‘ഇതൊരു സന്ദേശമാണ് പലർക്കും, അനുഭവം ഓർത്തെടുത്തതിന് മധുസാറിന് മുന്നിൽ ഞാൻ കൈ കൂപ്പുന്നു’: സത്യൻ അന്തിക്കാട്

ജീവിതത്തിന് സ്വന്തമായൊരു ചിട്ട കൽപിക്കുകയും കൃത്യമായി അതു പാലിക്കുകയും ചെയ്യുന്നതു കൊണ്ടാണ് നടൻ മധുവിന് വാർദ്ധക്യം ബാധിക്കാത്തതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ണ്ണമ്മൂലയിലെ പഴയ വീട്ടിൽ പ്രായത്തിന് പിടികൊടുക്കാതെ ഉന്മേഷവാനായി മധുസാർ ഇരിക്കുന്നുവെന്നും എല്ലാ ദിവസവും മധുസാർ സിനിമകൾ കാണും, അവിടിരുന്ന് പുസ്തകങ്ങൾ വായിക്കും. രാത്രി രണ്ടു മണിയായിട്ടേ ഉറങ്ങു. പിറേറന്ന് ഉണരുന്നത് ഉച്ചയോടടുത്ത് പതിനൊന്നു മണിക്കാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങുകയോ മീറ്റിംഗുകളിൽ പങ്കെടുത്ത് പ്രസംഗിക്കുകയോ ചെയ്യില്ല സത്യൻ അന്തിക്കാട് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

നടൻ ഇപ്പോൾ തന്റെ ജീവിത കഥ എഴുതുന്നുണ്ടെന്നും ഡൽഹിയിലെ സ്‌കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിച്ചിരുന്ന കാലത്തെ അനുഭവം അദ്ദേഹം പങ്കുവെയ്‌ക്കുന്നുണ്ടെന്നും സംവിധായകൻ പറഞ്ഞു. നടൻ മധുവിന്റെ ജീവിതകഥയിലെ ഒരു ഭാ​ഗവും സത്യൻ അന്തിക്കാട് ഫേയ്സ്ബുക്കിൽ പങ്കുവെക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ…

‘ഈയിടെ തിരുവനന്തപുരത്ത് പോയപ്പോൾ മധുസാറിനെ കണ്ടു. കണ്ണമ്മൂലയിലെ പഴയ വീട്ടിൽ പ്രായത്തിന് പിടികൊടുക്കാതെ ഉന്മേഷവാനായി മധുസാർ ഇരിക്കുന്നു. ഉമാ സ്റ്റുഡിയോയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച കാലവും പഴയ സിനിമാ വിശേഷങ്ങളുമൊക്കെ പറഞ്ഞ് കുറേ നേരം അവിടെയിരുന്നു. എല്ലാ ദിവസവും മധുസാർ സിനിമകൾ കാണും, പുസ്തകങ്ങൾ വായിക്കും. രാത്രി രണ്ടു മണിയായിട്ടേ ഉറങ്ങു. പിറ്റേന്ന് ഉണരുന്നത് ഉച്ചയോടടുത്ത് പതിനൊന്നു മണിക്കാണ്’.

‘വീട്ടിൽ നിന്ന് പുറത്തിറങ്ങുകയോ മീറ്റിംഗുകളിൽ പങ്കെടുത്ത് പ്രസംഗിക്കുകയോ ചെയ്യില്ല. ജീവിതത്തിന് സ്വന്തമായൊരു ചിട്ട കൽപിക്കുകയും കൃത്യമായി അതു പാലിക്കുകയും ചെയ്യുന്നതു കൊണ്ടാകാം ആ മനസ്സിനും ശരീരത്തിനും വാർദ്ധക്യം ബാധിക്കാത്തത്. ഈ കുറിപ്പെഴുതാനുള്ള കാരണം ഇതൊന്നുമല്ല. മധുസാർ സ്വന്തം ജീവിതകഥ എഴുതുന്നുണ്ട്. പണ്ട് ഡൽഹിയിലെ സ്‌കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിച്ചിരുന്ന കാലത്തെ ഒരു ഓർമ്മ അദ്ദേഹം പങ്കുവച്ചിരുന്നു. അത് വായിച്ചിട്ടില്ലാത്തവർക്ക് വേണ്ടി മധു സാറിന്റെ വാക്കുകളിൽ തന്നെ താഴെ കൊടുക്കുകയാണ്’.

