‘ബാങ്കില്‍ ക്യാഷ് വന്നപ്പോള്‍ അഞ്ചു ലക്ഷം രൂപ കൂടുതല്‍, പിന്നീടാണ് അബദ്ധം മനസിലായത്; ഞാന്‍ കൃത്യ സമയത്ത് വന്നിരുന്നത് ആ സിനിമയുടെ ലൊക്കേഷനില്‍ മാത്രം’: ബൈജു

Baiju

തന്റെ സിനമ അനുഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് നടന്‍ ബൈജു. ഒരു സംവിധായകനേയും തനിക്ക് പേടിയില്ല. എങ്കിലും ഷൂട്ടിങ് ലൊക്കേഷനില്‍ കൃത്യസമയത്ത് എത്തുന്നത് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയിലാണെന്ന് താരം പറഞ്ഞു

വലിയ സ്‌നേഹമുള്ള ആളാണ് പൃഥ്വിരാജ് എങ്കിലും കൃത്യ സമയത്ത് ലൊക്കേഷനില്‍ വന്നില്ലെങ്കില്‍ ഒരു നോട്ടം നോക്കുമെന്നും അത് കാണുമ്പോള്‍ പൃഥ്വിരാജിന്റെ അച്ഛന്‍ സുകുമാരനെ ഓര്‍മ്മ വരുമെന്നും ബൈജു സന്തോഷ് പറയുന്നു.

Also Read : ‘ഹേമ കമ്മിറ്റിയുടെ പിന്നിലുള്ള ടീമിനെയും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളുടെ കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നു’: ഗായിക ചിന്മയി ശ്രീപദ

”ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്. നമ്മള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഒക്കെ ഒരുപാട് കണ്ടിട്ടുണ്ട്. പത്തും ആയിരവും പേരൊക്കെ ഷൂട്ടിങ്ങിനിടെ വന്നുപോകാറുണ്ട്. പക്ഷേ ഈ സിനിമയില്‍ ഉടനീളം ദിവസവും ഒരു രണ്ടായിരം പേരൊക്കെ ഉണ്ടാകും. ഏതാണ്ട് മുപ്പതു ദിവസവും ഈ അവസ്ഥ ആയിരുന്നു. പ്രൊഡ്യൂസര്‍ ഊണ് കൊടുത്ത് ഒരു വഴി ആയി. ഈ ഷൂട്ടിങ്ങിന്റെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ നമ്മള്‍ അതിരാവിലെ വരണം. അത് എന്നെ സംബന്ധിച്ച് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാലും ഞാന്‍ രാവിലെ വരും. ഞാന്‍ ആദ്യം വിളിച്ചു ചോദിക്കും ‘രാജു വന്നോ?’ രാജു വന്നുകഴിഞ്ഞ് ഞാന്‍ അവിടെ എത്തിയാല്‍ മതി. ഒരു ദിവസം കൂടിപ്പോയാല്‍ ഒരു ഷോട്ട് അല്ലെങ്കില്‍ രണ്ടോ മൂന്നോ ഷോട്ട്. പക്ഷേ രാവിലെ വന്നാല്‍ വൈകുന്നേരം ആറുമണിവരെ അവിടെ ഇരിക്കണം. ആ സമയത്ത് എന്റെ ഏറ്റവും വലിയ വിനോദമായിരുന്നു ജഗദീഷേട്ടന്‍. ഞങ്ങള്‍ രണ്ടുപേരും ഒരു കാരവാനില്‍ ആയിരുന്നു അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി കളിയാക്കി ഇരിക്കും. മാത്രമല്ല ഇപ്പൊ കുറെ നാളായിട്ട് എന്നെ വിറ്റു ജീവിച്ചോണ്ടിരിക്കുകയാണ്. പുള്ളി ഇന്റര്‍വ്യൂവില്‍ ഒക്കെ എത്ര വയസ്സായി എന്ന് ചോദിച്ചാല്‍, ”ഞാന്‍ ബൈജുവിന്റെ ജസ്റ്റ് സീനിയര്‍ ആയി സ്‌കൂളില്‍ പഠിച്ചതാണ്” എന്ന് പറയും.

