’കുഞ്ഞിരാമായണ’ത്തിൽ ഗ്രാമീണനായി മിന്നലാട്ടം നടത്തിയെങ്കിലും മഹേഷിന്റെ പ്രതികാരകഥയിലെ ടോമിയാണ് ഹരീഷിന് മലയാള സിനിമയിൽ മേൽവിലാസമുണ്ടാക്കിയെടുത്തത്. ഉള്ളിലെ അഭിനയമോഹത്തെ കടയിലെ അടുപ്പിനൊപ്പം ഊതിക്കത്തിച്ചിരുന്ന എം.കെ. ഹരീഷ് കുമാർ ഹരീഷ് പേങ്ങനായി മാറിയത് ’കായംകുളം കൊച്ചുണ്ണി’ എന്ന സീരിയലിലൂടെയാണ്. ഇതിലെ വാഴപ്പള്ളി ജാനകി എന്ന കഥാപാത്രത്തിന്റെ ഭൃത്യനായിരുന്നു ഹരീഷ് അവതരിപ്പിച്ച പേങ്ങൻ. സീരിയൽ ജനപ്രിയമായപ്പോൾ ഹരീഷിന്റെ പേരിനൊപ്പം പേങ്ങനും ഒട്ടിച്ചേർന്നു. അങ്ങനെ ’കായംകുളം കൊച്ചുണ്ണി’ എന്ന സീരിയലിലെ ’പേങ്ങൻ’ എന്ന കഥാപാത്രം പിന്നീട് ഹരീഷിന്റെ വിളിപ്പേരാവുകയായിരുന്നു.
’മഹേഷിന്റെ പ്രതികാര’ത്തിനു ശേഷം നാട്ടിൻപുറ സ്വഭാവത്തിലുള്ള ഒട്ടേറെ കഥാപാത്രങ്ങൾ ഹരീഷിനെ തേടിയെത്തി. ചായക്കടക്കാരനായും കോഴിക്കച്ചവടക്കാരനായും സെക്യൂരിറ്റി ജീവനക്കാരനായുമൊക്കെ ഈ നടൻ മലയാള സിനിമയിൽ നിറഞ്ഞു. ചെയ്യുന്ന വേഷത്തോടുള്ള ആത്മാർഥതയായിരുന്നു ഹരീഷിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് കൂടെ പ്രവർത്തിച്ചവർ പറയുന്നു. ’വെള്ളരിപട്ടണ’ത്തിലെ ശശി എന്ന കഥാപാത്രത്തിനായി തെങ്ങുകയറ്റം വരെ പഠിച്ചു.
അത് കൂടാതെ ആട്-2, മാമാങ്കം, ആർക്കറിയാം, ജാനേമൻ, മിന്നൽമുരളി, ജോ ആൻഡ് ജോ, പ്രിയൻ ഓട്ടത്തിലാണ്, ജയ ജയ ജയ ജയഹേ, ഷഫീഖിന്റെ സന്തോഷം, വെള്ളരിപട്ടണം, പൂക്കാലം തുടങ്ങി അൻപതോളം സിനിമകളിൽ അഭിനയിച്ചു. ’ചാൾസ് എന്റർപ്രൈസസ്’ ആണ് ഒടുവിലിറങ്ങിയ ചിത്രം. ’അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് ആശുപത്രിയിലായത്. കരൾമാറ്റ ശസ്ത്രക്രിയയ്ക്കുള്ള വലിയ തുക കണ്ടെത്താൻ സുഹൃത്തുക്കൾ ശ്രമിക്കുന്നതിനിടെയാണ് ഈ അപ്രതീക്ഷിത വിയോഗം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here