മുന്നില്‍ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത് ഒരു യാഥാര്‍ഥ്യമാണ്. അതുപോലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിസാര്‍ ജന മനസുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും
ഒരു യഥാര്‍ഥ്യമാണ്. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറമാണ്
അദ്ദേഹം സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തേ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവന്‍ ആ മഹത് വ്യക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകള്‍ താങ്കളെ ഇറിറ്റേറ്റ് ചെയ്തതും. നല്ലൊരു അഭിനേതാവ്
എന്ന നിലയില്‍ നിങ്ങളോടുള്ള ഇഷ്ടം വെച്ചുകൊണ്ടുതന്നെ പറയട്ടെ. താങ്കളുടെ ഈ പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമായിപ്പോയി.
ഉമ്മന്‍ ചാണ്ടി ചത്തു, അതിന് എന്തിനാണ് മൂന്ന് ദിവസം അവധിയെന്നായിരുന്നു വിനായകന്‍ ഫേസ്ബുക്ക് ലൈവിലൂടെ ചോദിച്ചത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടിയെന്നും വിനായകന്‍ ചോദിക്കുന്നുണ്ട്. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ലെന്നും വിനായകന്‍ പറഞ്ഞിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിന് പിന്നാലെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.
ഇതേസമയം, ഉമ്മൻചാണ്ടിയെ വിമർശിച്ചതിന് അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തതിന് നടൻ വിനായകനെതിരെ കേസെടുക്കും. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം നോർത്ത് പൊലീസിനെ ചുമതലപ്പെടുത്തി. എറണാകുളം ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണു എറണാകുളം അസി. സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്.
ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
‘‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’’– വിനായകന്റെ പരാമർശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here