വിപിന്‍ ദാസിന്റെ ആദ്യത്തെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മുത്തുഗൗ എന്ന സിനിമ. അന്ന് ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ആ സിനിമ കഴിഞ്ഞ് ഞാന്‍ വിപിന്‍ ദാസിനോട് പറഞ്ഞു അടുത്ത ഒരു പ്രിയദര്‍ശന്‍ ആണ് വേണമെങ്കില്‍ കുറിച്ച് വച്ചോ എന്ന്. പ്രിയന്‍ ചേട്ടനെപോലെ ഒരു നൂറ്റിമൂന്ന് സിനിമ ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നു വരും പക്ഷെ മറ്റൊരു പ്രിയന്‍ തന്നെയാണ് ഒരു സംശയവും ഇല്ല. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇതിന്റെ ഡബ്ബിങ് മാര്‍ച്ച് അവസാനം ആയിരുന്നു. എന്റെ മകളുടെ കല്യാണം ഏപ്രില്‍ 5നും. പ്രതിഫലമായി ബാങ്കില്‍ ക്യാഷ് വന്നപ്പോള്‍ ഒരു അഞ്ചു ലക്ഷം രൂപ കൂടുതല്‍ ഉണ്ട്. ഞാന്‍ വിചാരിച്ചു എന്താ ഇത് കൂടുതല്‍ ആണല്ലോ ഇവര്‍ക്ക് തെറ്റ് പറ്റിയതാണോ. അങ്ങോട്ട് വിളിച്ചു പറയുന്നതല്ലേ നല്ലത് എന്നുകരുതി ഞാന്‍ അക്കൗണ്ടന്റിനെ വിളിച്ചു ചോദിച്ചു. നിങ്ങള്‍ അയച്ചതില്‍ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടോ, അദ്ദേഹം പറഞ്ഞു ഇല്ല ഞാന്‍ ഒന്ന് ചെക്ക് ചെയ്തിട്ട് പറയാം. അദ്ദേഹം നോക്കിയിട്ട് പറഞ്ഞു അയ്യോ ശരിയാ അഞ്ചു ലക്ഷം രൂപ കൂടുതല്‍ അയച്ചുപോയി. ഞാന്‍ ശരിക്കും വിചാരിച്ചത് എന്റെ മകളുടെ കല്യാണത്തിന് രാജു ഗിഫ്റ്റ് തന്നതാണ് എന്നാണ്. പിന്നെ ആണ് അറിഞ്ഞത് അബദ്ധം ആണെന്ന്.

രാജു സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ ഞാന്‍ അഭിനയിച്ചു, ഇനിയും കുറച്ചു പരിപാടികള്‍ ബാക്കിയുണ്ട്. അത് അടുത്ത മാസം ഒക്കെ ആകുമ്പോള്‍ നടക്കും എന്ന് തോന്നുന്നു. ഞാന്‍ ഒരുപാട് സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് ആരെയും പ്രത്യേകിച്ച് ഭയം ഒന്നും തോന്നിയിട്ടില്ല. പക്ഷെ ഞാന്‍ കറക്ടായിട്ട് രാവിലെ ഷൂട്ടിങ്ങിനു പോയിട്ടുള്ളത് രാജു സംവിധാനം ചെയ്ത സിനിമയ്ക്ക് വേണ്ടിയാണ്. കാരണം ആള് ഭയങ്കര സ്‌നേഹം ഒക്കെയാണ് പക്ഷേ ഭയങ്കര പ്രഫഷനല്‍ ആണ്.

നമ്മള്‍ രാവിലെ കറക്റ്റ് സമയത്ത് ചെന്നില്ലെങ്കില്‍ ഒരു നോട്ടമൊക്കെ ഉണ്ട്. ഒരു നോട്ടം മാത്രമേ ഉള്ളൂ. അതു കാണുമ്പോള്‍ എനിക്ക് സുകുവേട്ടനെ ഓര്‍മ്മ വരും. സുകുവേട്ടന്റെ അതേ നോട്ടമാണ്. എന്തായാലും വലിയ സന്തോഷമുണ്ട്. ഒരു ഹിറ്റ് ആകുന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതാണ് ഒരു നടനെ സംബന്ധിച്ച് ഭാഗ്യം എന്ന് പറയുന്നത്. എല്ലാ ചേരുവകകളും ഒത്തുവരുമ്പോഴാണ് ഒരു സിനിമ വിജയിക്കുന്നത്. എത്ര സിനിമകള്‍ വരുന്നുണ്ട് അതില്‍ വിജയം ആഘോഷിക്കുന്ന സിനിമകള്‍ വളരെ കുറവാണ്. എന്തായാലും ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്” ബൈജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here