മമ്മൂട്ടി തട്ടിക്കൊടുത്ത പന്തില്‍ ‘ആട്ടക്കള’യ്ക്ക് തുടക്കമായി. ഗോത്ര വിഭാഗത്തില്‍ നിന്ന് ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുകയും അതുവഴി ആ സമൂഹത്തിലെ കുട്ടികള്‍ ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നത് തടയുവാനും ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ആട്ടക്കള’.ഏലൂര്‍ ഗ്രൗണ്ടില്‍ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു.
അട്ടപ്പാടി ഗോത്ര വിഭാഗത്തിലെ അറുപതു കുട്ടികളുടെ ഫുഡ്‌ബോള്‍ സ്വപ്നത്തിനാണ് സാക്ഷാത്കാരമായത്. കുട്ടികളിലെ ലഹരി ഉപയോഗം തടയാനും അവരുടെ ശ്രദ്ധ ഫുട്‌ബോള്‍ കളിയിലേക്ക് തിരിച്ചുവിടാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഏറെ കായിക ക്ഷമതയുള്ളവരാണ് ആദിവാസി വിഭാഗങ്ങളിലുള്ള കുട്ടികള്‍. എന്നാല്‍ മറ്റുള്ളവര്‍ക്കുള്ള സൗകര്യങ്ങളും അവസരങ്ങളും ഇപ്പോഴും അവര്‍ക്ക് ലഭ്യമാവുന്നില്ലെന്നും തേര്‍ട്ടീന്‍ത് ഫൗണ്ടേഷനും കെയര്‍ ആന്‍ഡ് ഷെയറും ചേര്‍ന്ന് ആട്ടക്കള’ എന്ന പദ്ധതി അവര്‍ക്ക് മുന്നില്‍ തുറന്നുവയ്ക്കുന്നത് അവസരങ്ങളുടെ വാതിലുകളാണെന്നും മമ്മൂട്ടി പറഞ്ഞു.
ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായ സി.കെ. വിനീതടക്കം നിരവധി താരങ്ങളുടെ നേതൃത്വത്തിലാണ് ആദിവാസി കുട്ടികളുടെ ഫുട്‌ബോള്‍ പരിശീലനം സാധ്യമാക്കുന്നത്. ഏഴ് വയസ് മുതല്‍ പതിനാല് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ എഫ് 13 അക്കാദമി ഡയറക്ടര്‍മാരായ റിനോ ആന്റോ, അനസ് എടത്തോടിക്ക, മുഹമ്മദ് റാഫി, എന്‍. പി പ്രദീപ്, കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി. രാജ്കുമാര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here