അന്ന് കൊള്ളാവുന്ന ഒരു പാര്‍ട്ടി വന്നപ്പോള്‍ അവളെ വീട്ടുകാര്‍ കെട്ടിച്ചുകൊടുത്തു; പ്രണയകഥ പറഞ്ഞ് നടന്‍ ജനാര്‍ദ്ദനന്‍

തന്റെ പ്രണയകാലത്തെ കുറിച്ച് മനസ്സ്തുറന്ന് നടന്‍ ജനാര്‍ദ്ദനന്‍. മുതല്‍ ഒരുമിച്ചു കളിച്ചുവളര്‍ന്ന പെണ്‍കുട്ടി ആയിട്ടാണ് എനിക്ക് മാനസികമായി അടുപ്പം തോന്നിയതെന്ന് ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘എന്റെ പ്രണയം ഒരു സാധാരണ പ്രണയം അല്ല. ഒരു വല്ലാത്ത പ്രണയം ആയിരുന്നു. കുട്ടിക്കാലം മുതല്‍ ഒരുമിച്ചു കളിച്ചുവളര്‍ന്ന പെണ്‍കുട്ടി ആയിട്ടാണ് എനിക്ക് മാനസികമായി അടുപ്പം തോന്നിയത്. നമുക്കൊരു നല്ല കാലം വരുമ്പോള്‍ കല്യാണം കഴിക്കാം എന്നൊക്ക വിചാരിച്ചാണ് ഞാന്‍ എയര്‍ ഫോഴ്സില്‍ പോയി ചേര്‍ന്നത്.

പക്ഷെ അവരുടെ അച്ഛന്‍ വലിയ ഓഫീസര്‍ ഒക്കെ ആയിരുന്നു. ഞാന്‍ ആണെങ്കില്‍ ഇങ്ങനെ ഉഴപ്പി നടക്കുകയല്ലേ. പിന്നെ സിനിമയുമായി ബന്ധപ്പെട്ടിട്ടായതുകൊണ്ട് അതും ഒരു കാരണം ആയി. ഇതൊന്നും അന്നത്തെ കാലത്ത് ഒരു ക്വാളിഫിക്കേഷന്‍ അല്ല. ഡിസ്‌ക്വാളിഫിക്കേഷന്‍ ആണ്. കാരണം ഉദ്യോഗം കിട്ടാന്‍ എയര്‍ ഫോഴ്‌സില്‍ ചെന്നിട്ട് അവിടുന്ന് തല്ലുപിടിച്ച് പോന്നു. പഠിക്കാനും കൊള്ളില്ല. പിന്നെ പോയി ചേര്‍ന്നിരിക്കുന്നത് സിനിമക്കകത്താണ്. അന്നത്തെ കാലത്ത് സിനിമ എന്ന് പറയുന്നത് ഭയങ്കര കുഴപ്പമാണ്.

അന്ന് കൊള്ളാവുന്ന ഒരു പാര്‍ട്ടി വന്നപ്പോള്‍ അവളെ വീട്ടുകാര്‍ കെട്ടിച്ചുകൊടുത്തു. അന്ന് പെണ്‍കുട്ടികള്‍ക്ക് ഇന്നത്തെപോലെ കാര്യങ്ങള്‍ സംസാരിക്കാനുള്ള ധൈര്യമൊന്നുമില്ലല്ലോ.

പക്ഷെ നമ്മുടെ പ്രണയം ഒരു അടിത്തട്ടില്‍ ഇങ്ങനെ തന്നെ കിടന്നു. കോളേജില്‍ പഠിക്കുമ്പോഴും അല്ലാതെയുമൊക്കെ ഒരുപാട് പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്, അവരെ പരിചയപ്പെടാനൊക്കെ അവസരങ്ങള്‍ കിട്ടിയിട്ടുമുണ്ട്. പക്ഷെ അന്ന് ഒന്നിനും മനസനുവദിച്ചില്ല.

ഇതിന്റെ ക്ലൈമാക്‌സ് എന്താണെന്നുവെച്ചാല്‍ അവളുടെ ആ ബന്ധം ഒരു രണ്ട് വര്‍ഷം മാത്രമാണ് നിന്നത്. അയാള്‍ വളരെ ബുദ്ധിപൂര്‍വം അമേരിക്കക്ക് പോണമെന്ന് പറഞ്ഞ് ബന്ധം വേര്‍പെടുത്തി പോയി. അവിടെ ചെന്ന് പുള്ളി വേറെ കല്യാണം ഒക്കെ കഴിച്ചു.

അങ്ങനെ അവള്‍ ആകെ വല്ലാത്തൊരു അവസ്ഥയില്‍ ആയിപ്പോയി. അന്ന് എഴുത്തൊക്കെ ഉണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ വിചാരിച്ചു എന്തായാലും ഞങ്ങള്‍ തുടങ്ങി വെച്ചതല്ലേ കെട്ടിയേക്കാം എന്ന് വിചാരിച്ചു,’ജനാര്‍ദ്ദനന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News