ഇന്നസെന്റിന്റെ വിയോഗ വാർത്ത അറിഞ്ഞത് ഗോൾഡൻ വീസ സ്വീകരിക്കാൻ എത്തിയപ്പോൾ; താങ്ങാനാവാതെ നടൻ മാമുക്കോയ

ഇന്നസെന്റിന്റെ വിയോഗം താങ്ങാനാവാതെ നടൻ മാമുക്കോയ. ദുബായിൽ യുഎഇ ഗോൾഡൻ വീസ സ്വീകരിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. അവിടെ വെച്ചാണ് ഇന്നസെന്റിന്റെ വിയോഗ വാർത്ത അറിഞ്ഞത്. വാർത്ത മനസിലാക്കിയ എമിഗ്രേഷൻ അധികൃതർ വളരെ പെട്ടന്ന് മാമുക്കോയക്ക് ഗോൾഡൻ വീസ പതിച്ചു നൽകുകയായിരുന്നു. പ്രിയ സഹപ്രവർത്തകന്റെ മുഖം അവസാനമായി നേരിൽ കാണാനുള്ള ആഗ്രഹം അവരെ പറഞ്ഞു മനസിലാക്കിയതോടെ ഇന്ന് (ചൊവ്വ) ലഭിക്കേണ്ടിയിരുന്ന വീസ ഇന്നലെ (തിങ്കൾ) തന്നെ അനുവദിക്കുകയായിരുന്നു.

ഇന്നസന്റിന്റെ വിയോഗം മലയാള സിനിമയ്ക്ക് മാത്രമല്ല, തന്നെപ്പോലുള്ള സഹപ്രവർത്തകർക്ക് കൂടി വലിയ നഷ്ട്ടമാണ്. സിനിമാക്കാരനെന്നതിലുപരി എല്ലാവരോടും ആത്മബന്ധം പുലർത്തിയിരുന്ന നടനായിരുന്നു അദ്ദേഹം എന്നും എല്ലാവരുടെയും സ്വകാര്യ ദുഃഖങ്ങളിൽ പങ്കുചേർന്നിരുന്ന മനുഷ്യസ്നേഹി ആണ് അദ്ദേഹമെന്നും മാമുക്കോയ പറഞ്ഞു. ഞാനും ഇന്നസെന്റും ഒരുകാലത്ത് താരജോഡികളായിരുന്നു.

എത്രയോ ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. തുടർച്ചയായി ആറും ഏഴും സിനിമകളിൽ അഭിനയിച്ച ശേഷമായിരുന്നു ഞങ്ങളന്ന് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയിരുന്നത്. മാമുക്കോയ ഓർത്ത് പറഞ്ഞു. അമ്മയുടെ യോഗത്തിലായിരുന്നു അദ്ദേഹത്തെ അവസാനമായി നേരിൽ കണ്ടത്. പിന്നീട് ഇടയ്ക്കിടെ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. പ്രിയദർശന്റെ കുഞ്ഞാലിമരയ്ക്കാർ–അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലായിരുന്നു ഏറ്റവുമൊടുവിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചത്. ഇന്നസെന്റിന്റെ മാത്രമല്ല, കെ പി എ സി ലളിതയുടെയും നെടുമുടിയുടെയും, സുകുമാരിയുടേയുമെല്ലാം മരണം തന്നെ വളരെയധികം ബാധിച്ചു എന്നും മാമുക്കോയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News