മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖിന്റെ വേർപാടിൽ പ്രതികരിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ… അതിലുപരി ഒരു യഥാർത്ഥ മനുഷ്യനെയും നമുക്ക് നഷ്ടമായിരിക്കുന്നു, എന്റെ കുടുംബത്തിന് അദ്ദേഹം നൽകിയ സ്‌നേഹവും ആദരവും എക്കാലവും നിലനിൽക്കും.അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. കുഞ്ചാക്കോ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ദിഖ് കലാലോകത്തേയ്‍ക്ക് എത്തുന്നത്. തുടര്‍ന്ന് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ദിഖും സിനിമയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.
സംവിധായകൻ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ദിഖിന്റെ സിനിമാ പ്രവേശം. സിദ്ദിഖ് – ലാല്‍ കോമ്പോ മോഹൻലാല്‍ ചിത്രമായ ‘പപ്പൻ പ്രിയപ്പെട്ട പപ്പനി’ലൂടെ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹൻലാലിന്റെ ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ദിഖും ലാലും തിളങ്ങി. സംവിധായകര്‍ എന്ന നിലയില്‍ ആദ്യ ചിത്രം ‘റാംജി റാവു സ്‍പീക്കിംഗ് ആയിരുന്നു.സിദ്ദിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.
കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. 63 വയസ്സായിരുന്നു. മൂന്നു പതിറ്റാണ്ടിലധികമായി മലയാള ചലച്ചിത്ര മേഖലയിൽ സംവിധായകൻ, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിൽ സജീവമായിരുന്നു സിദ്ദിഖ്.
ബുധനാഴ്ച രാവിലെ 9 മണി മുതൽ 11.30 മണി വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനമുണ്ടാകും. എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ വൈകീട്ട് 6 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടക്കും.
Also Read: ഹിറ്റുകളുടെ സാമ്രാട്ടിന് വിട
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here