‘ഇനി നീ സൂക്ഷിച്ച് പോയാല്‍ മതിയെന്നൊക്കെ പറഞ്ഞ് വല്യേട്ടന്‍ കളിച്ചു; ജോജുവിന് ഇത്രയധികം വിജയങ്ങള്‍ വേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്’; പ്രശാന്ത് അലക്‌സാണ്ടര്‍ പറയുന്നു

നടന്‍ ജോജു ജോര്‍ജുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറന്ന് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. ജോജു വളരെയധികം കഠിനാധ്വാനിയാണെന്നും അതിന്റെ പത്ത് ശതമാനം പോലും താന്‍ ചെയ്യാറില്ലെന്നും പ്രശാന്ത് അലക്‌സാണ്ടര്‍ പറയുന്നു. തന്റെ കരിയറില്‍ ജോജു ജോര്‍ജ് വളരെയധികം അപമാനം നേരിട്ടിട്ടുണ്ട്. തനിക്ക് അത്തരത്തില്‍ നേരിട്ടുള്ള അനുഭവങ്ങളില്ല. തന്നെക്കാള്‍ അനുഭവങ്ങളുള്ളതുകൊണ്ടുതന്നെ ജോജുവിന് റിസ്‌കെടുക്കാന്‍ ഭയമില്ലെന്നും പ്രശാന്ത് അലക്‌സാണ്ടര്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് അലക്‌സാണ്ടര്‍ ജോജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസു തുറന്നത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി നായകസ്ഥാനത്തേക്ക് എത്തിയവരാണെങ്കിലും താനും ജോജു ജോര്‍ജും തമ്മില്‍ സാമ്യം കുറവാണെന്ന് പ്രശാന്ത് പറയുന്നു. ജോജു കഠിനാധ്വാനിയാണ്. താന്‍ അതിന്റെ പകുതി പോലുമില്ല. തനിക്ക് ഇടയ്ക്ക് വര്‍ക്കുകള്‍ കിട്ടുമായിരുന്നു. വരുമാനമുണ്ടായിരുന്നു. എന്നാല്‍ ജോജുവിന്റെ അവസ്ഥ അതായിരുന്നില്ല. ജോജു ചെല്ലുന്നിടത്തെല്ലാം അപമാനവും കളിയാക്കലുമായിരുന്നുവെന്നും പ്രശാന്ത് അലക്‌സാണ്ടര്‍ പറയുന്നു. പുരുഷപ്രേതം കണ്ടശേഷം ജോജു വിളിച്ചിരുന്നു. ‘എടാ പരിപാടി വര്‍ക്കാണ്, ഇനി നീ സൂക്ഷിച്ച് പോയാല്‍ മതിയെന്നൊക്കെ പറഞ്ഞ് വല്യേട്ടന്‍ കളിച്ചു. അവന് പിന്നെ അതാകാമല്ലോ?, അവന്‍ തന്നെക്കാള്‍ മുന്നേ നായകനായവനാണല്ലോ. പുരുഷപ്രേതത്തിന്റെ കഥ ജോജുവാണ് ആദ്യം കേട്ടിരുന്നതെങ്കില്‍ അത് 2018 ല്‍ തന്നെ പുറത്തുവരുമായിരുന്നു. താനായതുകൊണ്ടാണ് അത് ഇത്രയും വൈകിയതെന്നും പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞു.

സിനിമയില്‍ നായക സ്ഥാനത്തേക്ക് എത്തിയ ശേഷം ജോജുവിന് ഉത്തരവാദിത്തങ്ങള്‍ കൂടി. ഇതോടെ അവന്റെ എന്‍ജോയ്‌മെന്റ് സൈഡ് അധികം കാണാന്‍ കിട്ടാറില്ല. ആ ഫണ്‍ മാന്‍ ജോജുവിനെ മിസ് ചെയ്യാറുണ്ട്. അതോര്‍ക്കുമ്പോള്‍ ഇത്രയധികം വിജയങ്ങള്‍ ജോജുവിന് വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News