അഭിനേത്രി ജിയാ ഖാന്റെ ആത്മഹത്യാ കേസില്‍ ബോളിവുഡ് താരം സൂരജ് പഞ്ചോളിയെ മുംബൈയിലെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് പ്രതി കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് പ്രതിയെ വെറുതെ വിടുന്നതെന്ന് കോടതി വ്യക്തമാക്കി. എപ്രില്‍ 20-ന് വാദം പൂര്‍ത്തിയായ കേസിലാണ് നടനെ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. 2013 ജൂണ്‍ 3-നാണ് ജൂഹുവിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ജിയാ ഖാനെ കണ്ടെത്തിയത്.
നേരത്തെ ജിയ ആത്മഹത്യ ചെയ്തതാണെന്ന് മുംബൈ പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. എന്നാല്‍ ജിയയെ കാമുകന്‍ സൂരജ് പഞ്ചോളി കൊലപ്പെടുത്തിയതാണെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജിയയുടെ അമ്മ റാബിയ ഖാന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
അമേരിക്കന്‍ പൗരത്വമുള്ള ജിയാ ഖാനെ 2013 ജൂണ്‍ മൂന്നിനാണ് ജുഹുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. ജിയാ ഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി സൂരജിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ജാമ്യം നേടിയ സൂരജ് സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here