‘നിഷേധിയായ പോരാളി’ തിലകന്റെ ഓർമ്മ ദിവസം ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് നടൻ ഷമ്മി തിലകൻ

മലയാളത്തിന്റെ മഹാനടൻ തിലകന്റെ ഓർമ്മ ദിവസം ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് നടൻ ഷമ്മി തിലകൻ. നിഷേധിയായ പോരാളി വീരമൃത്യു അടഞ്ഞിട്ട് പതിനൊന്നുവർഷമായെന്ന് ഫേസ്ബുക്കിൽ ഷമ്മി തിലകൻ കുറിച്ചു. ജീവിച്ചിരുന്നപ്പോൾ അദ്ദേഹം ഉത്പാദിപ്പിച്ച ഊർജ്ജം മലയാള സംസ്കാരം ഉള്ളടത്തോളം കാലം എക്കാലവും ബാക്കിയുണ്ടാവുമെന്നും, കാഴ്ചകളെ വലുതാക്കിയതിനും, മനുഷ്യരെ തിരിച്ചറിയാൻ സഹായിച്ചതിനും നഷ്ടങ്ങളോടും ദുഃഖങ്ങളോടും എപ്പോഴും നന്ദി ഉണ്ടെന്നും ഷമ്മി തിലകൻ കുറിച്ചു.

ALSO READ: മലയാള ചലച്ചിത്ര ശാഖയില്‍ കെ.ജി ജോര്‍ജിന്റെ സിനിമകള്‍ എന്നും സജീവമായി നിലകൊണ്ടിരുന്നു; മമ്മൂട്ടി

ഷമ്മി തിലകന്റെ കുറിപ്പ് ഇങ്ങനെ

വർഷം പതിനൊന്ന്.
ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത അഭിനയസമർപ്പണമായതിനാൽ കാലം നെഞ്ചിലേറ്റി..; ഒന്നിലും ഒരിക്കലും തോൽക്കാത്ത മഹാനടന്മാരുടെ മുൻനിരയിൽ തന്നെ പേര് ചേർത്ത് എഴുതിയിരിക്കുന്ന നടന കുലപതി അരങ്ങൊഴിഞ്ഞിട്ട് പതിനൊന്നുവർഷം..!
കലഹം ജന്മപ്രകൃതമായ.;
കലഹിക്കാനുള്ള പഴുതുകളൊന്നും പാഴാക്കാത്ത.;
മരണം പോലും കലഹമാക്കി ആഘോഷിച്ച.;
തന്നെ തള്ളിപ്പറഞ്ഞ വ്യവസ്ഥിതിയോട് ‘ജനപക്ഷപിന്തുണ’ എന്ന വജ്രായുധംകൊണ്ട് മധുരമായി പകരം വീട്ടിയ.;
നിഷേധിയായ പോരാളി വീരമൃത്യു അടഞ്ഞിട്ട് പതിനൊന്നുവർഷം..!
അന്യായം, അധർമ്മം, അക്രമം എന്ന് തോന്നുന്ന എന്തിനെയും, അതിൻറെ വരുംവരാഴികകൾ ആലോചിക്കാതെ എതിർക്കുന്ന ഏതൊരുവന്റെയുള്ളിലും തിലകന്റെ ഒരംശം പ്രവർത്തിക്കുന്നുണ്ട് എന്ന് കാരശ്ശേരി മാഷ് ഒരിക്കൽ പറയുകയുണ്ടായി.
അതെ..!
ജീവിച്ചിരുന്നപ്പോൾ അദ്ദേഹം ഉത്പാദിപ്പിച്ച ഊർജ്ജം മലയാള സംസ്കാരം ഉള്ളടത്തോളം കാലം എക്കാലവും ബാക്കിയുണ്ടാവും..!
എന്നിരുന്നാലും..; ‘പെറ്റ് കിടക്കുന്ന പുലി’ എന്ന് മുഖത്തുനോക്കി വിളിക്കാൻ ചുരുക്കം ചിലർക്കെങ്കിലും മൗനാനുവാദം നൽകി, എന്നെന്നും ആ വാൽസല്യ വിളി ആസ്വദിച്ചിരുന്ന നിഷ്കളങ്കനായ “തിലകൻ ചേട്ടൻ” എന്ന
പാലപുരത്ത് കേശവൻ മകൻ സുരേന്ദ്രനാഥ തിലകൻ.; എൻറെ അഭിവന്ദ്യ പിതാവ്..;
ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് പതിനൊന്നുവർഷം..!
നഷ്ടങ്ങളോടും ദുഃഖങ്ങളോടും എപ്പോഴും നന്ദി ഉണ്ട്.
കാഴ്ചകളെ വലുതാക്കിയതിന്..!
മനുഷ്യരെ തിരിച്ചറിയാൻ സഹായിച്ചതിന്..!!
ഒറ്റയ്ക്ക് നിൽക്കാൻ പഠിപ്പിച്ചതിന്..!!!
പ്രണാമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News