നടന്‍ കൃഷ്ണകുമാറിന് ബിജെപി യോഗത്തില്‍ വേദിയില്‍ ഇടം നല്‍കിയില്ല, പരിപാടി ക‍ഴിയും മുമ്പേ സദസ് വിട്ടു

കേരള ബിജെപി പടവലങ്ങ പോലെ വളരുന്നു എന്ന പരിഹാസം ശരിവയ്ക്കുന്നതാണ് കുറച്ചു ദിവസങ്ങളായി പാര്‍ട്ടിയിലെ പ്രമുഖരുടെ കൊ‍ഴിഞ്ഞ് പോക്ക്. അലി അക്ബര്‍(രാമസിംഹന്‍), ഭീമന്‍ രഘു, രാജസേനന്‍ എന്നിവര്‍ ക‍ഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി  വിട്ടിരുന്നു. ഇപ്പോ‍ഴിതാ നടന്‍ കൃഷ്ണകുമാറും അതൃപ്ത് പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

കവടിയാർ ഉദയ് പാലസിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പങ്കെടുത്ത തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശാല ജനസഭയിൽ തനിക്കു വേദിയിൽ ഇടം നല്‍കാത്തതാണ് കൃഷ്ണകുമാറിനെ ചൊടിപ്പിച്ചത്. പരിപാടിക്കെത്തി സദസിലിരുന്ന കൃഷ്ണ കുമാർ, പരിപാടി തീരും മുൻപു തന്നെ മടങ്ങിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയത്.

ഒരു മാധ്യമത്തിനോട് സംസാരിക്കുമ്പോ‍ഴാണ് കൃഷ്ണകുമാര്‍ അതൃപ്തി പരസ്യമാക്കിയത്.

‘‘നമ്മുടെ സമയം നമ്മെ അർഹതപ്പെട്ട സ്ഥലത്ത് എത്തിച്ചിരിക്കും. ഇന്ന് ഇവിടെ ഇരിക്കാനാണു യോഗം. ഞാൻ വളരെ സന്തോഷത്തോടെ ഇവിടെ ഇരിക്കുന്നു. വേദിയിൽ ഇടം കിട്ടാത്ത കാര്യം പലരും പറഞ്ഞപ്പോഴാണു ഞാൻ തന്നെ ഓർക്കുന്നത്. ഇടയ്ക്കു രണ്ടു പേർ വേദിയിൽനിന്ന് ഇറങ്ങിവന്ന് എന്നോടു വേദിയിൽ വന്ന് ഇരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഈ ഇരിപ്പിടത്തിൽ തൃപ്തനാണെന്നും അടുത്തിരിക്കുന്നവരുമായി കൂട്ടായെന്നും പറഞ്ഞ് ക്ഷണം നിരസിച്ചു’’ – കൃഷ്ണകുമാർ പറഞ്ഞു.

തർക്കങ്ങളുണ്ടെങ്കിലും ബിജെപി വിടുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ ഫോണിൽ വിളിച്ചാൽ കിട്ടാറില്ല. പാർട്ടി നേതൃത്വവുമായുള്ള ആശയവിനിമയം വേണ്ട തോതിൽ നടക്കുന്നില്ല. നേതാക്കൾക്ക് അവരുടേതായ തിരക്കുകളുള്ളതു കൊണ്ടാകും തന്നേപ്പോലുള്ളവർ വിളിച്ചാൽ കിട്ടാത്തതെന്നും കൃഷ്ണകുമാർ പറയുന്നു.  ബിജെപി ദേശീയ കൗൺസിൽ അംഗമാണ് കൃഷ്ണകുമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News