‘സിനിമയിലും ജീവിതത്തിലും എന്റെ ബിഗ്ബ്രദർ’ ; സിദ്ദിഖിന്റെ വിയോഗത്തിൽ വേദനയോടെ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ

പ്രിയ സുഹൃത്തിന്റെ നിര്യാണത്തിൽ വേദനയോടെ നടൻ മോഹൻലാൽ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മോഹൻലാൽ തന്റെ ദുഃഖം പങ്കുവെച്ചത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപമിങ്ങനെ;

“എൻ്റെ പ്രിയപ്പെട്ട സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നർമ്മത്തിലൂടെയും സാധാരണക്കാരൻ്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യ. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിൻ്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷകലക്ഷങ്ങൾ കാത്തിരുന്നു.

Also Read: ‘എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്’; സിദ്ദിഖിന്റെ വേർപാടിൽ മുകേഷ്

സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു. അദ്ദേഹം അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാനചിത്രമായ ബിഗ്ബ്രദറിൽ വരെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News