നീലവെളിച്ചം സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കി നടൻ മധു രംഗത്ത് . രണ്ടാം ഭാഗത്ത് പ്രേം നസീറിനേയും പി ജെ ആന്റണിയേയും അതിലും മികച്ചതാക്കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് മധു പറഞ്ഞു. നസീറിനോളം പോന്നതോ അതിന് മുകളില്‍ നില്‍ക്കുന്ന ഒരാൾക്ക് മാത്രമേ ഭാർഗവിയുടെ കാമുകനായ ശശികുമാറിന്റെ വേഷം വീണ്ടും അവതരിപ്പിക്കാൻ കഴിയൂവെന്നും, നസീറിന്‍റെ റോള്‍ വേറെ ആര് അഭിനയിച്ചാലും ശരിയാകില്ലെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മധു പറഞ്ഞു.
മധു പറഞ്ഞത്
ആ ചിത്രത്തിന്‍റെ തുടക്കത്തില്‍ ആഷിഖ് അബു എന്നെ വന്ന് കണ്ടിരുന്നു. ആ ചിത്രത്തിന് സംഭവിച്ചത് അത് രണ്ട് ഭാഗമാണല്ലോ. അതില്‍ ടൊവിനോ അഭിനയിച്ച ഭാഗം നന്നായിരുന്നു. ടൊവിനോ തോമസ് തന്റെ വേഷത്തിൽ മികച്ചു നിന്നു.ഞാന്‍ അവതരിപ്പിച്ച ഒറിജിനല്‍ കഥാപാത്രത്തെ ടൊവിനോ അനുകരിച്ചില്ല. പകരം സ്വന്തം രീതിയില്‍ അയാള്‍ അവതരിപ്പിച്ചു.
രണ്ടാം ഭാഗത്ത് പ്രേം നസീറിനേയും പി ജെ ആന്റണിയേയും അതിലും മികച്ചതാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നസീറിനോളം പോന്നതോ അതിന് മുകളില്‍ നില്‍ക്കുന്ന ഒരാൾക്ക് മാത്രമേ ഭാർഗവിയുടെ കാമുകനായ ശശികുമാറിന്റെ വേഷം വീണ്ടും അവതരിപ്പിക്കാൻ കഴിയൂ.പിന്നെ ഭാര്‍ഗവിയുടെ റോളില്‍ റിമ നന്നായി ചെയ്തു. പക്ഷെ ഭര്‍ഗവി നിലയത്തില്‍ ആ വേഷം അഭിനയിച്ച വിജയ് നിര്‍മ്മലയ്ക്ക് ഒരു ചൈതന്യം ഉണ്ടായിരുന്നു അത് സത്യമായിരുന്നു. പലരെയും ആക്കാലത്ത് ആ റോളിലേക്ക് ആലോചിച്ചു. എന്നാല്‍ സംവിധായകന്‍ വിന്‍സെന്‍റിന് തൃപ്തിയായില്ല. കണ്ണ് ശരിയാകുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴിലും തെലുങ്കിലുമൊക്കെ നോക്കി. അങ്ങനെ ഒരു ദിവസം സ്റ്റുഡിയോയിൽ ഒരു പെണ്ണ് ചോറ്റുപാത്രവുമായി പോകുന്നു. സംവിധായകൻ അവളുടെ കണ്ണ് ശ്രദ്ധിച്ചു. അന്വേഷിച്ചപ്പോൾ തിയറ്ററിലെ ഓപ്പറേറ്ററുടെ മകളാണ്. അദ്ദേഹത്തിന് ചോറും കൊണ്ട് വന്നതാണ്. അവളുടെ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുമുണ്ട്. ഇതുവരെ അഭിനയിച്ചിട്ടില്ല.അവസാനം വിന്‍സെന്‍റ് അവരെക്കൊണ്ട് അഭിനയിപ്പിക്കാന്‍ സമ്മതിപ്പിക്കുകയായിരുന്നു.
അഭിനയപരിചയമില്ലാതെ വെറുമൊരു സാധാരണ പെൺകുട്ടിയായിരുന്ന വിജയ നിർമലയുടെ അരങ്ങേറ്റ ചിത്രമായിരുന്നു അത്. പിന്നീട് അവര്‍ തന്റെ പേരിൽ ഒരു റെക്കോർഡ് പോലും ഉള്ള ഒരു സംവിധായികയായി മാറി. ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത വനിത സംവിധായിക എന്നതായിരുന്നു ആ റെക്കോഡ്. പകരം വയ്ക്കാനാകാത്ത ഒരു ചൈതന്യം അവരില്‍ ഉണ്ടായിരുന്നു.
നസീറിന്‍റെ റോള്‍ വേറെ ആര് അഭിനയിച്ചാലും ശരിയാകില്ല. ഇപ്പോള്‍ അഭിനയിച്ച അഭിനേതാക്കളെ കുറ്റം പറയേണ്ട. ഏത് താരങ്ങൾ അഭിനനയിച്ചാലും ഭാർഗവി നിലയം പോലെ വരില്ല. നീല വെളിച്ചത്തിലെ ഗാനങ്ങൾ നശിപ്പിച്ച് കളഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here