ഡാഡി ഏതോ ഷൂട്ടിന് പോയിരിക്കുകയാണെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്, വീട്ടിലിപ്പോഴും സാന്നിധ്യമുണ്ട്; സൈനുദ്ധീന്റെ ഓർമ്മകളിൽ മകൻ

മലയാള സിനിമാ പ്രേക്ഷകർ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത നടനാണ് സൈനുദ്ധീൻ. ഒരു കാലഘട്ടത്തിലെ ഒട്ടുമിക്ക എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അകാലത്തിൽ വിട്ടു പിരിഞ്ഞെങ്കിലും എവർഗ്രീൻ ഹിറ്റായ ധാരാളം സിനിമകളിലൂടെ സൈനുദ്ധീൻ ഇപ്പോഴും ജീവിക്കുന്നുണ്ട്. ഡാഡി ഏതോ ഷൂട്ടിന് പോയിരിക്കുകയാണെന്നാണ് സൈനുദ്ധീനെ കുറിച്ച് മകൻ സിനിൽ പറയുന്നത്. അങ്ങനെ വിശ്വസിക്കാനാണ് തങ്ങൾക്ക് ഇഷ്ടമെന്നും, അത്തരം ചിന്തകൾ കൊണ്ട് ഒരു പ്രത്യേക ഊര്‍ജം കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ALSO READ: ഇടുക്കി ശാന്തൻപാറയിലെ മണ്ണിടിച്ചിൽ; ഒരാൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു

സൈനുദ്ധീനെ കുറിച്ച് മകൻ സിനിൽ സൈനുദ്ധീൻ പറയുന്നു

ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ഓരോ സന്ദര്‍ഭങ്ങളിലും ഡാഡിയെ മിസ് ചെയ്യുന്നുണ്ട്. പക്ഷേ നമ്മള്‍ വിചാരിക്കുന്നത് ഡാഡി ഏതോ ഷൂട്ടിങ്ങിന് പോയിരിക്കുകയാണെന്നാണ്. അങ്ങനെ ചിന്തിക്കുമ്പോ ഒരു പ്രത്യേക ഊര്‍ജം കിട്ടും. വീട്ടിലിപ്പോഴും ഡാഡിയുടെ സാന്നിധ്യമുള്ളതുപോലെയും തോന്നും.
വീട്ടിലും ഡാഡി തമാശയും കാര്യങ്ങളുമൊക്കെയുണ്ടായിരുന്നു. പക്ഷേ അതിനൊപ്പം ഉത്തരവാദിത്തമുള്ള വീട്ടുകാരന്‍ കൂടിയായിരുന്നു. ഷൂട്ടിങ് കഴിയുമ്പോഴേക്കും വീട്ടിലേക്ക് ഓടിയെത്തും. വന്നുകഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ ആഘോഷമാണ്. ഞങ്ങളെ പഠിപ്പിക്കും. ചില മാതൃകാ ചോദ്യപേപ്പറുകളൊക്കെ തന്ന്, ഇത് പഠിക്കാന്‍ പറയും. ഇടയ്ക്ക് ഞങ്ങളെ വിളിക്കും, വന്നേ, ചോദിക്കട്ടെ. ഇത്രയും കാലം എന്താണ് പഠിച്ചതെന്ന് നോക്കട്ടെ. ഇടയ്ക്ക് പറയും, കുറേനേരമായല്ലോ പഠിച്ചോണ്ടിരിക്കുന്നു. ഇനി പുറത്തുപോയി കളിക്ക്. അല്ലെങ്കില്‍ കുറച്ചുനേരം സൈക്കിളോടിക്ക് എന്നൊക്കെ.