“ഐഫക്സ് ഹാൾ ഡൽഹിയിലെ പ്രശസ്തമായ തിയറ്ററാണ്. മിക്കവാറും മികച്ച നാടകങ്ങളൊക്കെ ഇവിടെയായിരുന്നു അവതരിപ്പിച്ചിരുന്നത്. അവിടെ ഒരു പുതിയ നാടകം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വരുന്ന വിവരം ഞങ്ങൾക്ക് ലഭിച്ചു. അന്ന് ഞങ്ങൾ നേരത്തെ തന്നെ ഹാളിലെത്തി. നെഹ്‌റുവിനെ വളരെ അടുത്ത് കാണാൻ കിട്ടുന്ന അവസരമല്ലേ. പറഞ്ഞ സമയത്തു തന്നെ പ്രധാനമന്ത്രി വേദിയിലെത്തി. ഔപചാരികമായ ഉദ്ഘാടനവും തുടർന്നുള്ള പ്രസംഗവും കഴിഞ്ഞു. നാടകം ആരംഭിക്കാറായി. പ്രധാനമന്ത്രിക്ക് മറ്റൊരിടത്ത് അത്യാവശ്യമായി എത്തേണ്ടതുണ്ട്. എങ്കിലും സംഘാടകരുടെ സ്‌നേഹപൂർണ്ണമായ നിർബന്ധത്തിന് വഴങ്ങി കുറച്ചു നേരം അദ്ദേഹം നാടകം കാണാമെന്നേറ്റു. അത്യാവശ്യം മുന്നിലായിത്തന്നെ ഞാനും സീറ്റ് പിടിച്ചു. ഏതാണ്ട് മദ്ധ്യഭാഗത്തായി മുൻപിലാണ് പ്രധാനമന്ത്രി നെഹ്‌റു ഇരുന്നത്. ഹാളിലെ ലൈറ്റ് ഓഫായി. നാടകം ആരംഭിച്ചു’.

‘വികാരഭരിതമായ രംഗങ്ങൾ അരങ്ങിൽ ആവിഷ്കരിക്കപ്പെടുകയാണ്. പെട്ടന്ന് ഞാൻ നോക്കുമ്പോൾ ആ ഇരുട്ടത്ത് എന്റെ മുന്നിലൂടെ ഒരാൾ നാലുകാലിൽ ഇഴഞ്ഞു നീങ്ങും പോലെ പുറത്തേക്ക് പോകുന്നു. കാണികൾക്കും സ്റ്റേജിനുമിടയിൽ താൻ എഴുന്നേറ്റു നിന്നാൽ അത് കാണികളിൽ വലിയൊരു ഭാഗത്തിന്റെ ശ്രദ്ധ തിരിക്കും എന്നറിയാവുന്ന പ്രധാനമന്ത്രി ആരോടും പറയാതെ അരങ്ങിനു മുന്നിലൂടെ ഇഴഞ്ഞിഴഞ്ഞ് എന്ന മട്ടിൽ പുറത്തേക്കു പോകുകയായിരുന്നു. ശരിക്കും ആ ഉന്നതനായ മനുഷ്യന്റെ, കലാബോധമുള്ള ആ നേതാവിന്റെ ഹൃദയശുദ്ധിയും കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ ആദരവും വ്യക്തമാക്കുന്നതായിരുന്നു ആ പോക്ക്. മനസ്സ് കൊണ്ട് ഞാൻ ആ മനുഷ്യന്റെ എളിമക്കു മുന്നിൽ കൈ കൂപ്പി. “ എന്നു പറഞ്ഞു കൊണ്ടാണ് മധു സാർ ആ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതൊരു സന്ദേശമാണ്. പലർക്കും. ഈ അനുഭവം ഓർത്തെടുത്ത് തന്നതിന് മധുസാറിന് മുന്നിൽ ഞാനും കൈ കൂപ്പുന്നു’- എന്ന് സത്യൻ അന്തിക്കാട് ഫേയ്സ്ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News