മലയാള സിനിമാ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു. ഞായറാഴ്‌ച കലൂർ ഗോകുലം കൺവഷൻ സെന്ററിൽ ചേർന്ന വാർഷിക പൊതുയോഗത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് സിദ്ദിഖിനെ തെരഞ്ഞെടുത്തത്. സിദ്ദിഖിന് 157 വോട്ട് ലഭിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിച്ചത്. ജോയിന്റ് സെക്രട്ടറിയായി ബാബുരാജിനെ തെരഞ്ഞെടുത്തു. 198 വോട്ടാണ് ലഭിച്ചത്. അനൂപ് ചന്ദ്രനാണ് എതിരെ മത്സരിച്ചത്. പ്രസിഡന്റായി മോഹൻലാലിനെയും ട്രഷററായി ഉണ്ണി മുകുന്ദനെയും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.
ALSO READ: 13 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു, ഇത് ആഘോഷിക്കാനുള്ള സമയമാണ്; സഞ്ജു സാംസൺ
രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ജഗദീഷ് 245 വോട്ടും ജയൻ ചേർത്തലയ്‌ക്ക് 215 വോട്ടും നേടി തെരഞ്ഞടുക്കപ്പെട്ടു. മഞ്ജുപിള്ളയാണ് ഒപ്പം മത്സരിച്ചത്. 506 അംഗങ്ങളാണ് അമ്മയിലുള്ളത്. 336 പേർ വോട്ട് രേഖപ്പെടുത്തി.
ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ 2018ലാണ് മോഹൻലാൽ ആദ്യം എതിരില്ലാതെ പ്രസിഡന്റായത്. തുടർന്ന് രണ്ട് ടേമിലും എതിരില്ലാതെ വിജയമാവർത്തിച്ചു. മുൻ ഭരണസമിതിയിലെ ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായിരുന്ന ശ്വേത മേനോൻ, മണിയൻപിള്ള രാജു, ട്രഷറർ ജയസൂര്യ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുധീർ കരമന, ലെന, രചന നാരായണൻകുട്ടി, ലാൽ, വിജയ്‌ബാബു എന്നിവർ മത്സരിച്ചില്ല.
വാർഷിക പൊതുയോഗത്തിൽ നടൻ ഇന്ദ്രൻസ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ തുടങ്ങിയവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. മമ്മൂട്ടി യുകെയിലായതിനാൽ യോഗത്തിന് എത്തിയിട്ടില്ല.
എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ
അനന്യ–-271, കലാഭവൻ ഷാജോൺ–-294, സരയു, സുരാജ് വെഞ്ഞാറമൂട്–-289, സുരേഷ് കൃഷ്‌ണ–-275, ടിനി ടോം–-274, ടൊവിനോ തോമസ്–-267, അൻസിബ ഹസൻ, ജോയ് മാത്യു–-279, വിനു മോഹൻ–-271 എന്നിവരാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ. സരയു, അൻസിബ ഹസൻ എന്നിവരുടെ വേട്ടുകളുടെ എണ്ണം പ്രഖ്യാപിച്ചില്ല. പതിനൊന്നംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 12 പേരാണ് മത്സരിച്ചത്. രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവർ പരാജയപ്പെട്ടു.
ALSO READ: സിപിഐഎം കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ യോഗങ്ങള്‍ സമാപിച്ചു
അമ്മയുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികൾ നാല് പേർ സ്‌ത്രീകളായിരിക്കണം. എന്നാൽ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുക്കു പരമേശ്വരനും വൈസ് പ്രസിഡന്റായി മത്സരിച്ച മഞ്‌ജുപിള്ളയും പരാജയപ്പെട്ടു. മഞ്‌ജുപിള്ളയ്‌ക്ക് 137 വോട്ടും കുക്കുപരമേശ്വരന് 123 വോട്ടുമാണ് ലഭിച്ചത്. എക്‌സിക്യുട്ടീവിലേയ്‌ക്ക് മത്സരിച്ചത് മൂന്ന് സ്‌ത്രീകൾ മാത്രമാണ്. ഒരു സ്‌ത്രീയെ കൂടി പുതുതായി പുതിയ എക്‌സിക്യുട്ടീവ് കമ്മിറ്റി തെരഞ്ഞെടുക്കാൻ യോഗം തീരുമാനിച്ചു. ഇതിലേയ്‌ക്ക് കുക്കു പരമേശ്വരനും മഞ്‌ജുപിള്ളയ്‌ക്കും വേണ്ടി യോഗത്തിൽ തർക്കമുയർന്നു. ഒടുവിൽ പുതിയ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേർന്ന ശേഷം ഇവരിൽ ഒരാളെ തെരഞ്ഞെടുക്കാൻ തീരുമാനമായി. ഷീലു എബ്രഹാമിന്റെ പേരും ജനറൽ ബോഡിയിൽ ഉയർന്നു വന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here