എല്ലാ വീക്കെന്‍ഡിലും ഞങ്ങളെയും മമ്മിയെയും കൂട്ടി പുറത്തുപോവും. പോവുന്ന വഴിക്ക് കലൂര്‍ സിഗ്നലില്‍ വണ്ടി നിര്‍ത്തുമ്പോള്‍, തൊട്ടടുത്ത വണ്ടികളില്‍നിന്ന് ആളുകള്‍ സൈനുക്ക എന്നും വിളിച്ച് ടാറ്റാ കാണിക്കും. അതുകാണുമ്പോള്‍ ഞാനും തിരിച്ച് ടാറ്റാ പറയും. തിയേറ്ററില്‍ പോവുമ്പോള്‍ ആളുകള്‍ക്ക് ഡാഡിയോടുള്ള സ്‌നേഹം നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.ഞാന്‍ മൂന്നാം ക്ലാസിലോ മറ്റോ പഠിക്കുമ്പോഴാണ്. എന്നോട് ചോദിച്ചു, എടാ, നിനക്ക് സില്‍ക്ക് സ്മിതേനെ കാണണോ? വേണമെന്ന് പറഞ്ഞപ്പോള്‍ കൂട്ടിക്കൊണ്ടുപോയി. തുമ്പോളി കടപ്പുറത്തായിരുന്നു ഷൂട്ടിങ്. ഏത് സിനിമയാണെന്നൊന്നും ഓര്‍മയില്ല. പിന്നെ ആയിരം നാവുള്ള അനന്തന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി മമ്മൂട്ടിയെ കാണിച്ചുതന്നു. അത് ചെന്നൈയിലായിരുന്നു. അന്ന് കിഷ്‌കിന്ധ വാട്ടര്‍തീം പാര്‍ക്കില്‍ പോയി. അവിടെയുള്ള റൈഡുകളിലൊക്കെ ഞങ്ങള്‍ക്കൊപ്പം ഡാഡിയും കയറി.

ALSO READ: മലയാളി നഴ്‌സിനെ യുഎസിൽ കാർ കയറ്റിക്കൊന്ന കേസ്: ഭർത്താവിന് ജീവപര്യന്തം

പിന്നെ സയാമീസ് ഇരട്ടകളുടെ ലൊക്കേഷനിലും പോയിട്ടുണ്ട്. ‘എന്റെ വയര്‍ മേക്കപ്പ് ചെയ്യുന്നത് കാണിച്ചുതരാം’ എന്ന് പറഞ്ഞാണ് ഞങ്ങളെ കൂട്ടിപ്പോയത്. സയാമീസ് ഇരട്ടകളുടെ കഥയാണല്ലോ. വയര്‍ ഒട്ടിയിരിക്കണം. എന്തോ പശ വെച്ചിട്ടാണ് ഒട്ടിക്കുന്നത്. രണ്ടുമണിക്കൂറൊക്കെ ഒരേ നില്‍പ്പ് നിന്നിട്ടാണ് ആ മേക്കപ്പ് ചെയ്തത്. ഡാഡിയുടെ കഴിവ് കിട്ടിയതാകാം, ചെറുപ്പം മുതലേ ഞാന്‍ മിമിക്രി ചെയ്യുമായിരുന്നു. പത്താം ക്ലാസ് വരെ എല്ലാ പരിപാടിക്കും ഒന്നാം സമ്മാനവും കിട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ പ്രോത്സാഹിപ്പിക്കും, എല്ലാ മത്സരങ്ങള്‍ക്കും പങ്കെടുക്കണം. പലപ്പോഴും ഡാഡിയുടെ കൈയില്‍നിന്ന് സമ്മാനം വാങ്ങാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ഇടയ്ക്ക് വിളിച്ചിരുത്തി പറയും, എടാ, പഠിച്ച് മിനിമം ഒരു ഡിഗ്രിയെങ്കിലും എടുക്കണം. അതില്ലാതെ എവിടെ പോയാലും ഒരു വിലയുമുണ്ടാകില്ല.

ചിലപ്പോഴെനിക്ക് സ്‌കൂളില്‍ പോവാന്‍ മടിയാവും. പദ്യമോ മറ്റോ പഠിക്കാന്‍ ടീച്ചര്‍ പറഞ്ഞിട്ടുണ്ടാവും. അത് പഠിക്കാത്ത ദിവസങ്ങളിലാണ് ഈ പേടി. അപ്പോള്‍ ഞാന്‍ നമ്പറിടും, എനിക്ക് തലവേദനയാണെന്ന്. വീട്ടിലാര്‍ക്കും ഒരിക്കലും വരാത്ത അസുഖമാണ് തലവേദന. അതുകൊണ്ട് എന്റെ കള്ളത്തരം ഡാഡിക്കും മമ്മിക്കും പെട്ടെന്ന് മനസ്സിലാവും. കാര്യം ചോദിക്കുമ്പോള്‍ ഞാന്‍ സത്യം പറയും. ഡാഡി ചോദിക്കും, പഠിച്ചില്ലെങ്കില്‍ അടികിട്ടുമോ? എന്നാലിന്ന് നീ സ്‌കൂളില്‍ പോവണ്ട ടാ, നാളെ പോവാം. ആ സ്‌നേഹവും കരുതലുമൊക്കെയാണ് ഓരോ സമയത്തും മിസ് ചെയ്യുന്നത്”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News